വിജയത്തോടെ ബുഫണ്‍ യുവന്റസ് പടികളിറങ്ങി
മിലാന്‍: വിഖ്യാത ഗോള്‍ കീപ്പറും ഇതിഹാസവുമായ ജിയാന്‍ലൂയി ബുഫണ്‍ രാജകീയമായി വിജയത്തോടെ യുവന്റസിന്റെ പടികളിറങ്ങി. കിരീടം നേരത്തെ തന്നെ ഉറപ്പാക്കിയ യുവന്റസ് അവസാന പോരാട്ടത്തില്‍ ഹെല്ലാസ് വെറോനയെ 2-1ന് പരാജയപ്പെടുത്തി. 40കാരനായ ക്യാപ്റ്റന് ഉചിതമായ യാത്രയയപ്പ് തന്നെ സഹ താരങ്ങള്‍ ഒരുക്കി. 17 വര്‍ഷം നീണ്ട യുവന്റസ് കരിയറില്‍ 656 മത്സരങ്ങള്‍ ടീമിനായി ഗോള്‍ വല കാത്ത ശേഷമാണ് വെറ്ററന്‍ താരത്തിന്റെ മടക്കം. സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ യുവന്റസ് പ്രേമികള്‍ തങ്ങളുടെ നായകനോടുള്ള ഇഷ്ടം പല വിധത്തില്‍ പ്രകടിപ്പിച്ചപ്പോള്‍ അതിനോടെല്ലാം മികച്ച രീതിയില്‍ തന്നെ പ്രതികരിക്കാന്‍ ബുഫണ്‍ മടിച്ചില്ല.
ഗോള്‍ കീപ്പിങിലെ ഇറ്റാലിയന്‍ റെക്കോര്‍ഡുകളില്‍ ഏറിയ പങ്കും സ്വന്തം പേരില്‍ കുറിച്ച ബുഫണ്‍ ക്ലബിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ ഉടനില്ലെന്ന് പറയുന്ന ബുഫണിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ യൂറോപ്പിലെ വമ്പന്‍ ടീമുകളെല്ലാം കച്ചമുറുക്കി രംഗത്തുണ്ട്. യുവന്റസില്‍ നിന്ന് മടങ്ങിയാല്‍ ഇറ്റലിയില്‍ തുടരില്ലെന്ന് വ്യക്തമാക്കിയ ബുഫണിനായി ഫ്രഞ്ച് ടീം പി.എസ്.ജി, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളായ ലിവര്‍പൂള്‍, ചെല്‍സി, സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് പോലും രംഗത്തുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പാര്‍മ വരുന്നു
മിലാന്‍: ഇറ്റാലിയന്‍ ഫുട്‌ബോളില്‍ നിറമുള്ള ഭൂതകാലം പേറുന്ന പാര്‍മ അടുത്ത സീസണില്‍ സീരി എ പോരിനിറങ്ങും. 2015ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാപ്പരായി സീരി ഡിയിലേക്ക് തരംതാഴ്ത്തപ്പെട്ട പാര്‍മ ആ വര്‍ഷം സീരി സിയിലേക്കും കഴിഞ്ഞ വര്‍ഷം സീരി ബിയിലേക്കും ഇത്തവണ സീരി എയിലേക്കും തുടര്‍ച്ചയായി മുന്നേറിയാണ് പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നത്. വിഖ്യാത താരങ്ങളായ ബുഫണ്‍, കന്നവാരോ അടക്കമുള്ള പ്രമുഖര്‍ പാര്‍മയ്ക്കായി ഒരു കാലത്ത് കളത്തിലിറങ്ങിയിരുന്നു. സീരി ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ സ്‌പെസിയയെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് അവര്‍ സീരി എ ബര്‍ത്ത് ഉറപ്പാക്കിയത്.
സ്‌പെയിനിലും ഇറ്റലിയിലും ഇന്ന് കൊട്ടിക്കലാശം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ, ഇറ്റാലിയന്‍ സീരി എ പോരാട്ടങ്ങള്‍ ഇന്ന് കൊട്ടിക്കലാശിക്കും. സ്‌പെയിനില്‍ കിരീടമുറപ്പിച്ച ബാഴ്‌സലോണ ഇന്ന് അവസാന മത്സരത്തില്‍ റയല്‍ സോസിസാഡുമായി ഏറ്റുമുട്ടും. ഇതിഹാസ താരം ഇനിയെസ്റ്റയുടെ ബാഴ്‌സലോണ കുപ്പായത്തിലെ അവസാന ലാ ലിഗ മത്സരമെന്ന പ്രത്യേകതയും പോരിനുണ്ട്. അപരാജിത മുന്നേറ്റത്തോടെ കിരീടം സ്വന്തമാക്കാമെന്ന മോഹം ലെവാന്റെയ്ക്ക് മുന്നില്‍ ഉടച്ചുകളഞ്ഞ ബാഴ്‌സ ഇനിയെസ്റ്റയ്ക്ക് ഉചിതമായ യാത്രയയപ്പ് ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്. യൂറോപ്പ ലീഗ് കിരീടം നേടിയ ആത്മവിശ്വാസത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ഇന്ന് സ്വന്തം തട്ടകത്തില്‍ അവസാന പോരിനിറങ്ങും. എയ്ബറാണ് അവരുടെ എതിരാളി.
ഇറ്റാലിയന്‍ സീരി എയില്‍ കരുത്തരായ നാപോളി, എ.സി മിലാന്‍ ടീമുകളും ഇന്ന് സീസണിലെ അവസാന അങ്കത്തിനിറങ്ങും. സീസണിന്റെ തുടക്കം മുതല്‍ ഏതാണ്ട് അവസാന ഘട്ടം വരെ ഒന്നാം സ്ഥാനത്ത് മുന്നേറി കിരീട പ്രതീക്ഷ നല്‍കിയ നാപോളിക്ക് അവസാന ഘട്ടങ്ങളില്‍ കാലിടറിയത് തിരിച്ചടിയായിരുന്നു. എങ്കിലും ചാംപ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പാക്കിയ അവര്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. തോറ്റാലും സമനില പിടിച്ചാലും രണ്ടാം സ്ഥാനം നിലനില്‍ക്കുമെന്നതിനാല്‍ അവര്‍ക്ക് വേവലാതി ഇല്ലാതെ കളിക്കാം. അവസാന പോരാട്ടത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും നാപോളി പ്രതീക്ഷിക്കുന്നില്ല. മുന്‍ താരം ഗന്നാരോ ഗട്ടുസോയുടെ പരിശീലന മികവില്‍ ഏറെ മെച്ചപ്പെട്ട എ.സി മിലാനും അവസാന പോരില്‍ വിജയം മുന്നില്‍ കാണുന്നു. 69 പോയിന്റുമായി അവര്‍ അഞ്ചാം സ്ഥാനത്താണ്. നാപോളി- ക്രോടോണുമായും മിലാന്‍- ഫിയോരെന്റിനയുമായും ഇന്ന് ഏറ്റുമുട്ടും.
സെല്‍റ്റയ്ക്കും ലെഗാനസിനും ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ സീസണിലെ അവസാന മത്സരം കളിച്ച സെല്‍റ്റ വിഗോ, ലെഗാനസ് ടീമുകള്‍ക്ക് ജയം. സെല്‍റ്റ 4-2ന് ലെവാന്റയേയും ലെഗാനസ് 3-2ന് റയല്‍ ബെറ്റിസിനേയും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."