ഏറ്റുമാനൂരില്‍ പുതിയ റെയില്‍വെ സ്റ്റേഷനും മേല്‍പ്പാലവും മൂന്ന് മാസത്തിനകം
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റെയില്‍വേസ്റ്റേഷന്‍ ആധുനിക സൗകര്യങ്ങളോടുകൂടി നീണ്ടൂര്‍ റോഡിന്റെയും അതിരമ്പുഴ റോഡിന്റെയും മധ്യത്തിലേയ്ക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു.
കെട്ടിടനിര്‍മ്മാണം ഇതിനോടകം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ജൂലൈ അവസാനത്തോടെ പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് പ്ലാറ്റ് ഫോമുകളോട് കൂടിയാണ് പുതിയ സ്റ്റേഷന്‍ ഉയരുന്നത്. 15 കോടി രൂപയോളം മുതല്‍ മുടക്കിയാണ് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നത്.
സ്റ്റേഷന്‍ മാറ്റിസ്ഥാപിക്കണമെന്നത് നാട്ടുകാരുടേയും, തീര്‍ത്ഥാടകരുടേയും, സ്ഥിരം യാത്രക്കാരുടേയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കും, ജില്ലയിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്കും കൂടുതല്‍ പ്രയോജനകരമാകും വിധമാണ് പുതിയ സ്‌റ്റേഷനിലെ സൗകര്യങ്ങള്‍. നീണ്ടൂര്‍-അതിരമ്പുഴ റോഡിന്റെ ഇടയിലേക്ക് മാറ്റി സ്ഥാപിക്കുന്നതോടെ ജില്ലയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്കും എം.ജി യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളേജ്, മാന്നാനം തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്കും ഒരുപോലെ സൗകര്യപ്രദമാകും.
നീണ്ടൂര്‍ റോഡില്‍നിന്നും 200 മീറ്ററിലധികം മാറിയാണ് നിലവില്‍ ഏറ്റുമാനൂര്‍ റെയില്‍വേസ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. നിലവില്‍ അതിരമ്പുഴ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഷന്റെ സൗകര്യങ്ങള്‍ തികച്ചും പരിമിതമാണ്. ജൂലൈ അവസാനം പുതിയ സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്താലും ട്രാക്കിന്റെ പണികള്‍ പൂര്‍ത്തിയാകാതെ ഗതാഗതം പൂര്‍ണസ്ഥിതിയിലാവില്ല.
പുതിയ ട്രാക്കുകളുടെ പണി തീരുന്നതോടെ സ്റ്റേഷന്‍ കെട്ടിടം സ്ഥിതിചെയ്യുന്ന ഒന്നും രണ്ടും ട്രാക്കുകളില്‍ ഗതാഗതം നിരോധിക്കും. മൂന്നും നാലും ട്രാക്കുകളിലൂടെ ഗതാഗതം തിരിച്ചുവിടും. നിലവിലുള്ള ട്രാക്കുകളുടെ ലെവലിംഗ് ജോലികള്‍ തീര്‍ക്കുവാനാണിത്. മനയ്ക്കപ്പാടത്ത് നിലവിലുള്ള അടിപ്പാതയുടെ മുകളിലൂടെ കടന്നുപോകുന്ന ട്രാക്കും പുതിയ ട്രാക്കിന്റെ പൂര്‍ത്തീകരണത്തോടെ പൊളിച്ചുമാറ്റും. റയില്‍വേ സ്റ്റേഷന്‍ മാറ്റിയതോടെ പുതുതായി വരുന്നതുള്‍പ്പെടെ നാല് ട്രാക്കുകള്‍ അതിരമ്പുഴ മനയ്ക്കപ്പാടത്തിനപ്പുറം വരെ നീളും. നിലവില്‍ ഒരു ട്രാക്ക് മാത്രമാണ് മനയ്ക്കപ്പാടത്തുള്ളത്. ഇതിനോട് ചേര്‍ന്ന് രണ്ട് പാതകളുമായി പണിയുന്ന പാലത്തിന്റെ പണി തീരുന്ന മുറയ്ക്കാണ് ഗതാഗതം മൂന്നും നാലും പ്ലാറ്റുഫോമുകളിലേക്ക് തിരിച്ചുവിടുക. അതോടൊപ്പം നിലവിലെ പാലം പൊളിച്ച് പകരം ഇരട്ടപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കും. അതിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയായാലേ റയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകൂ.
ആധുനികരീതിയില്‍ ട്രാഫിക് സിഗ്‌നലും ടിക്കറ്റ് കൗണ്ടറും മറ്റും സഹിതം സ്റ്റേഷന്‍ കെട്ടിടം ജൂലൈ മാസത്തോടെ ഉദ്ഘാടനം കഴിഞ്ഞാലും യാത്രക്കാര്‍ മൂന്നാം പ്ലാറ്റ്‌ഫോമിലെത്തേണ്ടിവരും ട്രയിനില്‍ കയറാന്‍. അതിനുള്ള ഫുട് ഓവര്‍ബ്രിഡ്ജിന്റെ പണികള്‍ അന്തിമഘട്ടത്തിലാണ്. ഏറ്റൂമാനൂര്‍ - നീണ്ടൂര്‍ റോഡിലെ റെയില്‍വേ സ്റ്റേഷന് ചേര്‍ന്നുള്ള മേല്‍പ്പാലത്തിന്റെ വീതികൂട്ടിയുള്ള പുനര്‍നിര്‍മ്മാണവും പൂര്‍ത്തിയാവുന്നു. പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് ഉടന്‍ പൂര്‍ത്തിയാവും.
അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാക്കി ജൂലൈ മാസത്തില്‍ തന്നെ മേല്‍പ്പാലവും ഗതാഗതത്തിന് തുറന്നുകൊടുക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു. ഡിസംബറോടെ പണികള്‍ എല്ലാം പൂര്‍ത്തിയാക്കി ഏറ്റുമാനൂര്‍ വഴിയുള്ള ട്രയിന്‍ ഗതാഗതവും പൂര്‍ണസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."