മഞ്ചേരിയിലെ തെരുവുകച്ചവടം: നിയന്ത്രിക്കുമെന്ന തീരുമാനം കടലാസില്‍
മഞ്ചേരി: മഞ്ചേരിയില്‍ തെരുവു കച്ചവടത്തിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനങ്ങള്‍ നടപ്പായില്ല. തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കല്‍ ഉള്‍പ്പെടെ മഞ്ചേരി നഗരത്തില്‍ ഒട്ടേറെ ക്രമീകരണങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു കഴിഞ്ഞ മാസം നഗരസഭാ അധികൃതര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍. എന്നാല്‍ നഗരത്തിലെ തെരുവുകച്ചവടം വീണ്ടും സജീവമായിരിക്കുകയാണ്.
മഞ്ചേരി പാണ്ടിക്കാട് റോഡ്, മലപ്പുറം റോഡ് എന്നിവിടങ്ങളിലാണ് തെരുവുകച്ചവടക്കാര്‍ നിറഞ്ഞിരിക്കുന്നത്. ആദ്യമെ വലിയ ഗതാഗതക്കുരുക്കാണ് മഞ്ചേരി നഗരത്തില്‍ അനുഭവപ്പെടുന്നത്. ഹൈവേകളുടെ ഇരുവശങ്ങളിലുമായി തെരുവു കച്ചവടക്കാരും നിറഞ്ഞതോടെ കാല്‍നട യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത്തരം തിരക്കു പരിഗണിച്ച് നേരത്തെ പാണ്ടിക്കാട് റോഡിലേയും മലപ്പുറം റോഡിലേയും തെരുവുകച്ചവടങ്ങള്‍ പൊലിസ് ഒഴിപ്പിച്ചിരുന്നു. പൊലിസ് നിരോധനം ഏര്‍പ്പെടുത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വീണ്ടും കച്ചവടം തുടങ്ങുകയായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാന രണ്ടു വഴികള്‍ പാണ്ടിക്കാട് റോഡില്‍ നിന്നും മലപ്പുറം റോഡില്‍ നിന്നുമാണുള്ളത്.
രോഗികളുമായി അതിവേഗത്തില്‍ കുതിച്ചെത്തുന്ന വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ ഇവിടങ്ങളിലെ തിരക്കു മൂലം പലപ്പോഴും സാധിക്കാറില്ല. മഞ്ചേരി മലപ്പുറം റോഡിലും പാണ്ടിക്കാട് റോഡിലുമുള്ള ഈ പ്രധാന ഭാഗത്താണ് തെരുവുകച്ചവടക്കാരും തമ്പടിച്ചിരിക്കുന്നത്. കച്ചവടക്കാര്‍ക്കു ചുറ്റും ജനക്കൂട്ടം തടിച്ചുകൂടി നില്‍ക്കുന്നത് ഇത്തരം പ്രധാന കേന്ദ്രങ്ങള്‍ക്കു സമീപത്താവുമ്പോള്‍ ഗാതഗതക്കുരുക്കു മണിക്കൂറുകളോളം നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."