അഞ്ചുരുളിയില്‍ ബോട്ട് യാത്ര ആരംഭിച്ചു
കട്ടപ്പന: വനംവകുപ്പിന്റെ തടസംമൂലം നിര്‍ത്തിവച്ച അഞ്ചുരുളിയിലെ ബോട്ടുയാത്ര പുനരാരംഭിച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് യാത്ര പുനരാരംഭിച്ചത്. വ്യാഴാഴ്ച മുതലാണ് അഞ്ചുരുളി സൗന്ദര്യോത്സവത്തോടനുബന്ധിച്ച് ബോട്ടുയാത്ര തുടങ്ങിയത്.
ബോട്ടുസവാരിക്ക് വനംവകുപ്പിന്റെ അനുമതിയില്ലെന്ന കാരണത്താല്‍ വെള്ളിയാഴ്ച രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബോട്ടുയാത്ര തടസപ്പെടുത്തി. ഇതോടെ കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഘാടകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ റെയ്ഞ്ച് ഓഫീസ് അടിച്ചുതകര്‍ക്കുകയും ഓഫീസ് ഉപരോധിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീടുനടന്ന ചര്‍ച്ചയില്‍ ബോട്ടുയാത്രക്ക് അനുമതി നല്‍കുകയായിരുന്നു. അനുമതി ലഭിച്ചതോടെ ജനപ്രതിനിധികള്‍ ഉപരോധസമരം അവസാനിപ്പിച്ചു. ഫോറസ്റ്റ് ഓഫീസില്‍ അക്രമം നടത്തിയതിന് 15-ഓളം പേര്‍ക്കെതിരെ കട്ടപ്പന പൊലിസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെമുതല്‍ രണ്ടു ബോട്ടുകളും സര്‍വീസ് തുടങ്ങി. ഇന്നലെ 20 ട്രിപ്പുകള്‍ നടത്തി. സൗന്ദര്യോത്സവത്തിന്റെ ഭാഗമായി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ബോട്ടുയാത്രക്കും അഞ്ചുരുളിയുടെ മനോഹരിത നുകരുന്നതിനുമായി എത്തിയത്. ഇന്നലെ ആരംഭിക്കാനിരുന്ന ഹെലികോപ്റ്റര്‍ യാത്രയും തടസപ്പെട്ടു. മധുരയില്‍നിന്ന് ഹെലികോപ്റ്റര്‍ എത്തിയിരുന്നെങ്കിലും വനത്തിനു മുകളിലൂടെ പറക്കാന്‍ കലക്ടറേറ്റില്‍നിന്നും അനുമതി ലഭിക്കാത്തതാണ് ഹെലികോപ്റ്റര്‍ യാത്രക്ക് തടസമായത്. ഇന്ന് രാവിലെയോടെ അനുമതിപത്രം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."