അനുഭൂതികളുടെ വെള്ളിയാഴ്ചകള്‍
ആഴ്ചകളിലെ മറ്റു ദിവസങ്ങളെപ്പോലെ ആയിരുന്നില്ല ചെറുപ്പക്കാലത്തെ വെള്ളിയാഴ്ചകള്‍. ഗ്രാമീണ മുസ്‌ലിം ജീവിതത്തില്‍ ദിനരാത്രങ്ങളിലോരോന്നിനും അതതിന്റെ മതകീയ തന്മകള്‍ കല്‍പിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച തൊട്ട് വെള്ളിയാഴ്ച വരെ എന്ന ക്രമത്തില്‍ ദിവസങ്ങളെ എണ്ണുന്ന ശീലം മതകീയ സ്വഭാവമുള്ളതാണ്. തിങ്കളില്‍ തുടങ്ങി ഞായറില്‍ അവസാനിക്കുന്ന ഇന്നത്തെ ക്രമമായിരുന്നില്ല അന്ന്. തിങ്കളാഴ്ചകള്‍ സ്‌കൂള്‍ ദിനങ്ങളും ചൊവ്വാഴ്ചകള്‍ അശുഭങ്ങളും ബുധനുകള്‍ ശുഭങ്ങളും വ്യാഴങ്ങള്‍ പ്രാര്‍ഥനകളുടേതും ശനികള്‍ ചൊവ്വകളെപ്പോലെയും ഞായറുകള്‍ അലസതയുടേതും എന്നിങ്ങനെ കരുതിവന്ന കാലത്താണ് വെള്ളികള്‍ അലൗകിക പ്രഭാവത്തോടെ വെട്ടിത്തിളങ്ങാന്‍ തുടങ്ങിയത്.
വ്യാഴാഴ്ചരാവുകളില്‍ പള്ളികളില്‍ പതിവായിരുന്ന ഇശാ-മഗ്‌രിബിനിടയിലെ(രാത്രിയിലെ രണ്ട് നിസ്‌കാരങ്ങള്‍) ദിക്‌റുകളും സ്വലാത്തുകളും അതിനായി തിങ്ങിക്കൂടുന്ന പുരുഷാരവും ഇശ കഴിഞ്ഞു പിരിയുമ്പോള്‍ കൈവന്നിരുന്ന ചീരണിപ്പൊതിയുമാണ് വെള്ളിയുടെ ആദ്യ ഓര്‍മത്തിളക്കം. ബുദ്ധിയും ചിന്തയും ഉറക്കും മുന്‍പെ മനസില്‍ പതിഞ്ഞുകഴിഞ്ഞ ഒരു അറിവാണ് വ്യാഴം പുണ്യത്തിന്റെ രാവാണെന്നത്. അതുകൊണ്ടു തന്നെ വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വര്‍ഗത്തിന്റെ മണം വരുന്നുണ്ടോയെന്ന് ശ്വാസം ആഞ്ഞുവലിച്ചു നോക്കുന്ന ഒരു ബാല്യകാല സ്വഭാവമുണ്ടായിരുന്നു. സ്വര്‍ഗത്തിന്റെ മണത്തിനുവേണ്ടി ശ്വാസം മുറുക്കിവലിച്ചു കിടന്ന് അതു കിട്ടാതാകുമ്പോള്‍ വലതുകൈ മണത്തു നോക്കി ചോറിനു കൂട്ടിയ കറിയുടെ മണത്തില്‍ തല്‍ക്കാലം ആശ്വസിക്കാറായിരുന്നു പതിവ്. നാളെ വെള്ളിയാഴ്ചയാണ് എന്ന ഒരുണര്‍ച്ച വ്യാഴാഴ്ച രാത്രികളെ സദാ പിന്തുടര്‍ന്നു. പാതിരാത്രി ഒരുറക്കം കഴിഞ്ഞു മൂത്രമൊഴിക്കാനിരിക്കുമ്പോള്‍ പോലും നാളെ വെള്ളിയാഴ്ചയാണ് എന്നു ചിന്തിക്കും. മറ്റു ദിവസങ്ങളില്‍നിന്നു വ്യത്യസ്തമായി വെള്ളിയാഴ്ചകളില്‍ നേരത്തെ ഉറക്കമുണര്‍ന്ന് പല്ലു തേച്ച് സുബഹി നിസ്‌കരിച്ച് പകലിനെ കാത്തിരിക്കാറുണ്ടായിരുന്നു.
