സി.എച്ച് മേല്‍പാലത്തിനടിയില്‍ മാലിന്യം ചീഞ്ഞുനാറുന്നു
കോഴിക്കോട്: നഗരത്തിലെ സി.എച്ച് മേല്‍പാലത്തിനടിയില്‍ മാലിന്യം കുന്നുകൂടുന്നു. വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപേര്‍ നിത്യവും യാത്ര ചെയ്യുന്ന റോഡിന്റെ അരികിലാണു മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നത്. പാലത്തിന്റെ രണ്ടുവശത്തും മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്.
പ്ലാസ്റ്റിക് കവറിലും ചാക്കിലും കെട്ടിയാണു രാത്രിയുടെ മറവില്‍ ഇവ തള്ളുന്നത്. പൊട്ടിയ കുപ്പികള്‍, ബാത്ത്‌റൂം ഫിറ്റിങ്ങുകള്‍, ടൈലുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിലുണ്ട്. വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങളും കവറിലാക്കി നിക്ഷേപിച്ചിരിക്കുകയാണ്.
മഴപെയ്തു മാലിന്യം ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നു സമീപത്തെ വ്യാപാരികള്‍ പറയുന്നു.
മഴക്കാലമെത്തിയതോടെ പകര്‍ച്ചവ്യാധികളുടെ പിടിയിലമര്‍ന്ന നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായാണു നഗരസഭാ അധികൃതരും ആരോഗ്യവകുപ്പും അവകാശപ്പെടുന്നത്. ഇതിന് അപവാദമാകുകയാണു മേല്‍പാലത്തിനടിയിലെ മാലിന്യം. മാലിന്യം ഉടന്‍ നീക്കം ചെയ്യാന്‍ നടപടി വേണമെന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."