ഉപവാസ സമരം നടത്തും
കൊച്ചി: ബി.എ ക്രിമിനോളജി എല്‍.എല്‍.ബി കോഴ്‌സിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതി ലോ കോളജ് ക്യാംപസില്‍ ഉപവാസ സമരം നടത്തും.
എംജി യൂണിവേഴ്‌സിറ്റി, കോളജ് അധികൃതര്‍, ബാര്‍ കൗണ്‍സില്‍, യുജിസി എന്നിവര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്, കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി എന്നീ സംഘടനകള്‍ ചേര്‍ന്നാണ് സമരസമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയത്തിന് അതീതമായി വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സംയുക്ത സമര സമിതിക്കു രൂപം നല്‍കിയതെന്നും ലോ കോളജില്‍ ഈ വര്‍ഷം പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് നില നില്‍ക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഇന്നലെ കോളജില്‍ നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ വിവിധ വിദ്യാര്‍ഥി സംഘടന നേതാക്കളായ അയ്യപ്പദാസ്, ചന്ദ്രപാല്‍, അനസ്, അനന്ത് വിഷ്ണു, ആബിദ് അലി, സ്‌കാനിഷ് സുകുമാരന്‍, അരുണ്‍ കെ.പി എന്നിവര്‍ സംസാരിച്ചു.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പുതിയ സിലബസോടെ ബി.എ ക്രിമിനോളജി എല്‍.എല്‍.ബി (ഹോണേഴ്‌സ്) ഡിഗ്രി കോളജില്‍ തുടങ്ങിയത്. എന്നാല്‍ ഈ കോഴ്‌സിന് യു.ജി.സിയുടെയോ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമോ എം.ജി സര്‍വകലാശാല നേടിയിരുന്നില്ല.
കഴിഞ്ഞ ആഴ്ച കോളജിലെ ഒരു വിദ്യാര്‍ഥിക്ക് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്ന് നടക്കുന്ന ഉപവാസ സമരത്തിന് ശേഷവും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിത കാല ഉപവാസ സമരം നടത്താനാണ് സമര സമിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."