ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വില്ല്യാപ്പള്ളി ടൗണ്‍
വില്ല്യാപ്പള്ളി: ടൗണിലെ തലങ്ങും വിലങ്ങും തോന്നിയപോലെയുള്ള പാര്‍ക്കിങ് കാരണം വില്ല്യാപ്പള്ളി ഗതാഗതക്കുരുക്കില്‍. ഗതാഗതനിയന്ത്രണത്തിനായി പൊലിസ് എയ്ഡ്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെടാറില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ വല്ലപ്പോഴുമൊക്കെയാണ് പൊലിസ് രംഗത്തെത്താറുള്ളതെന്നു നാട്ടുകാരും കച്ചവടക്കാരും പറയുന്നു.
ടൗണ്‍ മധ്യത്തിലാണ് വടകരയ്ക്കു പടിഞ്ഞാറു ഭാഗത്തേക്കും തണ്ണീര്‍പന്തല്‍ കിഴക്കു ഭാഗത്തേക്കുമുള്ള ബസിനും ടാക്‌സികള്‍ക്കും സ്റ്റോപ്പനുവദിച്ചിരിക്കുന്നത്. ഇതും ഗതാഗതക്കുരുക്കിനു കാരണമാകുകയാണ്. കാര്‍ത്തികപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മെയിന്‍ റോഡിലേക്കു കടക്കുന്ന ഭാഗവും ബസ് സ്റ്റോപ്പിനു തൊട്ടു ചേര്‍ന്നാണ്. മെയിന്‍ റോഡിന്റെ വശങ്ങളിലെ കച്ചവടക്കാര്‍ നടപ്പാത കൈയേറുന്നതും ഗതാഗതക്കുരുക്കിനു കാരണമാവുന്നുണ്ട്.
രാവിലെയും വൈകിട്ടുമെന്നില്ലാതെ മുഴുസമയത്തും ടൗണില്‍ ഗതാഗതക്കുരുക്കാണ്. പൊലിസും നാട്ടുകാരും ചേര്‍ന്നു ട്രാഫിക് രംഗത്തു സമഗ്ര പരിഷ്‌കരണം കൊണ്ടുവന്നാലേ ടൗണിലെ ഗതാഗതക്കുരുക്കിനു താല്‍ക്കാലികമായെങ്കിലും പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."