റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെയാണ് കോണ്‍ഗ്രസ് അനുസ്മരിപ്പിക്കുന്നത്
കെ.പി.സി.സി.യ്ക്ക് നാഥന്‍ ഇല്ലാതായിട്ട് രണ്ടാഴ്ച്ച ആകുന്നു. ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും ഭരണ പരാജയത്തിനെതിരേ ജനപക്ഷത്ത് നിന്ന് സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശ്ശബ്ദതയില്‍ ആണ്.
ഇന്ന് കെ.എസ്.യു തിരഞ്ഞെടുപ്പ് നടന്നു. ക്യാമ്പസുകളില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന കെ.എസ്.യുവിനെ പരസ്പരം മത്സരിപ്പിച്ച് പാര്‍ട്ടിയിലും, കെ.എസ്.യുവിലും മെമ്പര്‍ഷിപ്പ് എടുക്കും മുന്‍പേ ഗ്രൂപ്പില്‍ അംഗത്വവും എടുപ്പിച്ച്, നാട് മുഴുവന്‍ ഗ്രൂപ്പ് യോഗങ്ങളും കൂടി, ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിപ്പിച്ച് നേതൃത്വം കണ്ട് രസിക്കുകയാണ്.
ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു.
പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നു. ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണം.
ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം.കെ.എസ്.യു വളര്‍ത്തി വലുതാക്കിയ എ.കെ ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണ്. അങ്ങ് കാണുന്നില്ലേ താങ്കള്‍ വളര്‍ത്തി, രാഷ്ട്രീയ വല്‍കരിച്ച യൂത്ത് കോണ്‍ഗ്രസിനേയും, കെ.എസ്.യുവിനേയും നേതൃത്വവും, അനുഭവ പരിചയമില്ലാത്ത, രാഷ്ട്രീയ ബോധമില്ലാത്ത കോര്‍പ്പറേറ്റ് ശൈലിക്കാരും ചേര്‍ന്ന് പരീക്ഷണശാലയിലെ പരീക്ഷണ വസ്തുവാക്കി.
കെ.എസ്.യുവിനെ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കൂടി ഒരു സഹകരണ സംഘം ആക്കി മാറ്റിയിരിക്കുന്നു. എന്‍.എസ്.യു നേതൃത്വം അവകാശപ്പെടുന്ന കേരളത്തിലെ മെമ്പര്‍ഷിപ്പുകളുടെ എണ്ണത്തില്‍ എണ്‍പത് ശതമാനവും അധികാരം പിടിക്കാന്‍ ഉണ്ടാക്കിയ വ്യാജ മെമ്പര്‍ഷിപ്പുകള്‍ മാത്രമാണ്. ആവര്‍ത്തിച്ച് പറയട്ടെ പുതിയ നേതൃത്വം വരുന്നതില്‍ ഒരു എതിര്‍പ്പും ഇല്ല, പുതു രക്തം കടന്ന് വന്നേ മതിയാകൂ.
പക്ഷേ വര്‍ഗീയ, ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പകരം ഒരേ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ തമ്മില്‍ അടിപ്പിക്കുന്ന ഈ തുഗ്ലക്ക് തിരഞ്ഞെടുപ്പ് പരിഷ്‌കാരം അവസാനിപ്പിച്ചില്ലായെങ്കില്‍ കനത്ത വില കൊടുക്കേണ്ടി വരും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാന്‍ ഞങ്ങള്‍ മരിക്കാനും തയ്യാറാണ്. പക്ഷേ ഇനിയും ഈ സ്ഥിരം സെറ്റില്‍മെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ കാല് വാരല്‍, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കല്‍ എന്നിങ്ങനെയുള്ള സ്ഥിരം നിര്‍ഗുണങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പ്രതീക്ഷ കൈവിടാതെ ഒരു പുതിയ സൂര്യോദയത്തിനായി നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."