നോക്കാന്‍ ആളില്ല; മുക്കത്ത് നിയമം പാലിക്കുന്നവര്‍ക്ക് ദുരിതയാത്ര
മുക്കം: വാഹന നിയമങ്ങള്‍ കൃത്യമായി പാലിച്ച് മുക്കം നഗരത്തിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് നേരിടേണ്ടി വരിക ധാരാളം തടസങ്ങളും ട്രാഫിക് ബ്ലോക്കുകളും സമയനഷ്ടവും. എന്നാല്‍ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കുന്നതാകട്ടെ ഇതൊന്നുമില്ലാതെ സുഖയാത്രയും. മുക്കം നഗരസഭയും പൊലിസും സംയുക്തമായി മുക്കം നഗരത്തില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്.
നിയമലംഘകര്‍ മൂലം നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ കൂടി കുരുക്കില്‍ അകപ്പെടുന്ന അവസ്ഥയുമുണ്ട്. വണ്‍വേ തെറ്റിച്ച് വാഹനം ഓടിക്കുന്നതും അനധികൃത പാര്‍ക്കിങ്ങും ആണ് ഇപ്പോള്‍ നഗരത്തിലെ ഗതാഗത കുരുക്കള്‍ക്ക് പ്രധാന കാരണം. വാഹനപ്പെരുപ്പം മൂലവും റോഡുകളുടെ വീതി കുറവു മൂലവും രൂക്ഷമായ ഗതാഗത തടസം കൊണ്ട് വീര്‍പ്പുമുട്ടുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായായിരുന്നു നഗരസഭയുടെ നേതൃത്വത്തില്‍ ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് ട്രാഫിക് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയത്. എന്നാല്‍ നടപ്പിലാക്കി ആഴ്ച്ചകള്‍ കഴിഞ്ഞപ്പോഴേക്കും നഗരസഭാ അധികൃതരും പൊലിസും പല കാരണങ്ങള്‍ പറഞ്ഞ് തടിയൂരുകയായിരുന്നു. ഇതോടെ ട്രാഫിക് പരിഷ്‌കരണം കുത്തഴിഞ്ഞ അവസ്ഥയിലായി.
ഇതുസംബന്ധമായി നഗരസഭയുടെ നേതൃത്വത്തില്‍ പല സമയങ്ങളിലായി നിരവധി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഒന്നും ഫലപ്രദമായില്ല. ഇതോടെ പരസ്യമായി നിയമലംഘനങ്ങള്‍ നടത്തുന്നവരെ പോലും പിടികൂടാനും തടയാനും സാധിക്കാതായി. നഗരത്തിലെ ചില റോഡുകള്‍ വണ്‍വേ ആക്കിയും വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചും ബസ് സഞ്ചാരപഥം അടിമുടി മാറ്റിയുമായിരുന്നു ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കിയിരുന്നത്. നഗരത്തിലെ അനധികൃത കൈയേറ്റങ്ങളും ഇതോടൊപ്പം ഒഴിപ്പിച്ചിരുന്നു. തുടക്കത്തില്‍ വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും മറ്റും ചെറിയതോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ വിജയകരമായി നടപ്പിലാക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. പരിഷ്‌കരണം നടപ്പിലാക്കിയത് മൂലം മുക്കം നഗരത്തില്‍ ഗതാഗതക്കുരുക്ക് ഏറെക്കുറെ കുറഞ്ഞിരുന്നു.
അനധികൃത പാര്‍ക്കിങ്ങും ഇപ്പോള്‍ മുക്കം നഗരത്തില്‍ വ്യാപകമാണ്. വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതാണ് ഇതിന് മുഖ്യമായും കാരണം. മുക്കം ഓര്‍ഫനേജ് റോഡ്, പി.സി ജങ്ഷന്‍ റോഡ്, അഭിലാഷ് ജങ്ഷന്‍ റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി വണ്‍വേ ആക്കിയിരുന്നു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണിവരെ ഈ റോഡുകളില്‍ കൂടി വണ്‍വേ ഗതാഗതം മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ മിക്ക യാത്രക്കാരും ഇത് പരസ്യമായി ലംഘിക്കുകയാണിപ്പോള്‍. സ്റ്റേഷന്‍ ഡ്യൂട്ടിക്ക് തന്നെ ആവശ്യത്തിന് പൊലിസുകാരില്ലാത്ത സ്ഥിതിയില്‍ നഗരത്തിലെ ഗതാഗത പാലനത്തിന് പൊലിസുകാരെ വിട്ടുതരാന്‍ കഴിയില്ലെന്നാണ് മുക്കം പൊലിസിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."