രാജസ്ഥാന് ശ്രേയസ്; ബാംഗ്ലൂര്‍ പുറത്ത്
ജയ്പൂര്‍: കിരീടമെന്ന മോഹം പതിനൊന്നാം അധ്യായത്തിലും പൂവണിയിക്കാന്‍ സാധിക്കാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐ.പി.എല്ലില്‍ നിന്ന് പുറത്ത്. നിര്‍ണായക പോരില്‍ ബാംഗ്ലൂരിനെ 30 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലയോഫ് പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും അവസാനിച്ച രാജസ്ഥാന് ഇനി മറ്റ് ടീമുകളുടെ ഫലത്തിനനുസരിച്ചാണ് മുന്നോട്ടുള്ള യാത്ര സുഗമമാകുന്നത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാംഗ്ലൂര്‍ ആറ് വിജയവും എട്ട് തോല്‍വിയുമായി 12 പോയിന്റുമായാണ് പുറത്തേക്കുള്ള വഴി കണ്ടത്. ഇത്രയും മത്സരങ്ങള്‍ കളിച്ച രാജസ്ഥാന് ഏഴ് വീതം ജയവും തോല്‍വിയുമടക്കം 14 പോയിന്റുകളാണ്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കി. മികച്ച ബാറ്റിങ് നിര സ്വന്തമായുള്ള ബാംഗ്ലൂരിന്റെ പോരാട്ടം 19.2 ഓവറില്‍ 134 റണ്‍സില്‍ അവസാനിപ്പിച്ചാണ് റോയല്‍ വിജയം രാജസ്ഥാന്‍ സ്വന്തമാക്കിയത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രേയസ് ഗോപാലിന്റെ മാരക ബൗളിങ് ബാംഗ്ലൂരിന്റെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിച്ചു. ശ്രേയസ് തന്നെയാണ് കളിയിലെ കേമന്‍.
സ്വന്തം തട്ടകത്തില്‍ നിര്‍ണായക പോരിനിറങ്ങിയ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. മികച്ച പ്രകടനവുമായി രാജസ്ഥാനെ മുന്നോട്ട് നയിച്ച ജോസ് ബട്‌ലര്‍, ഐ.പി.എല്ലിലെ ഏറ്റവും വിലപിടിച്ച താരമായി മാറിയ ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ അഭാവത്തിലും ആദ്യം ബാറ്റ് ചെയ്ത് അവര്‍ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ഓപണര്‍ രാഹുല്‍ ത്രപതിയുടെ കിടയറ്റ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. മധ്യനിരയില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹെന്റിച് ക്ലാസന്റെ മിന്നലടികള്‍ കൂടി ചേര്‍ന്നപ്പോള്‍ അവരുടെ സ്‌കോര്‍ 160 കടന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും ഭേദപ്പെട്ട പ്രകടനം നടത്തി.
രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു ഓപണറായി സ്ഥാനക്കയറ്റം കിട്ടിയിറങ്ങിയ ജോഫ്രെ ആര്‍ച്ചറെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. നാല് പന്ത് മാത്രം നേരിട്ട് താരം സംപൂജ്യനായി കൂടാരം കയറി. പിന്നാലെയെത്തിയ രഹാനെ- ത്രിപതിക്കൊപ്പം ഉറച്ച് നിന്നതോടെ രാജസ്ഥാന്‍ ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. പിന്നാലെ രഹാനെ മടങ്ങി. 31 പന്തില്‍ 33 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. നാലാമനായി എത്തിയ മലയാളി താരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങിയതോടെ രാജസ്ഥാന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്ലാസന്‍ ത്രിപതിക്ക് പിന്തുണ നല്‍കിയതോടെ രാജസ്ഥാന്റെ സ്‌കോര്‍ കുതിച്ചു കയറി. അവസാന ഓവറിന്റെ തൊട്ട്മുന്‍പ് ക്ലാസന്‍ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സ് അടിച്ചെടുത്ത് മടങ്ങി. അഞ്ചാമനായി എത്തിയ കൃഷ്ണപ്പ ഗൗതം രണ്ട് സിക്‌സ് സഹിതം അഞ്ച് പന്തില്‍ 14 റണ്‍സെടുത്ത് 20ാം ഓവറിന്റെ അവസാന പന്തില്‍ റണ്ണൗട്ടായി മടങ്ങി. ഇന്നിങ്‌സിന് തിരശ്ശീല വീഴുമ്പോള്‍ ഓപണറായി ഇറങ്ങിയ ത്രിപതി അപരാജിതനായി നിലകൊണ്ടു. 58 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 80 റണ്‍സ് അടിച്ചെടുത്താണ് താരം രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായത്. ബാംഗ്ലൂരിനായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.
