ബൂത്തുകള്‍ സജീവം: മത്സ്യമാര്‍ക്കറ്റ് നോക്കുകുത്തി
കക്കട്ടില്‍: മത്സ്യ കച്ചവടം ബൂത്തുകള്‍ കേന്ദ്രീകരിച്ചായതോടെ മത്സ്യമാര്‍ക്കറ്റ് നോക്കുകുത്തിയായി. കക്കട്ടില്‍ ടൗണിലെ മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടക്കാതെ സമീപത്ത് തന്നെ ബൂത്തു കെട്ടിയാണിപ്പോള്‍ കച്ചവടം നടക്കുന്നത്. കക്കട്ടില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തെ മത്സ്യ മാര്‍ക്കറ്റും അമ്പലകുളങ്ങരയിലും മത്സ്യ ബൂത്തുകള്‍ വേറെയുമുണ്ട്. ആവശ്യക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും വിളക്കുകളും വിവിധ ഇനം മത്സ്യങ്ങളുമൊരുക്കിയാണ് കച്ചവടം സജീവമാക്കുന്നത്. പഴയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്തുകളില്‍ മാര്‍ക്കറ്റിലേതിലും കൂടുതലായി കച്ചവടം നടക്കുന്നുവെന്ന് ഉടമസ്ഥര്‍ പറയുന്നു. രാത്രി വൈകിയും ഇവ പ്രവര്‍ത്തിക്കുന്നുവെന്നതും പ്രത്യേകതയാണ്. പഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റ് പുതുക്കി പണിതവര്‍ഷം മുതലേ നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം പുറത്തു വച്ചാണ് കച്ചവടം നടത്തി പോന്നത്. സമീപത്തെ കിണറുകളിലേക്ക് മലിനജലം ഊര്‍ന്നിറങ്ങിയതും ദുര്‍ഗന്ധവും ചതുപ്പുനിലമായതിനാല്‍ മഴക്കാലമായാല്‍ വെള്ളം ഉയര്‍ന്നു വരുന്നതും പരിസരവാസികളുടെ എതിര്‍പ്പും ഈ മാര്‍ക്കറ്റ് നോക്കുകുത്തിയാവാനിടയാക്കി.
ബൂത്തുകള്‍ പാതയോരത്തു തന്നെയായതിനാല്‍ ആളുകള്‍ക്ക് യഥേഷ്ടം വാങ്ങാനും സൗകര്യമുണ്ട്. ബൂത്തുകളുടെ എണ്ണം കൂടിയത് വിലക്കുറവിനും കാരണമായെന്ന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."