പാണ്ടിക്കുടി മദ്യവില്പന ശാലക്കെതിരേ പ്രതിഷേധം ശക്തം; സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു
മട്ടാഞ്ചേരി: പാണ്ടിക്കുടിയില്‍ ആരംഭിച്ച ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യ വില്പന ശാലക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. തോപ്പുംപടിയില്‍ നിന്ന് മാറ്റിയ മദ്യ വില്പന ശാലയാണ് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെ വളരെ രഹസ്യമായാണ് മദ്യ വില്പന കേന്ദ്രം ഇവിടെ ആരംഭിച്ചത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിതമായി എത്തിയതോടെ മദ്യ വില്‍പ്പന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. തുടര്‍ന്ന് പൊലിസെത്തി സമരക്കാരെ നീക്കം ചെയ്തതിനേ തുടര്‍ന്ന് മദ്യ വില്പനശാല തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.
വികാരിമാരുള്പ്പെടെയുള്ള സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഫാദര്‍ ആന്റെണി അറക്കല്‍, ഫാദര്‍ രാജു, കൗണ്‍സിലര്‍ ശ്യാമള പ്രഭു, ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് പ്രവീണ്‍ ദാമോദര പ്രഭു, സെക്രട്ടറി ലെയ്സന്‍ ആന്റെണി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഉച്ചയോടെ ഇവരെ ജാമ്യത്തില്‍ വിട്ടു.
നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മദ്യ ശാലക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ ധര്‍ണ നടത്തി.
ഇപ്പോള്‍ പൊലിസ് സന്നാഹത്തോടെയാണ് മദ്യ വില്പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇന്ന് മുതല്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. പാണ്ടിക്കുടിയില്‍ സപ്ളൈകോയുടെ മദ്യ വില്‍പ്പന ശാലയും ബിയര്‍ വൈന്‍ പാര്‍ലറും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് മറ്റൊരു മദ്യവില്പന കേന്ദ്രം കൂടി തുടങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."