ഗതാഗതക്കുരുക്ക്: പെരിന്തല്‍മണ്ണയില്‍ അഞ്ചാംഘട്ട ട്രാഫിക് ക്രമീകരണം ഇന്നുമുതല്‍
പെരിന്തല്‍മണ്ണ: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നടപ്പാക്കുന്ന ഗതാഗത പരിഷ്‌കാരത്തിലെ അഞ്ചാം ഘട്ട ട്രാഫിക് ക്രമീകരണം ഇന്നുമുതല്‍ നിലവില്‍വരും. ഇതിന്റെ ഭാഗമായി നഗരത്തില്‍ ഇതുവരെ തുടര്‍ന്നുപോന്നിരുന്ന രണ്ടു ബസ്സ്റ്റാന്‍ഡുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കും. കോഴിക്കോട് റോഡില്‍ നഗരസഭാ കാര്യാലയത്തിന് മുന്നിലായും, എതിര്‍വശത്ത് സംഗീത തിയറ്റര്‍ റോഡിലുമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് നിര്‍ത്തലാക്കുന്നത്. നഗരസഭക്ക് മുന്നിലുള്ള ബസ് സ്റ്റോപ്പിനെ ആശ്രയിച്ചിരുന്നവര്‍ പകരമായി മണ്ണാര്‍ക്കാട് റോഡില്‍ കെ.ആര്‍ ബേക്കറിക്ക് മുന്‍വശത്ത് പുതുതായി ആരംഭിച്ച ബസ്സ്റ്റാന്‍ഡില്‍ പോയി ബസ് പിടിക്കേണ്ടിവരും. നാലാംഘട്ട ക്രമീകരണത്തിന്റെ ഭാഗമായി 15 മുതലാണ് ഇവിടെ പുതിയ ബസ് സ്റ്റോപ്പ് അനുവദിച്ചത്. രണ്ടാംഘട്ടത്തില്‍ ഏറെ കെട്ടിഘോഷിച്ച് നടപ്പാക്കിയ സംഗീത തിയറ്റര്‍ പരിസരത്തുള്ള ബസ് ബേയും എടുത്തുകളയും.
അതേസമയം ട്രാഫിക് ക്രമീകരണത്തിന്റെ ഭാഗമായി നഗരസഭാ കാര്യാലയത്തിന് മുന്‍വശത്തെ ബസ് സ്റ്റാന്‍ഡ് എടുത്തുകളയാനുള്ള നീക്കം അഭിപ്രായ സമന്വയമില്ലാതെയാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ സ്റ്റാന്‍ഡ് ഒഴിവാക്കുന്നതോടെ, നഗരത്തില്‍ ഏറ്റവും തിരക്കേറിയ കോഴിക്കോട് റോഡില്‍ ബസ് സ്റ്റോപ്പ് തന്നെ ഇല്ലാതെയാകുന്ന അവസ്ഥയാണുണ്ടാവുക. ഏകാധിപത്യ തീരുമാനത്തിലൂടെ നടപ്പാക്കിയ തെറ്റായ ക്രമീകരണത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രത്യക്ഷ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."