കെ.എസ്.ആര്.ടി.സി ബസിടിച്ച് സ്റ്റോര്കീപ്പര്ക്കു പരുക്ക്
കോവളം: വിഴിഞ്ഞത്ത് അറ്റകുറ്റപണി കഴിഞ്ഞ് പുറത്തേക്കെടുക്കുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് ബസിനടിയില്‍ വീണ സ്റ്റോര്‍ കീപ്പര്‍ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിഴിഞ്ഞം ഡിപ്പോയിലെ സ്പെയര്‍ പാര്‍ട്സ് സെക്ഷന്‍ സ്റ്റോര്‍ കീപ്പര്‍ പെരിങ്ങമ്മല നെല്ലിവിള സ്വദേശി സ്റ്റുവര്‍ട്ടാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 10.30 ഓട് കൂടിയായിരുന്നു അപകടം. നേരത്തെ ഡിപ്പോയില്‍ ഡ്രൈവറായിരുന്ന സ്റ്റുവര്‍ട്ട് ഓടിച്ചിരുന്ന കെ.എസ്.ആര്.ടി.സി ബസ് ആറുവര്‍ഷം മുമ്പ് പാരിപ്പള്ളിയില്‍ വെച്ച് ഒരു ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പെട്ട് പരുക്കേറ്റതിനെ തുടര്‍ന്ന് ഒരു കാല് മുറിച്ച് മാറ്റിയ ശേഷം കൃത്രിമ കാല് പിടിപ്പിച്ചാണ് നടക്കുന്നത്. അന്നത്തെ അപകടത്തിന് ശേഷം സ്റ്റോര്‍ കീപ്പറായി ജോലി ചെയ്ത് വരവെയാണ് ഇന്നലെ അപകടത്തില്‍ പെട്ടത്.
ഫിറ്റ്നസ് ടെസ്റ്റിനായി അറ്റകുറ്റപണി കഴിഞ്ഞ് റാമ്പില്‍ നിന്ന ബസ് പുറത്തിറക്കാനായി മെക്കാനിക് പിന്നോട്ട് എടുക്കവെ അതുവഴി വന്ന സ്റ്റുവര്‍ട്ട് അപകടത്തില്‍പെടുകയായിരുന്നു. സ്റ്റുവര്‍ട്ട് പുറകിലൂടെ വരുന്നത് മെക്കാനിക്ക് കാണാതിരുന്നതും അംഗവൈകല്യം ഉള്ളതിനാല്‍ സ്റ്റുവര്‍ട്ടിന് ഓടി മാറാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ പിന്നോട്ടെടുത്ത ബസ് തട്ടിയതോടെ ബസിനടിയിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട് ആളുകള്‍ ബഹളം വെച്ചതോടെ ബസ് നിറുത്തി ബസിനടിയില്‍ പെട്ട സ്റ്റുവര്‍ട്ടിനെ മറ്റൊരു ബസില്‍ വിഴിഞ്ഞം ആശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിക്കുകയായിരുന്നു. ബസ് തട്ടിയതിനെ തുടര്‍ന്ന് കൈക്കും ഷോള്‍ഡറിനും കാലിനും പരുക്കേറ്റ സ്റ്റുവര്‍ട്ട് അപകടനില തരണം ചെയ്തതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."