റിയാസ് മൗലവിയുടെ കൊല നിഷ്ഠുരം; അടിയന്തര നടപടി വേണമെന്ന് സമസ്ത പ്രസിഡന്റ്
കാഞ്ഞങ്ങാട്: കാസര്‍കോട് ചൂരി മസ്ജിദിലെ മുഅദിന്‍ റിയാസ് മൗലവിയെ പള്ളിയോടനുബന്ധിച്ചുള്ള താമസ സ്ഥലത്ത് അതിക്രമിച്ചു കയറി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം അത്യന്തം നിന്ദ്യവും, നികൃഷ്ടവും, നിഷ്ഠുരവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.
നാടിന്റെ സാമാധാനം കെടുത്താനുള്ള നിഗൂഢമായ നീക്കമാണ് സംഭവത്തിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹത്തിന് ആകെ അപമാനവും അപമതിപ്പുമുണ്ടാക്കുന്ന ബീഭല്‍സമായ ഈ അരുംകൊലയില്‍ തങ്ങള്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി.
Read More... കാസര്‍കോട് മദ്‌റസ അധ്യാപകനെ വെട്ടിക്കൊന്നു
ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയവര്‍ ലക്ഷ്യം വെക്കുന്നത് സംഘര്‍ഷങ്ങളും കലാപങ്ങളുമാണ്. അത്തരക്കാരുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കേണ്ടത് ശാന്തിക്കും സമാധാനത്തിനും സൗഹൃദത്തിനും പ്രാമുഖ്യം നല്‍കുന്ന എല്ലാ മതവിശ്വാസികളുടെ ബാധ്യതയാണ്. ഇത്തരം സന്ദർഭങ്ങളില്‍ വിശ്വാസികള്‍ സമാധാനം പാലിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ഒരു ദശാബ്ദത്തില്‍ അധികമായി കാസര്‍കോട്ടും പരിസരങ്ങളിലും നടക്കുന്ന സാമുദായിക നിറമുള്ള കൊലപാതകങ്ങളില്‍ പ്രതികളാക്കപ്പെട്ടവര്‍ രക്ഷപ്പെട്ട ചരിത്രമാണ് നാം കണ്ടു വരുന്നത്.
അന്വേഷണ സംവിധാനത്തിന്റെ പാളിച്ചയും കുറ്റവാളികള്‍ക്ക് ലഭിക്കുന്ന വന്‍ സാമ്പത്തിക പിന്തുണയുമാണ് ഇതിന് കാരണമായി തീരുന്നത്. വന്‍ ശക്തികളുടെ നിഗൂഢമായ ആസൂത്രണം ഇത്തരം സംഭവങ്ങള്‍ക്കുണ്ടെന്നതിന്റെ സൂചനയായിട്ട് വേണം ഇതിനെ കാണാന്‍. ഈ സാഹചര്യത്തില്‍ ജില്ലയ്ക്ക് പുറത്തുള്ളവരും പ്രമാദമായ കൊലക്കേസുകള്‍ തെളിയിക്കുന്നതിലും ശിക്ഷിപ്പിക്കുന്നതിലും പ്രാവിണ്യം തെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷണം നടത്താനും, പ്രതികളെയും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളേയും കണ്ടെത്തി നീതിപീഠത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ഭരണകൂടം അടിയന്തരമായി മുന്നോട്ട് വരണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."