എ.ടി.എം കൗണ്ടര്‍ സ്‌ഫോടനം: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി
നെടുമ്പാശ്ശേരി: ദേശീയ പാതക്കരികില്‍ ദേശത്ത് എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താല്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ആലുവ ഡിവൈ.എസ്.പി വൈ.ആര്‍.റസ്റ്റത്തിന്റെ മേല്‍നോട്ടത്തില്‍ നെടുമ്പാശ്ശേരി സി.ഐ വി.എസ് ഷിജുവിന്റ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ മുഖം മൂടിയതിനു ശേഷം ഹെല്‍മറ്റ് ധരിച്ചിരുന്നതിനാലും കൈകളില്‍ കൈയുറകള്‍ ധരിച്ചിരുന്നതിനാലും പെട്ടെന്ന് പ്രതികളെ കണ്ടെത്താനുള്ള സാധ്യത വിരളമാണ്.
തികച്ചും ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ആദ്യഘട്ടത്തില്‍ അന്വേഷണത്തിനായി പ്രധാനമായും പൊലിസ് ആശ്രയിക്കുന്നത്. പ്രതികളുടെ മുഖം ഹെല്‍മറ്റില്‍ നിന്നും വേര്‍തിരിച്ച് വ്യക്തമാക്കുന്നതിന് വേണ്ടി സി.സി.ടി.വിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ ഹൈദരാബാദിലെ അത്യാധുനിക ലാബിലേക്ക് അയക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ദേശീയ പാതയില്‍ അത്താണിക്കും ആലുവക്കും ഇടയിലുള്ള ഷോപ്പുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുറമെ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലിസ് പരിശോധിച്ചു വരികയാണ്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാണ്. പ്രദേശത്തെ അഞ്ച് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പുലര്‍ച്ചെ രണ്ടര മണിക്കാണ് സംഭവം നടന്നതെന്നതിനാല്‍ ഈ സമയം കാര്യമായ മൊബൈല്‍ ഉപയോഗം ഉണ്ടാകാന്‍ സാദ്ധ്യതയില്ല. എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ എത്തിയ ബൈക്കിന്റെ നമ്പര്‍ അവ്യക്തമായി കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഈ വഴിയിലും അന്വേഷണം നടക്കുന്നുണ്ട്.
പള്‍സര്‍ ബൈക്കിലാണ് പ്രതികള്‍ എത്തിയതെന്നാണ് വിവരം. ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച ബൈക്കിന്റെ നമ്പറിന് സമാനമായ പള്‍സര്‍ ബൈക്കുകളുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വിഭാഗത്തില്‍ നിന്നും ശേഖരിക്കും. ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്ന മോഷ്ടാക്കളുടെ ശരീരഭാഷ പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ മലയാളികളാകാനാണ് സാദ്ധ്യതയെന്നും, ദേശീയപാത കേന്ദ്രീകരിച്ച് സ്ഥിരമായി കവര്‍ച്ച നടത്തി വരുന്ന സംഘമാകാനും സാദ്ധ്യതയുണ്ടെന്നും നെടുമ്പാശ്ശേരി സി.ഐ വി.എസ് ഷിജു പറഞ്ഞു. സംസ്ഥാനത്ത് എ.ടി.എം കൗണ്ടറുകളില്‍ നിന്നും പണം കവരാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരിടത്തും ഇത് വിജയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."