ആര്യനെയും അമൃതയെയും തിരികെയെത്തിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടം
കുഞ്ഞുപെങ്ങളെ ഊണിലും ഉറക്കത്തിലും കൈവിടാതെ സംരക്ഷിച്ച ആര്യനെന്ന ആറു വയസുകാരന്‍ മാധ്യമ പ്രവര്‍ത്തരുള്‍പ്പെടെയുള്ളവരുടെ കണ്ണ് നനയിച്ചു
ഇരിട്ടി: അച്ഛന്റെയും അമ്മയുടെയും ഘാതകര്‍ ബംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു മുംബൈയിലേക്ക് കയറ്റിവിട്ട ആര്യനെയും അമൃതയെയും തിരികെ കൊണ്ടുവന്നതിന്റെ മുഴുവന്‍ അംഗീകാരവും പ്രൊബേഷന്‍ എസ്.ഐ എസ് അന്‍ഷാദിന്. മേലുദ്യോഗസ്ഥരുടേയും സഹ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് എസ്.ഐ അന്‍ഷാദ് സുപ്രഭാതത്തോട് പറഞ്ഞു. ഡിസംബറിലാണ് ഇരിട്ടിയില്‍ പ്രൊബേഷന്‍ എസ്.ഐ ആയി ചാര്‍ജെടുക്കുന്നത്. ജനുവരിയിലാണ് ഈ കേസ് ഏറ്റെടുക്കുന്നത്. ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലും സി.ഐ സുനില്‍ കുമാറും കൃത്യമായി ലീഡ് ചെയ്തതിനാലാണ് രണ്ട് കൊലപാതങ്ങള്‍ തെളിയിക്കാനും കുട്ടികളെ കണ്ടെത്താനും സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോ ഷെയര്‍ ചെയ്യുകയും പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളുടെ സഹായം തേടുകയും ചെയ്തു. കേരളത്തിലെയും ബംഗളൂരു ഉള്‍പ്പെടെയുള്ള ബസ് സ്റ്റാന്റ്, പ്രധാന മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കുട്ടികളുടെ ഫോട്ടോ പതിക്കുകയും കര്‍ണാടയിലെ പത്രങ്ങളില്‍ വാര്‍ത്ത കൊടുക്കുകയും ചെയ്തു.
മാര്‍ക്കറ്റുകളില്‍ ഉപജീവനത്തിനായി എടുക്കുന്ന ഫോട്ടോ പോലും കേസ് തെളിയിക്കുന്നതിനുള്ള തുമ്പായി ഉപകാരപ്പെട്ടു. ഇതിലൂടെ രണ്ട് കൊലപാതക കേസുകളും കുട്ടികളെ കയറ്റി അയക്കുന്ന കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള മൂന്ന് കേസുകളാണ് കൃത്യമായി തെളിയിക്കാന്‍ സാധിച്ചത്.
മുംബൈയില്‍ ലുക്ക് ഔട്ട് നോട്ടിസ് പതിക്കാന്‍ തീരുമാനിച്ചപ്പോഴാണ് കാലടി സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ ബിനു മറ്റൊരു കേസന്വേഷണത്തിന് മുംബൈയില്‍ പോയപ്പോള്‍ കുട്ടികളെ കണ്ടെത്തിയ വിവരം ഇരിട്ടി പൊലിസില്‍ അറിയിക്കുന്നത്.
ആറും നാലും വയസു മാത്രം പ്രായമുള്ള കുട്ടികള്‍ പിരിഞ്ഞുപോയിരുന്നുവെങ്കില്‍ ഒരിക്കലും കണ്ടെത്താന്‍ കഴിയില്ലായിരുന്നുവെന്ന് എസ്.ഐ അന്‍ഷാദ് പറയുന്നു. കുഞ്ഞുപെങ്ങളെ ഊണിലും ഉറക്കത്തിലും കൈവിടാതെ സംരക്ഷിച്ച ആര്യനെന്ന ആറു വയസുകാരന്‍ മാധ്യമ പ്രവര്‍ത്തരുള്‍പ്പെടെയുള്ളവരുടെ കണ്ണ് നനയിച്ചു. മുംബൈയില്‍ അന്വേഷണ സംഘത്തില്‍ എസ്.ഐ അന്‍ഷാദിനെ കൂടാതെ എ.എസ്.ഐ ശശീന്ദ്രന്‍, കോണ്‍സ്റ്റബിള്‍ സതീശനുമാണ് ഉണ്ടായിരുന്നത്. കേസില്‍ സഹായിക്കാന്‍ എ.എസ്.ഐമാരായ സെബാസ്റ്റിയന്‍, ശശീന്ദ്രന്‍, രാധാകൃഷ്ണന്‍, കോണ്‍സ്റ്റ ബിള്‍മാരായ സതീശന്‍, ഷംസുദ്ദീന്‍ എന്നിവരുമുണ്ടായിരുന്നു. നാലു മാസത്തെ പ്രൊബേഷന്‍ കാലയളവില്‍ ഇത്തരത്തിലൊരു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും തീരാ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."