ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസിനു നാലു വിമാന കമ്പനികള്‍
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനായുള്ള ഇന്ത്യന്‍ ഹാജിമാരുടെ യാത്ര സംബന്ധിച്ച് ഏകദേശ രൂപരേഖ തയ്യാറായതായി ജിദ്ദയിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലും ഇന്ത്യന്‍ ഹജ്ജ് കോണ്‍സുലുമായ മുഹമ്മദ് ഷാഹിദ് ആലം വ്യക്തമാക്കി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ഇന്ത്യന്‍ ഹാജിമാരുടെ ഒരുക്കങ്ങള്‍ വ്യക്തമാക്കിയത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് 136,020 ഹാജിമാരാണ് വിശുദ്ധ മണ്ണിലേക്ക് വരുന്നത്. 100,020 പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന സര്‍ക്കാര്‍ ക്വാട്ടയിലും ബാക്കിയുള്ള 36,000 ഹാജിമാര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേനയുമാണ് ഹജ്ജിനെത്തുക.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ 21 എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്നാണ് ഹാജിമാര്‍ യാത്ര തിരിക്കുന്നത്. ഹാജിമാരുടെ സുഖമമായ യാത്രക്കായി ഈ വര്‍ഷം പതിവിനു വിപരീതമായി നാലു വിമാന കമ്പനികളാണ് സര്‍വ്വീസ് നടത്തുക. ഇന്ത്യന്‍ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ 11 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും സഊദി ദേശീയ വിമാന കമ്പനി സഊദി എയര്‍ലൈന്‍സും, സഊദിയിലെ തന്നെ സ്വകാര്യ വിമാന കമ്പനിയായ നാസ് എയര്‍ലൈന്‍സും എട്ടു പോയിന്റുകളില്‍ നിന്നും ഹാജിമാരെ മക്കയില്‍ എത്തിക്കും. പുതുതായി കടന്നു വരുന്ന ഇന്ത്യയിലെ ലോ ബജറ്റ് എയര്‍ലൈന്‍സായ ആഭ്യന്തര സര്‍വീസ് രംഗത്ത് പേരുകേട്ട സ്‌പൈസ് ജെറ്റ് രണ്ട് കേന്ദ്രങ്ങളില്‍ നിന്നും ഹാജിമാരുമായി യാത്ര തിരിക്കും. ഇതാദ്യമായാണ് സ്‌പൈസ് ജെറ്റ് ഹജ്ജ് സര്‍വ്വീസിനെത്തുന്നത്. വിമാന സര്‍വീസുകളുടെ ഷെഡ്യൂളുകളും മറ്റും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഹാജിമാര്‍ ജിദ്ദയിലും മദീന അന്താരാഷ്ട്ര വിമാനത്താവളത്തിലുമായിരിക്കും ഇറങ്ങുക. തിരിച്ചു പോകുമ്പോള്‍ ജിദ്ദയില്‍ ഇറങ്ങിയവര്‍ മദീന വിമാനത്താവളം വഴിയും മദീന വഴി വന്നവര്‍ ജിദ്ദ വിമാനത്താവളം വഴിയുമായിരിക്കും യാത്ര പുറപ്പെടുക.
അതേസമയം, മദീന താമസ കേന്ദ്രങ്ങളില്‍ ഹാജിമാര്‍ക്ക് ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതല്ല. കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍ ഇത് കല്ലുകടിയായി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. മാത്രമല്ല, വിമാനയാത്രക്കായി കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച ഏക മോഡല്‍ ബാഗേജ് സംവിധാനവും ഒഴിവാക്കിയിട്ടുണ്ട്. ഏക രൂപമായതിനാല്‍ ഹാജി മാര്‍ക്ക് അവരവരുടെ ബാഗേജുകള്‍ ലഭിക്കാന്‍ ഏറെ പ്രയാസം സൃഷ്ടിച്ചതിനാലാണത്. ഈ വര്‍ഷം ഹാജിമാര്‍ക്ക് മുന്‍ കാലങ്ങളിലെ പോലെ ഒരോരുത്തര്‍ക്കും 45 കിലോ ബാഗേജും 10 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും എന്നാല്‍ ബാഗേജ് 23 കിലോയില്‍ അധികമാവാത്ത രണ്ടു പെട്ടികളിലായിരിക്കണം.
ഇതിനകം തന്നെ, ഹാജിമാര്‍ക്കാവശ്യമായ കെട്ടിടങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയായി. ഹറം സെന്‍ട്രല്‍ ഏരിയയിലെയും അസീസിയയിലെയും ഗ്രീന്‍ കാറ്റഗറിയിലെ അനുവദിക്കപ്പെട്ട മൂന്നു കെട്ടിടങ്ങളുടെ പരിശോധനയും മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയായി. ഹജ്ജ് മിഷന്‍ ഇവ ഏറ്റെടുക്കുന്നതിനുള്ള അവസാന ഘട്ട പ്രവര്‍ത്തനത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ സഊദി ഹജ്ജ് ഉംറ മന്ത്രാലയങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായ ഏറ്റവും നല്ല കെട്ടിടങ്ങളാണ് ഏറ്റെടുക്കുന്നത്. ഈ വര്‍ഷം ആദ്യമായി കെട്ടിടങ്ങള്‍ക്കുള്ള ഇ പേയ്‌മെന്റ് സംവിധാനവും ഉപയോഗിക്കും.
ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മറ്റു ഉന്നത മിഷനുകളുമായി സഹകരിച്ച് നാവിഗേഷന്‍ സംവിധാനങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങി മറ്റു പല ഉന്നത സംവിധാനങ്ങളും സേവനങ്ങളും നടപ്പിലാക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെ പരിചയങ്ങള്‍ മുന്നില്‍ കണ്ട് പല പുതിയ മൂല്യ വര്‍ദ്ധിത സേവനങ്ങളും നടപ്പിലാക്കുന്നുണ്ട്. എന്നാല്‍, അതു വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."