കേരളം ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനം: മുഖ്യമന്ത്രി
കോഴിക്കോട്: കേരളം ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ തങ്ങളുടെ ആശങ്കയും ആവശ്യങ്ങളും ഉന്നയിച്ച് വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സംഘടനകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സര്‍ക്കാരിന് എല്ലാവരുടേയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ സംഘടനകള്‍ തൃപ്തരായിരുന്നുവെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍ യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പുതുതായി പള്ളികള്‍ നിര്‍മിക്കുന്നതിന് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വേണമെന്ന ഉത്തരവ് പലയിടങ്ങളിലും നിര്‍മാണത്തിന് തടസമാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. മറ്റു കെട്ടിടങ്ങളുടെ മാനദണ്ഡം പള്ളികള്‍ക്കും ബാധകമാക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. ആരാധനാലയങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സി ക്ക് വിട്ടതില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കെ.എ.എസില്‍ നേരിട്ടുള്ള നിയമനത്തിന് സംവരണമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിഭാഗത്തില്‍ സംവരണം അനുവദിക്കാന്‍ നിയമ തടസമുണ്ട്. ക്രീമിലെയര്‍ പരിധി 8 ലക്ഷമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സംവരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.
വഖ്ഫ് ബോര്‍ഡിന് കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേന്ദ്ര ഗവണ്‍മെന്റ് കര്‍ശനമായി നടപ്പാക്കുകയാണ്. ഇത് സംസ്ഥാനത്ത് വലിയ പ്രയാസമുണ്ടാക്കുന്നതായി പരാതികളുണ്ട്. ഇവിടുത്തെ സ്ഥാപനങ്ങളെ നിയമപരമായി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും.
സമൂഹ മാധ്യമ ഹര്‍ത്താലിനെ തുടര്‍ന്ന് അറസ്റ്റിലായവരില്‍ നിരപരാധികളും ഉള്‍പ്പെടുന്നുവെന്ന് സംഘടനകള്‍ പറഞ്ഞു. പൊലിസില്‍ ചിലര്‍ ന്യൂനപക്ഷ വിരുദ്ധരായിമാറിയെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. നിരപരാധികള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി. അഡ്വ പി.ടി.എ റഹീം എം.എല്‍.എ, വഖ്ഫ്‌ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ന്യൂനപക്ഷ ക്ഷേമവകുപ്പ് അഡീഷനല്‍ സെക്രട്ടറി പി.കെ ദിലീപ്കുമാര്‍, ഡയറക്ടര്‍ ഡോ.എ.ബി മൊയ്തീന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ് , സമസ്തയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ജോയിന്റ് സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവരും ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍ (കെ.എന്‍.എം), എം. അബ്ദുല്‍ അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ.അബ്ദുറഹ്മാന്‍ (ജമാഅത്തെ ഇസ്‌ലാമി), സയ്യിദ് അലി ബാഫഖി തങ്ങള്‍, എന്‍.എലി അബ്ദുല്ല, എസ്. ശറഫുദ്ദീന്‍ (എ.പി വിഭാഗം), സി.പി കുഞ്ഞുമുഹമ്മദ് (എം.എസ്.എസ്), പ്രൊഫ. മുഹമ്മദ് കടവനാട് (എം.ഇ.എസ്), കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം), സുഹ്‌റ മമ്പാട് (എം.ജി.എം),റഹ്മത്തുന്നിസ (ജി.ഐ.ഒ) സംബന്ധിച്ചു.
കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."