നിപ്പാ വൈറസ്: കോഴിക്കോട്ട് രണ്ടുപേര്‍ കൂടി മരിച്ചു, മലപ്പുറത്ത് നാലു പേർ, മരണം ഒന്‍പതായി
കോഴിക്കോട്: നിപ്പാ വൈറസ് മൂലമുള്ള പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നാലുപേർ മരിച്ചതും നിപ്പാ വൈറസ് മൂലം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പനി ബാധിച്ച ആറു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
അതേസമയം, വൈറസ് ബാധ പടരുന്നത് തടയാന്‍ ജില്ലാ തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ ഇതിനായി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
മരിച്ചവരില്‍ കണ്ട വൈറസ് ബാധ മൂലമുള്ള പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച രോഗികളെയാണ് പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നത്. കോഴിക്കോട് മെഡി.കോളേജിലും, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡ് ഇതിനോടകം തുറന്നിട്ടുണ്ട്.
മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് മാത്രമാണ് രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പനിബാധയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനും ലോകാരോഗ്യസംഘടനയ്ക്കും വിവരം കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
വായുവിലൂടെ പകരുന്നതരം രോഗമല്ലത്തതിനാല്‍ ആശങ്കപ്പെടാനില്ല. എന്നാല്‍ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ചങ്ങോരത്താണ് വൈറസ് ബാധ മൂലമുള്ള പനി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഈ അസുഖം വന്ന് മരിച്ചിരുന്നു.
മലപ്പുറത്ത് മരിച്ചത് നാലു പേര്‍
മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടുമേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36), തെന്നല മണ്ണത്തനാട്ടുകോളനിക്ക് സമീപം മണ്ണത്തനാട്ടു പടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത(23), ചാപ്പനങ്ങാടി ചട്ടിപ്പറമ്പ് പാലയില്‍ അഷ്്‌റഫിന്റെ മകന്‍ മുഹമ്മദ് ശിബിലി (14), കൊളത്തൂര്‍ കാരാട്ടുപറമ്പ് താഴത്തില്‍തൊടി വേലായുധന്‍ (സുന്ദരന്‍ 48) എന്നിവരാണ് മലപ്പുറത്ത് മരിച്ചത്. എല്ലാവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നാലുദിവസം മുമ്പാണ് സിന്ധുവിന് പനി ബാധിച്ചത്. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിന്ധു ഇന്നലെ വൈകിട്ട് അഞ്ചരയോടെ മരിക്കുകയായിരുന്നു. മക്കള്‍: ആദിത്യ, ശ്യാദി, ആരാധ്യ, പിതാവ്: ഹരിദാസന്‍. അമ്മ: തങ്ക.
ഷിജിതയുടെ മാതാവ്:കാളി. അച്ഛന്‍: അയ്യപ്പന്‍. സഹോദരന്‍: മനോജ്. വേലായുധന്റെ ഭാര്യ: വസന്ത. മക്കള്‍: വിജീഷ്, വിനിത, വിജിത. മരുമക്കള്‍: ശശി (കോട്ടപ്പുറം), മോഹന്‍ ദാസ് (ചേങ്ങോട്ടൂര്‍), ഗ്രീഷ്മ(ആനമങ്ങാട്). ശിബിലിയുടെ മാതാവ്: സലീന.
മരണം നിപ്പ നിപ്പ വൈറസ് ബാധ മൂലമാണെന്ന സംശയത്തെത്തുടര്‍ന്ന് ആരോഗ്യ വിഭാഗം സിന്ധുവിന്റെ വീട്ടിലെത്തി. മറ്റുമരണങ്ങള്‍ നിപ്പ വൈറസ് മൂലമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."