വിജയത്തിന്റെ നിറം ചുവപ്പായിരുന്നു...
ചിരി നിലനിര്‍ത്താന്‍ തന്നെ തീരുമാനിച്ചായിരുന്നു ചിലി ശതാബ്ദി കോപ്പയിലേക്ക് വന്നത്. ഓരോ കളി കഴിഞ്ഞപ്പോഴും അവരുടെ സമീപനം കണ്ടവര്‍ക്ക് അതു പെട്ടെന്നു പിടികിട്ടും. പക്ഷേ ഫൈനലില്‍ അര്‍ജന്റീനയ്ക്കു മാത്രം അതു മനസ്സിലായില്ല. സംഭവ ബഹുലമായ 120 മിനുട്ടുകള്‍ ഗോള്‍രഹിതമായി കടന്നു പോയപ്പോള്‍ ലോകം അമ്പരന്ന ഒരു കാഴ്ചയ്ക്കു കൂടി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എണ്‍പത്തിരണ്ടായിരത്തോളം കാണികള്‍ സാക്ഷ്യം വഹിച്ചു. സാക്ഷാല്‍ ലയണല്‍ മെസ്സി ഒരു പെനാല്‍റ്റി പുറത്തേക്ക് അടിച്ചു കളയുന്നു!
അര്‍ജന്റീനയുടെ രക്ഷകനാകാന്‍ മെസ്സിക്കായില്ല. പൊട്ടിക്കരഞ്ഞ് തല കുമ്പിട്ട് ഒരിക്കല്‍ കൂടി രണ്ടാമനായി മടങ്ങിയ മെസ്സി അര്‍ജന്റീനയ്ക്കായി ഇനി കളിക്കാനില്ലെന്നും പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ചതും മത്സര ശേഷവും കാര്യങ്ങളെ സംഭവ ബഹുലമാക്കി. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിതമായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2 ന് ചിലി വിജയം സ്വന്തമാക്കി. അര്‍ജന്റീനയുടെ മെസ്സിയും ബിഗ്ലിയയും പെനാല്‍റ്റി കിക്ക് പാഴാക്കി ദുരന്ത നായകന്‍മാരായപ്പോള്‍ ചിലിയന്‍ നായകന്‍ ക്ലൗഡിയോ ബ്രാവോയ്ക്ക് തുടര്‍ച്ചയായി രണ്ടാം തവണയും കോപ്പ കിരീടം ഏറ്റുവാങ്ങാനുള്ള നിയോഗമുണ്ടായി.
ചെമ്പടയുടെ കുതിപ്പ്
ലാറ്റിനമേരിക്കയുടെ സൗന്ദര്യ ഫുട്‌ബോളിനെ കെട്ടിപ്പൂട്ടിയാണ് ചിലി ഫൈനല്‍ കളിക്കാനിറങ്ങിയത്. ജയിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന നയം അവര്‍ കൃത്യമായി മൈതാനത്ത് ആടി തീര്‍ത്തു.
ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോടു തോറ്റ ചിലി ഓരോ കളിയും കഴിയും തോറു ജാഗ്രതയുള്ള സംഘമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. അതിന്റെ കെട്ട് അവര്‍ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയുടെ മുന്നിലാണ് പൊട്ടിച്ചത്.
ഏഴു ഗോളിനു മെക്‌സിക്കോയെ അവര്‍ മുക്കി താഴ്ത്തി. അതൊരു മുന്നറിയിപ്പായിരുന്നു. പിന്നീട് സെമിയില്‍ കൊളംബിയയും അവരുടെ കരുത്തിനെ നമിച്ചു. ഒടുവില്‍ അര്‍ജന്റീനയ്ക്കും മറുപടികളില്ലാതെ പോയി.
