ചേലേമ്പ്ര മഞ്ഞപ്പിത്ത ഭീഷണിയില്‍; നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ചേലേമ്പ്ര: ചേലേമ്പ്ര പഞ്ചായത്ത് മഞ്ഞപ്പിത്ത ഭീഷണിയില്‍. പരിശോധനയില്‍ നാല് പേര്‍ക്ക് മഞ്ഞപ്പിത്തം ഉള്ളതായി കണ്ടെത്തി.
ഇതോടെ ബോധവല്‍ക്കരണവും കിണറുകളില്‍ ക്ലോറിനേഷന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യ വിഭാഗം. ചേലേമ്പ്ര കൊളക്കാട്ടുചാല്‍ സ്വദേശിയായ വിദ്യാര്‍ഥി, കാറ്ററിങ് തൊഴിലാളിയായ യുവാവ്, ചേലൂപാടത്തുള്ള 11, 12 വയസ് പ്രായമുള്ള രണ്ട് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയതായി വിവരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ചേലേമ്പ്രയില്‍ നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തബാധ കണ്ടെത്തിയിരുന്നു. സമ്പൂര്‍ണ ശുചിത്വഗ്രാമമായി പ്രഖ്യാപിച്ച പഞ്ചായത്തില്‍ പലയിടത്തും ശുചിത്വ പദ്ധതികള്‍ നടപ്പിലാകാത്ത നിലയിലാണ്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മെഡിക്കല്‍ ഓഫിസര്‍ ഡോ. മേനകാ വാസുദേവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഗിരീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പരിശോധനയും നടത്തി വരുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും പരിസരങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്നും ആരോഗ്യ വിഭാഗം ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്.
ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അവഗണിക്കുന്നതാണ് ഇത്തരം രോഗങ്ങള്‍ പൂര്‍ണമായും തടയാന്‍ കഴിയാത്തതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."