ശാസ്താംകോട്ട തടാകത്തില്‍ ഇരുമ്പിന്റെ സാന്നിധ്യം: പമ്പിങ് നിര്‍ത്തിവച്ചു; കുടിവെള്ളക്ഷാമം രൂക്ഷം
ശാസ്താംകോട്ട: സംസ്ഥാനത്തെ ഏക ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകത്തില്‍ നിന്നുള്ള പമ്പിങ് നിലച്ചതിനെ തുടര്‍ന്ന് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.
തടാക ജലത്തിലെ ബാക്ടീരിയയുടെ സാന്നിധ്യം സംബന്ധിച്ച് പരിശോധനയിലും ഇത് വരെ വ്യക്തത വന്നിട്ടില്ല.
തിരുവനന്തപുരത്തെ ആരോഗ്യ, ഭക്ഷ്യവകുപ്പു ലാബുകളില്‍ നടത്തിയ പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല.
വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് ഈ പരിശോധന ഫലത്തിലുള്ളത്. ശാസ്താംകോട്ടയിലെ ശുചീകരണ ലാബില്‍ നിന്നുള്ള പരിശോധന ഫലത്തിന് സമാനമാണ് തിരുവനന്തപുരത്തേയും റിപ്പോര്‍ട്ടുകള്‍.
പരിഹാര മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഈ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല. ഒരു ലിറ്റര്‍ ജലത്തില്‍ അനുവദനീയമായ ഇരുമ്പിന്റെ അളവ് ദശാംശം മൂന്നാണ്. എന്നാല്‍ പരിശോധനയില്‍ ഇത് ദശാംശം ആറുവരെയുണ്ടെന്നാണ് അറിയുന്നത്.
അതിനാല്‍ ഇരുമ്പിന്റെ അംശം കുറയ്ക്കാതെ ഇവിടെ നിന്ന് ജലവിതരണം നടത്താനും കഴിയാത്ത സ്ഥിതിയാണുള്ളത്.
കുടിവെള്ളത്തെ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ജല സാമ്പിള്‍ ഗവേഷണ സ്ഥാപനമായ കോഴിക്കോട് സി.ഡബ്ല്യു.ഡി.ആര്‍.ഡി.എമ്മിലേക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാഫലം നാളെയോടെ ലഭിക്കുമെന്നാണ് സൂചന.
കൂടുതല്‍ ഫലപ്രദമായ പരിശോധനയാകും കോഴിക്കോട് നടത്തുകയെന്നും പരിഹാര മാര്‍ഗങ്ങളും അവിടുത്തെ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പുതിയഫലം വരുന്നതുവരെ ജല വിതരണത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. തടാകത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണം ചിലതരം ആല്‍ഗകളാണെന്നണ് പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍ കൂടുതല്‍ ശുദ്ധീകരിച്ചും ക്ലോറിനേഷന്‍ നടത്തുകയും ചെയ്യന്നതിനാല്‍ ഇരുമ്പിന്റെ സാന്നിധ്യം വെള്ളത്തിലുണ്ടാകില്ലെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ നല്‍കുന്ന വിവരം. തടാകത്തിലെ ജലം ഉപയോഗിക്കുന്നതുകൊണ്ട് പാര്‍ശ്വ ഫലങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയാല്‍ വൈകാതെ ജലവിതരണം പുനരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."