തീരപ്രദേശത്ത് കടലേറ്റം ശക്തം; ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിലായി
കൊടുങ്ങല്ലൂര്‍: തീരപ്രദേശത്ത് കടലേറ്റം ശക്തം. ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിലായി. അഴീക്കോട് മുനക്കല്‍ മുതല്‍ എടവിലങ്ങ് കാര വരെയുള്ള പ്രദേശത്താണ് പുലര്‍ച്ചെ നാല് മണിയോടെ തിരമാല വീശിയടിച്ചത്. അഴീക്കോട്‌സുനാമി പുനരധിവാസ കോളനി പ്രദേശം പാടെ വെള്ളത്തിലായി ,ഇവിടെ അമ്പതോളം വീടുകള്‍ കടല്‍വെള്ളത്തിന് നടുവിലാണ് ,
ഈ പ്രദേശത്ത് ജലസ്രോതസ്സുകളില്‍ ഉപ്പുവെള്ളം കയറുകയും സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു കവിയുകയും ചെയ്തു. ഏകദേശം നൂറ്റിയമ്പത് മീറ്ററോളം ദൂരത്തില്‍ കരയിലേക്ക് കടല്‍വെള്ളം ഇരച്ചു കയറി. കടല്‍ഭിത്തി കടന്നെത്തിയ കടല്‍ തീരദേശവാസികളെ ആശങ്കയിലാഴ്ത്തി. എറിയാട് പഞ്ചായത്തിലെ അറപ്പക്കടവ്, മണപ്പാട്ട് ചാല്‍ ,ലൈറ്റ് ഹൗസ് ,പുതിയ റോഡ്, എടവിലങ്ങ് പഞ്ചായത്തിലെ കാരവാക്കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലും പുലര്‍ച്ചെ കരയിലേക്ക് തിരയടിച്ചു കയറി. കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ പലരും തിങ്കളാഴ്ച്ച രാത്രി തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിരുന്നു. അപ്രതീക്ഷിതമായുണ്ടായ കടലേറ്റം തീരദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."