കായലില്‍ സ്ഥാപിച്ച കുടിവെള്ള പൈപ്പ് പൊങ്ങി; കുമ്പളം മത്സ്യമാര്‍ക്കറ്റിന്റെ കല്ലുകെട്ട് തകര്‍ന്നു
നെട്ടൂര്‍: ലോക ബാങ്ക് സഹായത്തോടെ അരൂര്‍, കുമ്പളങ്ങി പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുവേണ്ടി വെള്ളത്തിനടിയിലൂടെ സ്ഥാപിച്ചിരുന്ന കൂറ്റന്‍ കുഴലുകള്‍ കുമ്പളം അരൂര്‍ പാലത്തിന് സമീപം കായലിന്റെ അടിത്തട്ടില്‍നിന്നും ഉയര്‍ന്ന് പൊങ്ങിയത് മൂലം നിര്‍ദിഷ്ട കുമ്പളം മത്സ്യ മാര്‍ക്കറ്റിന് വേണ്ടി കല്ല് കെട്ടിയത് തകര്‍ന്ന അവസ്ഥയിലായി. വെള്ളത്തിനടിയിലൂടെ ഇട്ടിരുന്ന കുഴലുകള്‍ മര്‍ദ്ദംമൂലം കുമ്പളം ഭാഗത്ത് ഉയര്‍ന്നു പൊങ്ങുകയായിരുന്നു. ഇതോടെ ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്.
മത്സ്യമാര്ക്കറ്റിനുവേണ്ടി കണ്ടെത്തിയ പ്രദേശം കല്ലുകള്‍കെട്ടി അതിരുകള്‍ നിശ്ചയിച്ച സ്ഥലത്തോട് ചേര്‍ന്നാണ് കുഴലുകള്‍ സ്ഥാപിച്ചിരുന്നത്. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കുഴലുകള്‍ സ്ഥാപിച്ചിരുന്നതിനാലാണ് ജലവിതരണ പൈപ്പുകള്‍ മുകളിലേക്ക് പൊങ്ങിയത്.
പൈപ്പുകള്‍ ഉയര്‍ന്നു വന്നതുമൂലം നിര്‍ദിഷ്ട മത്സ്യ മാര്‍ക്കറ്റിന്റെ കല്ലുകെട്ട് കുറെ ഭാഗം തകരുകയും പൈപ്പുകള്‍ പുന:സ്ഥാപിക്കുന്നതിവേണ്ടി കുറെക്കൂടി കല്ലുകെട്ട് പൊളിച്ചുമാറ്റുകയും ചെയ്തിരിക്കുകയാണ്.
പൈപ്പുകള്‍ പൂര്‍വസ്ഥിതിയിലാക്കി ജലവിതരണം പുനസ്ഥാപിക്കുകയും കല്ലുകെട്ട് എത്രയുംവേഗം പുനസ്ഥാപിക്കുകയും ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആന്റണി കളരിക്കലും ബ്ലോക്ക് പ്രസിഡന്റ്് സി.കെ അപ്പുക്കുട്ടനും ആവശ്യപ്പെട്ടു. നിര്‍ദിഷ്ട കുമ്പളം മത്സ്യ മാര്‍ക്കറ്റ് എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."