ജയം തേടിയിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തില്‍ തന്നെ കോഹ്‌ലിയെ നഷ്ടമായി. ക്യാപ്റ്റന്‍ നാല് റണ്‍സില്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പാര്‍ഥിവ് പട്ടേല്‍- ഡിവില്ല്യേഴ്‌സ് സഖ്യം അവര്‍ക്ക് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന തോന്നല്‍ വരെ ഉണ്ടാക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ബാംഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സായിരുന്നു. രണ്ടാം വിക്കറ്റ് വീഴ്ത്താന്‍ രാജസ്ഥാന് 75 റണ്‍സ് വരെ കാക്കേണ്ടി വന്നു. സ്‌കോര്‍ 75ല്‍ നില്‍ക്കേ പാര്‍ഥിവിനെ പുറത്താക്കി ശ്രേയസ് അവര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. 21 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം പാര്‍ഥിവ് 33 റണ്‍സ് കണ്ടെത്തി. പാര്‍ഥിവ് പുറത്തായതോടെ ബാംഗ്ലൂര്‍ ബാറ്റിങ് നിരയുടെ ഘോഷയാത്രയ്ക്കാണ് ജയ്പൂര്‍ സ്റ്റേഡിയം പിന്നീട് സാക്ഷിയായത്. കഴിഞ്ഞ കളിയില്‍ മിന്നും ഫോമില്‍ കളിച്ച മോയിന്‍ അലി ഒറ്റ റണ്‍സുമായി മടങ്ങി. പിന്നാലെ മന്‍ദീപ് സിങ്, ഗ്രാന്‍ഡ്‌ഹോം എന്നിവരും ആറാം വിക്കറ്റായി ഡിവില്ല്യേഴ്‌സും പവലിയനിലെത്തി. 35 പന്തില്‍ ഏഴ് ഫോറിന്റെ അകമ്പടിയോടെ 53 റണ്‍സാണ് ഡിവില്ല്യേഴ്‌സ് അടിച്ചെടുത്തത്. രണ്ടിന് 75 എന്ന നിലയില്‍ നിന്ന് ബാംഗ്ലൂര്‍ ആറിന് 98 എന്ന നിലയിലേക്ക് കൂപ്പുകുത്തി. 14 വീതം റണ്‍സെടുത്ത് ടിം സൗത്തി, സിറാജ് എന്നിവര്‍ പൊരുതാന്‍ ശ്രമിച്ചെങ്കിലും അതൊന്നും രാജസ്ഥാനെ ബാധിച്ചില്ല. ഒടുവില്‍ 19.2 ഓവറില്‍ ബാംഗ്ലൂരിന്റെ ചെറുത്ത് നല്‍പ്പ് 134 റണ്‍സില്‍ അവസാനിക്കുമ്പോള്‍ നാല് പന്തുകള്‍ പിന്നെയും ബാക്കിയായിരുന്നു.
പാര്‍ഥിവിനേയും ഡിവില്ല്യേഴ്‌സിനേയും മന്‍ദീപിനേയും മോയിന്‍ അലിയേയും മടക്കി ശ്രേയസ് കളിയില്‍ നിര്‍ണായക ചലനങ്ങളാണ് സൃഷ്ടിച്ചത്. നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് താരം നാല് സുപ്രധാന വിക്കറ്റുകള്‍ കൊയ്തത്. ലാഫ്‌ലിന്‍, ഉനദ്കട് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും കെ ഗൗതം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ബാംഗ്ലൂരിന്റെ ശേഷിച്ച ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി ശ്രേയസിന് ഉറച്ച പിന്തുണ നല്‍കി.
പ്ലേയോഫ് ഉറപ്പിച്ച് കൊല്‍ക്കത്ത
ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ പ്ലേയോഫ് ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി പറഞ്ഞ കൊല്‍ക്കത്ത 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.
കൊല്‍ക്കത്തയ്ക്കായി ക്രിസ് ലിന്‍ (43 പന്തില്‍ 55), സുനില്‍ നരെയ്ന്‍ (പത്ത് പന്തില്‍ 29) എന്നിവര്‍ മിന്നല്‍ തുടക്കം നല്‍കി. പിന്നീട് റോബിന്‍ ഉത്തപ്പ (34 പന്തില്‍ 45), ക്യാപ്റ്റന്‍ കാര്‍ത്തിക് (പുറത്താകാതെ 26) എന്നിവരുടെ ബാറ്റിങ് കൊല്‍ക്കത്തയുടെ വിജയം ഉറപ്പാക്കി. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിനായി മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ഹൈദരാബാദിന്റെ വാലറ്റത്തെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ കൊല്‍ക്കത്ത അവരുടെ സ്‌കോര്‍ 172ല്‍ ഒതുക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ (50) ടോപ് സ്‌കോററായി. കെയ്ന്‍ വില്ല്യംസന്‍ (36), ശ്രീവത്സ് ഗോസ്വാമി (35), മനീഷ് പാണ്ഡെ (25) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. കൊല്‍ക്കത്തയ്ക്കായി പ്രസിധ് കൃഷ്ണ നാല് വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."