കാസര്‍കോട്ട് കലാപത്തിനു വിത്തുവിതയ്ക്കരുത്
സൗഹാര്‍ദത്തിന്റെ സാംസ്‌കാരിക ഭൂമികയായ കാസര്‍കോട് ജില്ലയിലെ സമാധാനം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടോയെന്നു സംശയിക്ക തക്ക രീതിയിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പൊതുജനങ്ങളുമായി എക്കാലവും നല്ലരീതിയില്‍ ഇടപെടുകയും പൊതുസമൂഹത്തിലും മഹല്ലിലും സ്വഭാവ വൈശിഷ്ട്യം കൊണ്ട് ശ്രദ്ധേയനായ യുവ മദ്‌റസാ അധ്യാപകനെയാണ് ഇന്നലെ കശാപ്പു കത്തിക്കിരയാക്കിയത്.
പള്ളിയില്‍ മതപഠനവും മതപ്രബോധനവും പള്ളി, മദ്‌റസാ പരിപാലനവുമായി ബന്ധപ്പെട്ട് മാത്രം ജീവിക്കുകയായിരുന്ന ഒരു സാധു മനുഷ്യനെ ഇല്ലാതാക്കിയതിലൂടെ ആ കൃത്യം ചെയ്തവരുടെ ഉദ്ദേശം നാട്ടിലെ സമാധാന അന്തരീക്ഷവും സൗഹാര്‍ദ അന്തരീക്ഷവും തകര്‍ക്കുകയെന്നതു തന്നെയായിരുന്നുവെന്ന് വ്യക്തം.
കര്‍ണാടകയിലെ മടിക്കേരി കൊട്ടമുടി ആസാദ് നഗര്‍ സ്വദേശിയായ മുഹമ്മദ് റിയാസ് എട്ടുവര്‍ഷത്തോളമായി പഴയ ചൂരിയില്‍ ജോലിചെയ്തു വരികയായിരുന്നു. നാട്ടിലൊരാള്‍ക്കും മോശമായ ഒരഭിപ്രായവുമില്ലെന്നല്ല, വളരെ നല്ല അഭിപ്രായവുമാണ്. ഇത്തരത്തില്‍ നാട് അംഗീകരിക്കുന്നുവെന്നുള്ളതു തന്നെയായിരിക്കും അയാളെ കൊലപ്പെടുത്താനുള്ള കാരണവുമെന്നാണ് കരുതേണ്ടത്.
കൃത്യമായ ഗൂഡാലോചനയിലൂടെയാണു മദ്‌റസാ അധ്യാപകനെ വകവരുത്തിയതെന്നു വ്യക്തമാണ്. ചെറിയ ഇടവഴികളും നിരവധി വീടുകളുമുള്ള പഴയ ചൂരിയിലെ പള്ളിക്കു സമീപത്തേക്ക് ഗൃഹപാഠം നടത്താതെ അക്രമികള്‍ക്ക് എത്താന്‍ കഴിയില്ലെന്നു വ്യക്തം.
പള്ളിക്കകത്ത് ഉറങ്ങുകയായിരുന്ന മദ്‌റസാ അധ്യാപകനെ നീതിക്ക് ഒരിക്കലും നിരക്കാത്ത രീതിയില്‍ പള്ളിയില്‍ കയറി കുത്തിക്കൊല്ലുകയും രക്ഷപ്പെടുകയും ചെയ്തതു കൃത്യമായ ഗൂഡാലോചനയിലൂടെയാണെന്നു വ്യക്തം.
എന്തിനായിരുന്നു ഇത്രയും നിഷ്ഠൂരമായ കൊലപാതകമെന്നു കാസര്‍കോട് നഗരത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള പഴയ ചൂരിയിലെ ജനം ഒന്നടങ്കം ചോദിക്കുന്നു.
നേരിന്റെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റേയും വഴിയില്‍നിന്നുമാറി സഞ്ചരിക്കുന്ന സാഹചര്യം കാസര്‍കോട് ഉണ്ടാക്കുവാനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്നു വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളിലെ അവസാനത്തേതു മാത്രമാണ് മദ്‌റസാ അധ്യാപകന്റെ കൊലപാതകം.
ഒരുതരത്തിലുള്ള സംഘര്‍ഷവും സമീപകാലങ്ങളില്‍ ഉണ്ടാകാത്ത പ്രദേശമാണു കാസര്‍കോട്. പഴയ ചൂരി, ചൂരി പ്രദേശങ്ങളില്‍ സഹവര്‍ത്തിത്വത്തോടെയാണ് എല്ലാവിഭാഗവും ഇവിടെ ജീവിക്കുന്നത്. ഈ അന്തരീക്ഷം നിലനില്‍ക്കണമെന്ന് ആഗ്രഹമില്ലാത്ത നിഗൂഢ ശക്തികളാണ് ഈ കിരാത പ്രവൃത്തിക്ക് പിന്നിലെന്നു തീര്‍ച്ചയാണ്.
സ്വാര്‍ഥലാഭത്തിനു വേണ്ടി നാടിനെ അസ്വസ്ഥതയിലേക്കു നയിക്കുന്ന ചിന്തയും പ്രവര്‍ത്തനവും നടത്തുന്നവര്‍ കെടുത്തുന്നതു നാടിന്റെ സ്വസ്ഥതയാണ്. വിദ്വേഷത്തിന്റേയും അസഹിഷ്ണുതയുടെയും വിത്തുകള്‍ സപ്തഭാഷാ സംസ്‌കാര സംഗമഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ വിത്തിട്ടു മുളപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
സര്‍ക്കാരും പൊലിസും കുറ്റവാളികളെ കണ്ടെത്തുന്നതിനു ശ്രമിക്കുന്നതിനൊപ്പം വരും കാലങ്ങളില്‍ ഇത്തരം നീചകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കത്തിലും മുന്നിലുണ്ടാകണം. ജനങ്ങളെ അകറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഒരുവിഭാഗം നടത്തുമ്പോള്‍ അതിനെ എന്തുവില കൊടുത്തും ചെറുക്കാനും ജനമനസിലെ പൊള്ളല്‍ മായ്ക്കാനും സര്‍ക്കാര്‍ ഉണരണം.
കാസര്‍കോട്ട് കലാപത്തിന്റെ വിത്തു വിതയ്ക്കുന്നവരുടെ ഗൂഡാലോചനയും ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പുറത്തുവരണം. തിരിച്ചറിഞ്ഞു കഴിയുന്ന ഗൂഡാലോചനക്കാരെ മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ പൊലിസ് തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."