അങ്ങാടിയിലും വെള്ളിയാഴ്ചകള്‍ തിളങ്ങി. വെള്ളിയാഴ്ച രാവിലെ അങ്ങാടിയിലെ അത്താണിക്കടുത്ത് ആഴ്ചക്കാരന്‍ ഉണക്കമീന്‍ കച്ചവടത്തിന് എത്തും. പലതരം ഉണക്കമീനുകള്‍ ഓല മെടഞ്ഞുണ്ടാക്കുന്ന വല്ലച്ചാക്കുകളില്‍ നിറച്ചുവച്ചിരിക്കും. ഓരോ വീടുകളിലെയും ഉപ്പമാരും കാരണവന്മാരും വന്ന് ആവശ്യമായ ഇനങ്ങള്‍ വാങ്ങിക്കൊണ്ടു പോകും. മീന്‍കാരനു ചുറ്റും ഒരു വലിയ ആള്‍ക്കൂട്ടം എപ്പോഴും കാണും. കുട്ടികള്‍ കണ്ണിറുക്കിയും തൊട്ടുകളിച്ചും നില്‍ക്കും. അവിടം വിട്ടാല്‍ പിന്നെ ഇറച്ചി വെട്ടുന്നിടത്തേക്കാണ്. അവിടെയും കാണും കുട്ടികളും മുതിര്‍ന്നവരുമായി ഒരു സംഘം. പിന്നെ പലചരക്കു പീടികയിലേക്ക്. ചുരുക്കത്തില്‍ വീട്ടിലേക്കുള്ള ഒരുവിധ സാധനങ്ങളും ശേഖരിക്കുന്നത് വെള്ളിയാഴ്ചകളിലായിരുന്നു. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിയാണ്. കുളിച്ച് ഏറ്റവും നല്ല വസ്ത്രം അണിഞ്ഞാണ് പള്ളിയിലേക്കുള്ള പുറപ്പാട്. തുണിപ്പെട്ടിക്കുള്ളില്‍ ഒരു മൂലക്കല്‍ ഒതുക്കിവയ്ക്കുന്ന അത്തര്‍കുപ്പി അന്നു തുറക്കും. അത്തര്‍ നനച്ച പഞ്ഞിത്തുണ്ട് കുപ്പായത്തില്‍ ഒന്നുരണ്ടു മുട്ടിക്കല്‍ മുട്ടിക്കും.
വഴിയിലേക്കിറങ്ങിയാല്‍ ഒറ്റയായും കൂട്ടമായും ജുമുഅക്കു പോകുന്നവരെ കാണാം. ഇടവഴി താണ്ടി നാട്ടുവഴി മുറിച്ചുകടന്നാല്‍ ജുമുഅത്തു പള്ളിയായി. മൂത്രപ്പുരയിലും ഹൗളിന്‍കരയിലും ഊഴം കാത്തുനില്‍ക്കണം. അവിടെയൊക്കെ ചിലപ്പോള്‍ വലിയ കൂട്ടങ്ങള്‍ ഉണ്ടാകും. വുളുവെടുത്തു കയറിച്ചെന്നാല്‍ ഇടംപിടിക്കാനുള്ള മത്സരമാണ്. കുട്ടികളും യുവാക്കളും സാധാരണ രണ്ടു ചെരുവുകളിലാണ് ഇരിക്കുക. മുതിര്‍ന്നവര്‍ അകംപള്ളിയില്‍ ഖതീബിനെ കാണാന്‍ പാകം നോക്കി ഇടംപിടിക്കാന്‍ ശ്രമിക്കും. ചെരുവില്‍ ഇരിക്കുന്നവര്‍ ഉറക്കംതൂങ്ങിയും അടക്കിപ്പിടിച്ചു സംസാരിച്ചും തോണ്ടിക്കളിച്ചും ഞെരിപിരി കൊണ്ടും മുക്രിയുടെ 'മആശിറ വിളി' വരെ അക്ഷമരായി കാത്തിരിക്കും. തേക്കിന്‍ തടിയില്‍ തീര്‍ത്ത മരവാളുമായി പള്ളിക്കകത്തു തിങ്ങിനിറഞ്ഞവരെ നോക്കി മുക്കിക്ക ഉറക്കെ വിളിച്ചുപറയും:''മആശിറല്‍ മുസ്‌ലിമീന റഹ്മകുമല്ലാഹ്..''
