അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചാല്‍ പ്രക്ഷോഭം: മുസ്‌ലിം ലീഗ്
കോഴിക്കോട്: കാസര്‍കോട് പഴയ ചൂരിയില്‍ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി റിയാസ് മുസ്‌ലിയാരെ വെട്ടിക്കൊന്ന കേസ് പ്രത്യേക ഉന്നതതല പൊലിസ് സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
സാമൂഹ്യ ദ്രോഹികളെയും കൊലയാളികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലിസ് കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ഇതിനു സമാനമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് കൈകാര്യം ചെയ്തപ്പോള്‍ സംഘ്പരിവാറിന്റെ താല്‍പര്യം അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരും പൊലിസും പ്രവര്‍ത്തിച്ചത്. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ അരും കൊലക്ക് ഇരയായ ഫൈസലിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാന്‍ പോലും ഭരണകൂടം തയാറായിട്ടില്ല. സംഘ് പരിവാര്‍ ബന്ധമുള്ള പ്രതികള്‍ക്ക് ദിവസങ്ങള്‍ക്കകം ജാമ്യം ലഭിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ നല്‍കുന്ന ആപല്‍ സൂചനകളുടെ തിക്തഫലമാണ് ചൂരിയിലും സംഭവിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മരിച്ച മദ്‌റസാ അധ്യാപകന്റെ മൃതദേഹം അദ്ദേഹം പത്തു വര്‍ഷം ജോലി ചെയ്ത ചൂരിയില്‍ പൊതു ദര്‍ശനത്തിനും നിസ്‌കരിക്കാനും അനുമതി നല്‍കണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ശിഷ്യന്മാരുടെയും ആവശ്യം നിരാകരിച്ച പൊലിസ് നടപടി അപലപനീയമാണ്. കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിക്കരികിലൂടെ വിലാപയാത്രക്ക് അനുമതിയും ഒത്താശയും ചെയ്ത പിണറായിയുടെ പൊലിസ് ചൂരിയിലെ ജനങ്ങള്‍ക്ക് അവസാന നോക്കിനുള്ള അവസരം പോലും നിഷേധിച്ചത് ആരെ തൃപ്തിപ്പെടുത്താനാണ്.
പൊലിസ് അടിയന്തര പ്രാധാന്യത്തോടെ നടപടികള്‍ സ്വീകരിക്കണം. പൊലിസ് അനാസ്ഥ തുടര്‍ന്നാല്‍ മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."