ആരോഗ്യ വകുപ്പ് ഉണര്‍ന്നു; ഭീതി ഒഴിയാതെ പേരാമ്പ്ര
സ്വന്തം ലേഖകന്‍
പേരാമ്പ്ര: ചങ്ങരോത്ത് സൂപ്പിക്കടയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നുപേര്‍ പനി ബാധിച്ച് മരിച്ച സംഭവത്തില്‍ ഭീതി ഒഴിയാതെ നാട്.
വൈറസ് അണുബാധ മൂലം മസ്തിഷ്‌കത്തിലും ഹൃദയത്തിലുമുണ്ടായ സങ്കീര്‍ണതകള്‍ കാരണമാണ് മരണം സംഭവിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
മണിപ്പാലില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ഏതു വൈറസ് കാരണമാണ് രോഗബാധയുണ്ടായതെന്നു സ്ഥിരീകരിക്കാനാകൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സൂചിപ്പിച്ചു.
സംഭവ സ്ഥലത്ത് നിന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 14 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കടുത്ത പ്രതിഷേധത്തിനൊടുവില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്ഥലത്തെത്തി മരണപ്പെട്ടവരുടെ വളച്ചുകെട്ടിയില്‍ വീട് പൂട്ടി സീല്‍ വച്ചു.
സൂപ്പിക്കടയിലും പരിസരത്തും ഇന്നലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങുകയും ചെയ്തു. വൈറല്‍ പനിയാണെന്നും പകരാന്‍ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.
പക്ഷികളോ വവ്വാലുകളോ ഭക്ഷിച്ച പഴവര്‍ഗങ്ങള്‍ ഭക്ഷിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ബോഡി ഫ്‌ളൂയ്ഡിലൂടെയാണ് രോഗം പകരുന്നതെന്നാണ് നിഗമനമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മരിച്ചവരുമായി ഇടപഴകിയവരെ നിരീക്ഷണ വിധേയമാക്കി ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കും. നാളെ ചങ്ങരോത്ത് മെഡിക്കല്‍ ക്യാംപ് നടത്തും.
അതേസമയം രോഗികളുമായി അടുത്തിടപഴകിയ ആളുകളുടെ ലിസ്റ്റ് തയാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ തലത്തില്‍ എല്ലാ സ്ഥാപനങ്ങളിലും പി.പി.ഇ കിറ്റ് ലഭ്യമാക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."