വിജയോത്സവം ഇനി സമഗ്ര വിദ്യാഭ്യാസ പരിരക്ഷയാകും
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിവരുന്ന വിജയോത്സവം പദ്ധതി പുതിയ അധ്യയന വര്‍ഷം മുതല്‍ എജ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതി എന്ന പേരില്‍ വിപുലമായ പരിപാടികളോടെ നടപ്പിലാക്കും. ഇതിനായി ഓരോ വിദ്യാര്‍ഥിയുടെയും വ്യക്തിഗത പരിരക്ഷ ഉറപ്പാക്കി മികവിലേക്ക് ഉയര്‍ത്തുന്നതിനുള്ള നൂതന പരിപാടികള്‍ ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലും നടത്തും.
കഴിഞ്ഞ വര്‍ഷത്തെ വിജയോത്സവം പദ്ധതിയുടെ അവലോകനം നടത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിലാണ് തീരുമാനം.
പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എജ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ ആരംഭിക്കും. അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ പ്രഥമാധ്യാപകര്‍ക്കും ഡയറ്റിന്റെ നേതൃത്വത്തില്‍ 25നകം പ്രത്യേക പരിശീലനം നല്‍കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഊന്നല്‍ നല്‍കുന്നവിധം ഓരോ വിദ്യാലയത്തിലെയും പ്രീസ്‌കൂളുകള്‍, മാതൃഭാഷാ പഠനം, ലാബ്, ലൈബ്രറി വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനു പ്രാദേശിക കൂട്ടായ്മകള്‍ രൂപികരിച്ച് ഓഗസ്റ്റ് 15 നകം പദ്ധതിയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാണ് തീരുമാനം.
പ്രത്യക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍, ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍, പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ എന്നിവരുടെ പരിപോഷണത്തിനായും പ്രത്യേ ക പരിപാടികള്‍ ആവിഷ്‌കരിച്ച് ജൂണില്‍ നടപ്പിലാക്കും. ജില്ലയിലെ വിദ്യാലയങ്ങളില്‍ ജനപ്രതിനിധികളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടെ നടപ്പിലാക്കിയ 'വരവേല്‍പ്പ് ' വിദ്യാലയ പ്രവേശന യജ്ഞത്തിന്റെ തുടര്‍ച്ചയായി പ്രവേശനോത്സവം ശ്രദ്ധേയമായ രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ത്രിതല പഞ്ചായത്തുകളുടെ പിന്തുണയോടെ ഓരോ സ്‌കൂളിലും ഉറപ്പാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ ശ്രീജ പുല്ലരിക്കല്‍, ആര്‍. ബലറാം, നജീബ് കാന്തപുരം, വിദ്യാഭ്യാസ വിദഗ്ധര്‍, സംഘടനാ പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എജ്യുകെയര്‍ സമഗ്ര പരിരക്ഷാ പദ്ധതി കോഡിനേറ്റര്‍ യു.കെ അബ്ദുല്‍ നാസര്‍ പദ്ധതി വിശദീകരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."