കാട്ടാനക്കൂട്ടത്തെ വിരട്ടി ഓടിക്കാന്‍ പടക്കം പൊട്ടിച്ചെറിയുന്നതിനിടെ രണ്ട് പേര്‍ക്ക് പരുക്ക്
കുറ്റ്യാടി: കൃഷിയിടത്തിലെത്തി നാശം വിതയ്ക്കുന്ന കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് വിരട്ടിഓടിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് പരുക്ക്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് പാമ്പന്‍തോട് സ്വദേശികളായ ചേരാലിക്കല്‍ തോമസ് എന്ന സജി (43), അയല്‍വാസിയായ അരുവിക്കല്‍ അശോകന്‍ (47) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സാരമായ പരുക്കുകളോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം. തോമസിന്റെ വീടിനു പുറകിലെത്തിയ ആനക്കൂട്ടത്തെ തോമസും അയല്‍വാസിയായ അശോകനും ചേര്‍ന്ന് വിരട്ടിയോടിക്കാന്‍ പടക്കം പൊട്ടിച്ച് എറിയവെ കൈയില്‍ നിന്നും പൊട്ടുകയായിരുന്നു. അപകടത്തില്‍ അശോകന്റെ വലത് കൈപ്പത്തിക്കും തോമസിന്റെ കണ്ണിനും ചെവിക്കും സാരമായി പരുക്കേറ്റു.
വയനാടന്‍ അതിര്‍ത്തിയിലെ സര്‍ക്കാര്‍ വനാന്തര്‍ഭാഗത്ത് നിന്നുമിറങ്ങി ദിവസങ്ങളായി പാമ്പന്‍തോട് മലയില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. കൃഷിനാശം വിതയ്ക്കുകയും ജനജീവിതത്തിന് ഭീഷണിയുമായി മാറിയ ആനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചുവിടാന്‍ നാട്ടുകാര്‍ നിരന്തരം ബന്ധപ്പെട്ട വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. വകുപ്പധികൃതരുടെ നിഷേധാത്മക നിലപാടില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പിക്കാന്‍ സോളാര്‍ വേലികളോ സംരക്ഷണമതിലുകളോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവസ്ഥലം വനം വകുപ്പ് അധികാരികളും മരുതോങ്കര പഞ്ചായത്ത് അധികൃതരും സന്ദര്‍ശിച്ചു. ഇതിനിടെ കാട്ടാനകള്‍ ചേരാലിക്കല്‍ തോമസ്, മടത്തിനാല്‍ സണ്ണി എന്നിവരുടെ ഏക്കര്‍ക്കണക്കിന് കൃഷി നശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."