വനിതാ വ്യവസായ സംരംഭത്തിന്റെ വൈദ്യുതിബന്ധം വിഛേദിച്ചതായി പരാതി
തുറവൂര്‍: ഉദ്ഘാടനം നടന്ന് മൂന്നാം ദിവസം കോടംതുരുത്ത് എവര്‍ ഫൈന്‍ ആഗ്രോ എന്ന വനിത വ്യവസായ സ്ഥാപനത്തിന്റെ വൈദ്യുതി ബന്ധം കുത്തിയതോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അധികൃതര്‍ വിച്ഛേദിച്ചതായി പരാതി.അപ്രതീക്ഷിതമായി വൈദ്യുതിബന്ധം വിച്ഛേദിച്ചപ്പോള്‍ പഴവര്‍ഗ്ഗകയറ്റുമതി സ്ഥാപനത്തില്‍ പ്രത്യേക സംവിധാനത്തില്‍ സൂക്ഷിച്ചിരുന്ന പഴങ്ങള്‍ നശിച്ചു.
കോടംതുരുത്ത് ആശീര്‍വാദില്‍ വൈ. സിന്ധു ബാങ്ക് വായ്പയെടുത്ത് ആരംഭിച്ച എവര്‍ഫൈന്‍ ആഗ്രോ എന്ന പഴവര്‍ഗ്ഗകയറ്റുമതി സ്ഥാപനത്തിനെതിരെയായിരുന്നു നടപടി.വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ച് പഴ വര്‍ഗ്ഗങ്ങള്‍ ഉണക്കി കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് ഇത്. 60 ലക്ഷത്തോളം രൂപ മുതല്‍ മുടക്കിയാണ് സ്ഥാപനം തുടങ്ങിയത്.30 പേര്‍ തൊഴില്‍ ചെയ്യുന്നു. ഉടമ വൈദ്യുതി ഓഫീസില്‍ എത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നു അഞ്ചു മണിക്കൂറിനു ശേഷം ബന്ധം പുന:സ്ഥാപിച്ചു നല്‍കി.
മൂന്ന് മാസം മുമ്പാണ് സ്ഥാപനത്തിനായി വൈദ്യുതി കണക്ഷന്‍ എടുത്തത്.സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങാത്തതിനാല്‍ നിശ്ചിത തുക മാത്രമാണ് അടയ്‌ക്കേണ്ടിരുന്നത്.ഇതിനുള്ള ബില്ല് നല്‍കിയതുമില്ല.
മെയ് 13-നായിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടനം നടന്നത്.16 ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഉടമ സിന്ധു വൈദ്യുതി ഓഫീസിലെത്തി പ്രതിഷേധിച്ചപ്പോള്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നല്‍കിയത്.ഇതിനു ശേഷമാണ് ബില്ല് അധികൃതര്‍ നല്‍കിയതെന്ന് സിന്ധു പറഞ്ഞു .ബില്ലില്‍ ജൂണ്‍ 4 നാണ് പണം അടച്ചില്ലെങ്കില്‍ വിച്ഛേദിക്കുമെന്ന് പറയുന്ന അവസാന തീയതി.
മൂന്ന് മാസമായി കണക്ഷന് അനാവശ്യ താമസമുണ്ടാക്കി ,രസീത് നല്‍കാതെ പണം ആവശ്യപ്പെട്ടെങ്കിലും ഇത് നല്‍കിയില്ല.45,000 രൂപയാണ് കണക്ഷന് ആവശ്യപ്പെട്ടത്. രസീതില്‍ പറഞ്ഞ 35,000 രൂപ മാത്രമാണ് അടച്ചത്.
ബാക്കി തുക നല്‍കാത്തതിലുള്ള പകയാണു വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കാരണമെന്ന് സിന്ധു പറഞ്ഞു. എന്നാല്‍ കണക്ഷന്‍ നല്‍കി മൂന്ന് മാസമായിട്ടും അടയ്‌ക്കേണ്ട തുക അടയ്ക്കാത്തതിനാല്‍ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് നടന്നതെന്നു വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."