വെള്ളിയാഴ്ചയെ കുറിച്ചോര്‍ക്കുമ്പോള്‍ നന്നെ ചെറുപ്പം മുതലേ മനസില്‍നിന്ന് പൊങ്ങിവരുന്നതാണ് ''അല്‍ ജുമുഅത്തു ഹജ്ജുല്‍ ഫുഖറാഇ വല്‍ മസാകീന്‍, വഈദുല്‍ മുഅ്മിനീന്‍'('ജുമുഅ ദരിദ്രരുടെ ഹജ്ജും സത്യവിശ്വാസികളുടെ പെരുന്നാളുമാണ്) എന്ന വിളിയാളം. അറബി ഭാഷയും വ്യാകരണവും കഷ്ടപ്പെട്ടു പഠിക്കുന്ന കാലത്തിനു മുന്‍പുതന്നെ ഈ വിളിയാളം അതിന്റെ പച്ച മലയാള അര്‍ഥസഹിതം എങ്ങനെയാണ് മനസില്‍ രൂഢമൂലമായത് എന്നോര്‍ക്കുമ്പോള്‍ ഇന്നും അത്ഭുതമാണ്. എന്നാല്‍, ഹജ്ജും പെരുന്നാളും സംഗമിക്കുന്ന ഒരു ദിനത്തിന്റെ അലൗകികാനുഭൂതികളുടെ നേര്‍ത്ത സ്പര്‍ശങ്ങള്‍ എന്നും വെള്ളിയാഴ്ചകളില്‍ മനസിലുണര്‍ന്നുകൊണ്ടിരുന്നു.
''ജുമുഅത്തല''
അറബി പഠിക്കുന്നതിനു മുന്‍പ് വെള്ളിയാഴ്ചകളിലെ മആശിറ വിളികളില്‍ മുക്രിക്ക പറഞ്ഞിരുന്ന ഒരു വാക്ക് വല്ലാതെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. 'ജുമുഅത്തല' എന്നായിരുന്നു ആ വാക്ക്. ജുമുഅയുടെ തല എന്നാണ് അതിനെ ഞാന്‍ അക്കാലം മനസിലാക്കിയത്. ജുമുഅയുടെ തല എവിടെയാണെന്നു മുതിര്‍ന്നവരോടു ചോദിക്കാന്‍ ആഗ്രഹിച്ചെങ്കിലും ചോദിച്ചില്ല. എന്നാല്‍, പില്‍ക്കാലത്ത് അറബി അല്‍പാല്‍പം പഠിച്ചുതുടങ്ങിയപ്പോള്‍ ''ഫമന്‍ ലഗാ ഫലാ ജുമുഅത്ത ലഹു''(ഖതീബ് മിന്‍ബറില്‍ കയറിയ ശേഷം ആരെങ്കിലും വൃഥാവൃത്തികള്‍ ചെയ്താല്‍ അവന് ജുമുഅയുടെ പുണ്യം ലഭിക്കില്ല) എന്നതിനിടയില്‍ വരുന്ന 'ഫലാ ജുമുഅത്ത ലഹു' ആണ് ഇപ്പറയുന്ന 'ജുമുഅത്തല' എന്നു വകതിരിവുണ്ടായി. ഇന്നും മആശിറ വിളി കേള്‍ക്കുമ്പോള്‍ പഴയ 'ജുമുഅത്തല' ഓര്‍മ വന്നു ചിരിപൊട്ടാറുണ്ട്.
വെള്ളിയാഴ്ച മിമ്പറുകളില്‍നിന്നു കേള്‍ക്കുന്ന ചില ഖുതുബകള്‍ അര്‍ഥമറിയാതെയും കരയിപ്പിച്ചവയായിരുന്നു. നന്നേ ചെറുപ്പത്തില്‍ നാലിലും അഞ്ചിലുമൊക്കെ പഠിക്കുന്ന കാലത്ത് കരച്ചില്‍ കൂടിക്കൂടി വന്നു. അക്കാലമായിരുന്നു അറബി കുറേശ്ശയായി കയറിത്തുടങ്ങിയത്. അറബി ഭാഷയെ അതിന്റെ ഗരിമയില്‍ പ്രാസാനുബന്ധിതമായി ഉപയോഗിക്കുന്ന ഗദ്യകവിതകളാണ് ഇബ്‌നു നുബാതല്‍ മിസ്‌രിയുടെ ഖുതുബകള്‍ എന്നത് ഇന്നും കരുതുന്ന ഒരാളാണു ഞാന്‍.
ഖതീബുമാരുടെ അറബി ഭാഷാ ബന്ധവും അറിവും ഭക്തിയും ഓരോരുത്തരുടെയും ഖുതുബകളെ ഓരോ അനുഭവങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു. ചിലര്‍ യാന്ത്രികമായി വേഗത്തില്‍ വായിച്ചു തീര്‍ത്തു പോകും. മറ്റു ചിലര്‍ അലസമായി നീട്ടിയും കുറുക്കിയും നീങ്ങും. ശരാശരി ഉച്ചാരണശുദ്ധി ശ്രദ്ധിച്ച് തെറ്റുന്ന അക്ഷരങ്ങളും പദങ്ങളും ആവര്‍ത്തിച്ചു ശരിപ്പെടുത്തി, ജാഗ്രതയോടെയാണ് ചിലര്‍ ഖുതുബ നിര്‍വഹിച്ചത്. വളരെ ചുരുക്കം ചിലര്‍ വായിക്കുന്ന ഖുതുബയുടെ കമ്പോടുകമ്പ് ഭാഷയിലും അര്‍ഥത്തിലും പൊരുളിലും അലൗകികതലങ്ങളിലും അഗാധമായി ലയിച്ചുചേര്‍ന്ന് സവിശേഷ അനുഭവം തന്നെയാക്കി മാറ്റിയിരുന്നു ഖുതുബകളെ.
