അട്ടിമറി സ്വപ്നവുമായി ജപ്പാനും
ഏഷ്യയിലെ ഫുട്ബോള്‍ ശക്തികളില്‍ ദക്ഷിണ കൊറിയക്കൊപ്പം മുന്നില്‍ നില്ക്കുന്നു ജപ്പാനും. 1998ലാണ് അവര്‍ ആദ്യമായി ലോകകപ്പ് യോഗ്യത നേടുന്നത്. പിന്നീട് എല്ലാ ലോകകപ്പിലും അവര്‍ സാന്നിധ്യമറിയിച്ചു. രണ്ട് തവണ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തിയതാണ് മികച്ച പ്രകടനം. 2002ല്‍ ദക്ഷിണ കൊറിയക്കൊപ്പം ആതിഥേയത്വം വഹിച്ച ലോക മാമാങ്കത്തിലാണ് അവര്‍ ആദ്യമായി പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. പിന്നീട് 2010ലും അവസാന 16വരെ ടീമെത്തി.
യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളുടെ മികവിലാണ് ഇത്തവണ സാമുറായ് സംഘം റഷ്യയിലേക്ക് വരുന്നത്. ഏഷ്യന്‍ യോഗ്യതാ പോരാട്ടത്തിന്റെ ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴും വിജയിച്ചാണ് ഒന്നാം സ്ഥാനക്കാരായി ജപ്പാന് ഫൈനല്‍ റൗണ്ടുറപ്പാക്കിയത്.
യോഗ്യതാ പോരാട്ടത്തില്‍ ആക്രമണവും പ്രതിരോധവും സമാസമം ചേര്‍ത്ത പ്രകടനം നടത്തിയുള്ള ജപ്പാന്റെ കുതിപ്പ് ഈ ലോകകപ്പില്‍ വന്‍ അട്ടിമറിക്കുള്ള സാധ്യതയാണ് തുറക്കുന്നത്. ആസ്ത്രേലിയയും സഊദി അറേബ്യയും ഉള്‍പ്പെട്ട വമ്പന്മാരുടെ ഗ്രൂപ്പില്‍ നിന്നാണ് അവര്‍ ഒന്നാം സ്ഥാനക്കാരായി യോഗ്യത ഉറപ്പാക്കിയതെന്നതും ശ്രദ്ധേയമാണ്.
വാഹിദ് ഹലീല്‍ ഹാഡ്സിക് എന്ന മികച്ച പരിശീലകന് കീഴിലാണ് ജപ്പാന് യോഗ്യതാ പോരാട്ടം കളിച്ചത്. എന്നാല്‍ കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ വിദേശ കോച്ചിനെ പുറത്താക്കി ലോകകപ്പിന് തന്ത്രമോതാനുള്ള ചുമതല ജപ്പാന് സ്വദേശിയായ അകിറ നിഷിനോയ്ക്ക് നല്‍കുകയായിരുന്നു. പരിശീലകന്റെ മാറ്റം ജപ്പാന്റെ മുന്നേറ്റത്തെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടറിയണം.
111 മത്സരങ്ങള്‍ ടീമിനായി കളിച്ച ലെയ്സ്റ്റര്‍ സിറ്റിയുടെ ഷിന്‍ജി ഒകസാകിയാണ് മുന്നേറ്റത്തില്‍ കളിക്കുന്ന നിര്‍ണായക താരം. പരുക്കേറ്റ് പുറത്തിരിക്കുന്ന ബൊറൂസിയ ഡോര്‍ട്മുണ്ട് താരം ഷിന്‍ജി കഗാവയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജപ്പാന്റെ ലോകകപ്പ് സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ ടീമില്‍ സ്ഥാനം പിടിക്കാന്‍ താരം ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്. ടീമിലെ ഏറ്റവും മുതിര്‍ന്ന താരം ഗോള്‍ കീപ്പര്‍ എയ്ജി കവാഷിമയാണ്. 35 കാരനായ കവാഷിമയടക്കം 30 കടന്ന താരങ്ങള്‍ ടീമില്‍ ഏറെയുണ്ട്. അതേസമയം മികച്ച യുവ താരങ്ങളുടെ സാന്നിധ്യവും ജപ്പാനുണ്ട്.
പ്രവചനങ്ങള്‍ അപ്രസക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഗ്രൂപ്പ് എച്ചിലാണ് ജപ്പാന്. പോളണ്ട്, കൊളംബിയ, സെനഗല്‍ ടീമുകളെയാണ് ആദ്യ കടമ്പ കടക്കാന്‍ ജപ്പാന് നേരിടേണ്ടത്. മനസ് വച്ചാല്‍ അടുത്ത റൗണ്ട് കണാമെന്ന സ്വപ്നം മൂന്നാം തവണയും സാധ്യമാക്കാന്‍ ജപ്പാന് കഴിയുമെന്ന് സാരം.
യെകാതറിന്ബര്ഗ് സ്റ്റേഡിയം
1900ത്തില്‍ തുടങ്ങുന്നതാണ് യെകാതറിന്ബര്ഗ് സ്റ്റേഡിയത്തിന്റെ ചരിത്രം. 1920 മുതല്‍ റഷ്യയിലെ വിവിധ കായിക മത്സരങ്ങള്‍ക്ക് യെകാതറിന്ബര്ഗ് സ്റ്റേഡിയം സാക്ഷിയായി. 1959ല്‍ വനിതകള്‍ക്കായി നടത്തിയ ലോക സ്കേറ്റിങ്ങ് ചാംപ്യന്‍ഷിപ്പ് ഇവിടെ നടത്തിയ പ്രധാന പോരാട്ടങ്ങളിലൊന്നാണ്.
ലോകത്തിന് മുന്നില്‍ റഷ്യയുടെ സ്കേറ്റിങ്ങിന് മേല്വിലാസമുണ്ടാകുന്നതില് യെകാതറിന്ബര്ഗ് സ്റ്റേഡിയത്തിന് വലിയ പങ്കുണ്ട്. 1962,1966,1974, 1978 കാലയളവുകളിലും സ്റ്റേഡിയം പ്രധാനപ്പെട്ട സ്കേറ്റിങ് ചാംപ്യന്‍ഷിപ്പുകള്‍ക്ക് വേദിയായി. 2004 ലോടെയാണ് യെകാതറിന്ബര്ഗ് സ്റ്റേഡിയത്തിന്റെ തലവര മാറുന്നത്. 35,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം 45,000 പേര്ക്കിരിക്കാവുന്നതാക്കി മാറ്റി. 2006-2011 കാലയളവില്‍ സ്റ്റേഡിയത്തില്‍ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടത്തി. ലോങ് ജംപ്, ഹൈ ജംപ്, ട്രിപ്പിള്‍ ജംപ് എന്നിങ്ങനെ ട്രാക്ക് ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ക്കൂടി ഒരുക്കി. ലോകകപ്പിനായി 2014ലാണ് പുതുക്കിപ്പണിയല്‍ തുടങ്ങിയത്. ലോകകപ്പില്‍ ഏറ്റവും കുറവ് മത്സരങ്ങള്‍ നടക്കുന്ന വേദികളിലൊന്നാണിത്. ഗ്രൂപ്പ് തലത്തിലുള്ള നാല് മത്സരങ്ങള്‍ മാത്രമാണിവിടെ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."