ജലസ്രോതസുകള്‍ക്കടുത്തുള്ള നിര്‍മാണ പ്രവൃത്തി നിര്‍ത്തണമെന്ന് കലക്ടര്‍
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, കള്ളാര്‍, പനത്തടി, ബളാല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പട്ടയഭൂമിയിലൂടെ ഒഴുകുന്നതും സബ്ഡിവിഷന്‍ ചെയ്യാത്തതുമായ പുഴ, തോട്, അരുവി എന്നിവയ്ക്ക് സമീപത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തികളും 90 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ കെ. ജീവന്‍ബാബു ഉത്തരവിട്ടു.
വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ജലസ്രോതസുകള്‍ വ്യാപകമായി കൈയേറുന്നതായും നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തിലാണ് കലക്ടര്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.
വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍പെടുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ പട്ടയഭൂമിയില്‍ ഒഴുകുന്ന ജലസ്രോതസുകള്‍ക്ക് സമീപത്തെ കൈയേറ്റങ്ങള്‍ തടയേണ്ടതാണ്.
പുഴകളുടെ സബ്ഡിവിഷന്‍ ജോലികള്‍ തീരുന്നതുവരെ തദ്ദേശത്ത് നിര്‍മാണപ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല.
സബ്ഡിവിഷന്‍ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ചെലവുകളും പഞ്ചായത്ത് ഫണ്ടില്‍നിന്ന് വഹിക്കണം.
കാസര്‍കോട് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ വെള്ളരിക്കുണ്ട് തഹസില്‍ദാരുമായും ബന്ധപ്പെട്ട വില്ലേജ് ഓഫിസറുമായി ബന്ധപ്പെട്ട് പുഴ, തോട്, അരുവി എന്നിവയുടെ സബ്ഡിവിഷന്‍ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."