എല്ലാ തവണയും ഖുതുബ നിര്‍വഹിക്കുമ്പോള്‍ ഇരുകവിളിലൂടെയും കണ്ണീര്‍ചാലൊഴുകിയിരുന്ന, വാചകങ്ങള്‍ക്കിടയിലെ നിശബ്ദതകളില്‍ ചൂടുള്ള നിശ്വാസങ്ങള്‍ ഉതിര്‍ത്തിരുന്ന, നരകത്തിന്റെ ചൂടിലെന്ന പോലെ ഓരോ വാക്കുകള്‍ക്കൊത്തും എരിപൊരി കൊള്ളുകയും സ്വര്‍ഗത്തിന്റെ കുളിരേറ്റെന്ന പോലെ ചില വാചകങ്ങള്‍ക്കൊപ്പം അലൗകിക പ്രശാന്തി മുഖത്തു വരുത്തുകയും ചെയ്തിരുന്ന ഒരു ഖതീബിന്റെ മുഖം ഇന്നും മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്.
എന്തായിരുന്നു മഹാനായ ആ ഖതീബിന്റെ അന്നത്തെ ഭാവവൈവിധ്യങ്ങളുടെ പ്രേരണ എന്നറിയാന്‍ നബാതിയ്യ ഖുതുബ വായിച്ചു മനസിലാക്കാവുന്ന അറബി പരിജ്ഞാനം നേടുന്ന കാലം വരെയും കാത്തിരിക്കേണ്ടി വന്നെങ്കിലും ആ കാത്തിരിപ്പിനും ഒരു സുഖമുള്ള പോലെയാണ് ഇന്നു തോന്നല്‍. ആരെയും കരയിപ്പിക്കാനുള്ള നബാതിയ ഖുതുബയുടെ ഭാഷാശേഷിയെ യഥാവിധി പ്രയോജനപ്പെടുത്താന്‍ ഉള്ളില്‍ വിശ്വാസത്തിന്റെ വെളിച്ചവും മനസില്‍ അറബി ഭാഷയുടെ ശക്തിയും ഉള്ളവര്‍ക്കേ കഴിയൂ എന്നതും ഒരു പില്‍ക്കാല തിരിച്ചറിവാണ്. അന്ന് അര്‍ഥമറിയാതെയും കരയിപ്പിച്ച ഖുതുബകള്‍ പില്‍ക്കാലത്ത് കേള്‍ക്കാതെയായി. മിമ്പറുകളില്‍ സ്വര്‍ഗവും നരകവും വാക്കുകള്‍ കൊണ്ടും ശൈലി കൊണ്ടും അനുഭവിപ്പിച്ച ഖതീബുമാര്‍ മണ്‍മറഞ്ഞു പോയി.
ജുമുഅ നിസ്‌കാരം കഴിഞ്ഞാല്‍ ചെരുവുകളിലെ കുട്ടികള്‍ പള്ളിയുടെ മുന്‍വശത്തേക്കു വരും. ഫാതിഹയും സൂറത്തുകളും ഓതി മരിച്ചവര്‍ക്കുവേണ്ടിയുള്ള ദുആക്കു ശേഷം വിതരണം ചെയ്യാനുള്ള ചീരണിപ്പൊതി മുന്‍വശത്തെ ചാരുപടിയില്‍ സഞ്ചിയില്‍ ഇരിപ്പുണ്ടാവും. ഒരു കഷണം കലത്തപ്പം, അല്ലെങ്കില്‍ തേങ്ങയും ശര്‍ക്കരയും അവിലും ചേര്‍ത്തു കുഴച്ചത്..ഇതൊക്കെയാകും ചീരണി. അതിനു വേണ്ടി ഉന്തും തള്ളും നടന്നെന്നിരിക്കും. എങ്കിലും അതൊരു രസമായിരുന്നു. തിരിച്ചെത്തുമ്പോള്‍ ഉണക്കമീന്‍ മുളകരച്ചു ചേര്‍ത്തു പൊരിച്ചതോ പയറുപ്പേരിയോ ഒക്കെയായി ഉച്ചക്കഞ്ഞി റെഡിയായിരിക്കും. അക്കാലത്തെ വെള്ളിയാഴ്ചകള്‍ക്ക് മസാല തേച്ചുപൊരിച്ച ഉണക്കമീനിന്റെയും മണ്‍കലത്തില്‍ വെന്തു പാകമായ ഇറച്ചിക്കറിയുടെയും മണങ്ങള്‍ കൂടിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."