കൊലവിളിയുമായി കാട്ടാനകള്‍
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. മുഴക്കുന്ന് വട്ടപ്പൊയില്‍ സ്വദേശികളായ വിനോദ്, ശങ്കരന്‍ നമ്പൂതിരി എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ നാട്ടിലിറങ്ങിയ കാട്ടാനകള്‍ ആക്രമിച്ചത്. കാലിനും കൈക്കും സാരമായി പരുക്കേറ്റ വിനോദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറളം ഫാമില്‍ നിന്ന് പുഴകടന്ന് ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയ മൂന്ന് കാട്ടാനകളാണ് ബൈക്ക് യാത്രികനായ വിനോദിനെ ആക്രമിച്ചത്. കോഴിക്കോട് പോയി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേയാണ് പുലര്‍ച്ചെ ആറോടെ വട്ടപ്പൊയിലിലെ വീടിനു സമീപത്തു വച്ച് വിനോദ് കാട്ടാനകളുടെ ആക്രമണത്തിന് ഇരയായത്. കൈകാലുകള്‍ക്ക് സാരമായി പരുക്കേറ്റ വിനോദിനെ ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം മിനിലോറിയില്‍ കയറ്റി കാക്കയങ്ങാടും പിന്നീട് മുഴക്കുന്ന് പൊലിസിന്റെ സഹായത്തോടെ ആംബുലന്‍സില്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആനയെ കണ്ട് ഓടുന്നതിനിടെയാണ് വട്ടപൊയിലില്‍ വച്ച് പ്രദേശവാസിയായ ശങ്കരന്‍ നമ്പൂതിരിക്ക് വീണ് പരുക്കേറ്റത്. തലനാരിഴയ്ക്കാണ് രണ്ടുപേര്‍ക്കും ജീവന്‍ തിരിച്ചുകിട്ടിയത്.
പ്രദേശത്തെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസമായി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനകളാണ് പ്രദേശവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. പെരുമ്പുന്ന കല്ലേരിമല വഴി മുഴക്കുന്ന് പ്രദേശത്ത് നിരവധി ജനവാസ കേന്ദ്രങ്ങള്‍ പിന്നിട്ട് കിലോമീറ്ററുകള്‍ താണ്ടി എത്തിയ കാട്ടാനകള്‍ കഴിഞ്ഞ രാത്രിയോടെ വട്ടപ്പൊയില്‍ മേഖലയിലേക്ക് കടക്കുകയും ഇവിടുത്തെ ജനവാസ കേന്ദ്രത്തില്‍ തന്നെ തങ്ങുകയുമായിരുന്നു.
ഒരു കുട്ടിയാന ഉള്‍പ്പെടെ മൂന്ന് ആനകളാണ് സംഘത്തിലുള്ളത്. ആനകള്‍ കാട്ടിലേക്ക് തിരിച്ചുപോകാതെ സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വനംവകുപ്പ്, പൊലിസ് ഉദ്യോഗസ്ഥരും രാത്രി മുതല്‍ തന്നെ ആനയെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടോടെ ആറളം വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ വി. മധുസൂദനന്റെ നേതൃത്വത്തില്‍ വനംവകുപ്പും മുഴക്കുന്ന് പൊലിസും റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളും സ്ഥലത്തെത്തി. ഒരവസരത്തില്‍ ആനകള്‍ തിരിച്ച് കാക്കയങ്ങാടിന് അടുത്തുവരെ എത്തിയെങ്കിലും വീണ്ടും ജനവാസകേന്ദ്രത്തിലേക്കു തന്നെ തിരിഞ്ഞോടി. പൊലിസും ജനപ്രതിനിധികളും പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് മന്ത്രി കെ.കെ ശൈലജ, സണ്ണി ജോസഫ് എം.എല്‍.എ എന്നിവര്‍ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തിവിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ മണിക്കൂറുകളോളം ഇരിട്ടി-പേരാവൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ വിനോദിന് കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ കാലിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. നിര്‍ധന കുടുംബത്തിന്റെ അത്താണിയായ വിനോദിന്റെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അടിയന്തിര ധനസഹായം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."