മഴയിലൊഴുകി മാലിന്യം; വീര്‍പ്പ് മുട്ടി നഗരം
ആലപ്പുഴ: മഴയത്തും മാലിന്യം പൊതുവഴിയിലേക്ക് വലിച്ചെറിയുന്നവരെ കൊണ്ട് നഗര വാസികള്‍ പൊറുതി മുട്ടി. നിയന്ത്രിക്കാന്‍ നഗര സഭയ്ക്കും നിയമ പാലകര്‍ക്കും കഴിയുന്നില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ക്യാമറകളും കണ്ണടച്ചതോടെ ചോദിക്കാനും പറയാനും ആളില്ലാതായി. ഇതോടെ ആലപ്പുഴ നഗരം മാലിന്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. എവിടെ തിരിഞ്ഞാലും മാലിന്യ കൂമ്പാരം മാത്രം. പലസ്ഥലങ്ങളിലും മഴയിലൂടെ ഒലിച്ച് ഗുരുതരമായ സാംക്രമിക രോഗ ഭീതിസൃഷ്ടിച്ചിട്ടും അധികൃതര്‍ക്ക് യാതൊരു അനക്കവുമില്ല.
ദേശീയപാത, സ്‌കൂളുകള്‍, പൊതുവഴികള്‍, എന്നുവേണ്ട ആളൊഴിഞ്ഞ വീടുകളുടെ മുറ്റത്തേക്ക് വരെ മാലിന്യം വലിച്ചെറിഞ്ഞ് കടന്നു കളയുകയാണ് വിരുതന്‍മാര്‍. അധികൃതര്‍ കര്‍ശന സമീപനം സ്വീകരിക്കത്താതാണ് മാലിന്യം വലിച്ചറിയുന്നത് വ്യാപകമാവാന്‍ കാരണം. രാത്രികാലങ്ങളില്‍ അറവ്ശാലാ അവശിഷ്ടങ്ങള്‍ക്കൊപ്പം ജൈവ, അജൈവ മാലിന്യങ്ങളടക്കം നിക്ഷേപിക്കപ്പെടുന്നു. ആലപ്പുഴ ആധുനിക അറവ്ശാല വളപ്പില്‍ പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ഇടവേളകളില്‍ ഇവിടെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി മാറുന്നുണ്ട്.
നഗരസഭയുടെ വിവിധ കേന്ദ്രങ്ങളില്‍ എയ്‌റോബിക് കംപോസ്റ്റുകളും വീടുകളില്‍ പൈപ്പ് കംപോസ്റ്റുകളും സ്ഥാപിച്ചാണ് നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നത്. നിലവില്‍ നഗരസഭയിലെ മാലിന്യങ്ങള്‍ എയ്‌റോബിക് കംപോസ്റ്റുവഴി വളമാക്കി മാറ്റി വില്‍പ്പന നടത്തുന്നു. ഫലത്തില്‍ ഇത് തുടരുന്നുണ്ടെങ്കിലും നഗരസഭാ അധികൃതര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഹോട്ടല്‍ ഭക്ഷണ മാലിന്യങ്ങളടക്കം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെടുകയാണ്. മാരാരിക്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വണ്ടിയില്‍കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നതായും പരാതി ഉയരുന്നു. പ്രദേശങ്ങളിലെ റോഡുകളിലും വീടുകളുടെ മുന്‍ഭാഗത്തുമാണ് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നത്. രാത്രികാലങ്ങളില്‍ പ്രദേശത്തെ വഴിവിളക്കുകള്‍ കത്താതെ കിടക്കുന്നതും മാലിന്യം തള്ളുന്നവര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. അര്‍ധരാത്രിക്ക് ശേഷം ഇരുളിന്റെ മറവില്‍ വീട്ടുമാലിന്യവും കക്കൂസ് മാലിന്യവും ഇറച്ചിക്കടയിലെ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ അറിയുന്നില്ല. പുലര്‍ച്ചെ ദുര്‍ഗന്ധം വമിക്കുമ്പോഴാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
അന്യജില്ലകളില്‍ നിന്നും ജില്ലയുടെ പല പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് ഏറെ നാളുകളായി തുടരുകയാണ്. ആലപ്പുഴചങ്ങനാശ്ശേരി റോഡിലും അമ്പലപ്പുഴ തിരുവല്ല റോഡിലും അരൂര്‍, ചേര്‍ത്തല മേഖലകളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."