നിതാന്ത ജാഗ്രതയില്‍ മുന്നേറ്റം
അധ്വാനത്തിന്റെ ഫലം വൈകിയാണെങ്കിലും അനുകൂലമാകുമെന്നതിനു ചിലിയാണ് സാക്ഷ്യം. അര്‍ജന്റീനയുടെ മുന്നേറ്റത്തെ കുടുക്കാന്‍ മെസ്സിയെ പൂട്ടണമെന്ന സാമന്യ യുക്തി കൃത്യമായി നടപ്പാക്കാന്‍ ചിലിക്കു സാധിച്ചു. മെസ്സിയുടെ കാലില്‍ പന്തെത്തുമ്പോഴെല്ലാം അതു റാഞ്ചാന്‍ ചിലിയന്‍ താരങ്ങള്‍ക്കായി. ചിലിക്കായിരുന്നു കളിയില്‍ പന്തു കൈവശം വച്ചതിന്റെ ആധിപത്യം. എന്നാല്‍ അര്‍ജന്റീനയാണ് അവസരങ്ങള്‍ സൃഷ്ടിച്ചത്. ബാറിനു കീഴില്‍ ക്ലൗഡിയോ ബ്രാവോയുടെ നിതാന്ത ജാഗ്രതയില്‍ തുടങ്ങി ചിലിയുടെ ഓരോ നീക്കങ്ങളും അതീവ ശ്രദ്ധയോടെയായിരുന്നു. മറുഭാഗത്ത് അര്‍ജന്റീനയുടെ പ്രതിരോധം ഒഴിഞ്ഞ അവസ്ഥയിലായിരുന്നു. ഈ വിടവ് മുതലാക്കുന്നതില്‍ മാത്രമാണ് ഒരു പക്ഷേ ചിലിക്ക് പിഴച്ചത്. ചില സമയത്ത് ചിലി ഗോളിനടുത്തെത്തുകയും ചെയ്തിരുന്നു. ഈ അവസരങ്ങള്‍ മുതലെടുക്കാന്‍ ചിലിക്ക് സാധിച്ചിരുന്നെങ്കില്‍ ഫലം നേരത്തെ തീരുമാനിക്കപ്പെട്ടേനെ. അര്‍ജന്റൈന്‍ ഗോളി റൊമേറോയുടെ സേവുകളാണ് അവിടെ വിനയായി നിന്നത്. ഒപ്പം ഫിനിഷിങിലെ അപൂര്‍ണതകളും ചിലിയെ പിന്നോട്ടടിച്ചു.
ആദ്യ കളിയില്‍ അര്‍ജന്റീനക്കെതിരേ ചിലി കളിക്കാനിറങ്ങിയത് 4-3-3 ഫോര്‍മേഷനിലായിരുന്നു. മുന്നേറ്റത്തില്‍ വര്‍ഗാസ്- സാഞ്ചസ്- ഫ്യൂന്‍സാലിഡ സഖ്യവും മധ്യനിരയില്‍ വിദാല്‍- അരാംഗ്യുസ്- മാര്‍സലോ ഡയസ് സഖ്യവും കളം നിറഞ്ഞു കളിച്ചു. കളി മൊത്തത്തില്‍ നിയന്ത്രിച്ചത് ഇസ്ല- മെഡല്‍- യാറ- ബ്യുസജര്‍ സഖ്യമായിരുന്നു. അധ്വാനിച്ചു കളിച്ച ഇവര്‍ അര്‍ജന്റൈന്‍ മുന്നേറ്റത്തിനു പ്രത്യേകിച്ച് മെസ്സിയുടെ കാലില്‍ പന്തെത്തിയപ്പോഴെല്ലാം വളഞ്ഞിട്ടു പിടിച്ചു. മധ്യനിര താരം ഡയസ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായതോടെ ചിലിക്ക് പത്തു പേരായി കളിക്കേണ്ടി വന്നപ്പോള്‍ അവര്‍ പതറിയില്ല എന്നത് ശ്രദ്ധേയമാണ്.
റഫറിയുടെ മണ്ടത്തരങ്ങള്‍
കളി തുടങ്ങിയപ്പോള്‍ മുതല്‍ ബ്രസീല്‍ റഫറി ഹെബെര്‍ റോബര്‍ട്ടോ ലോപസ് ശ്രദ്ധാ കേന്ദ്രമായിരുന്നു. കളിയിലുടനീളം അദ്ദേഹം ഏഴു മഞ്ഞ കാര്‍ഡുകളും രണ്ട് ചുവപ്പു കാര്‍ഡും കാണിച്ചു. ഈ തീരുമാനങ്ങള്‍ കളിയുടെ ഒഴുക്കിനെ സാരമായി തന്നെ ബാധിച്ചു. 29ാം മിനുട്ടില്‍ ഡയസ് രണ്ടാം മഞ്ഞ കാര്‍ഡ് വാങ്ങി പുറത്തു പോയി. 43ാം മിനുട്ടില്‍ അര്‍ജന്റൈന്‍ നിരയില്‍ മാര്‍ക്കോ റോഹോ ചുവപ്പു കാര്‍ഡിനു ബലിയാടായി. വിദാലിനെ ഫൗള്‍ ചെയ്തതിനു റഫറി നേരിട്ട് ചുവപ്പു നല്‍കുകയായിരുന്നു. ഇടയ്ക്ക് ബോക്‌സില്‍ വീണ് അനാവശ്യമായി അപ്പീല്‍ വിളിച്ചതിനു മെസ്സിയെ മഞ്ഞ കാര്‍ഡ് കാണിക്കാനും റഫറി മറന്നില്ല.
കാര്യമായ കളികള്‍
അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടു ചുവപ്പു കാര്‍ഡും അഞ്ചു മഞ്ഞക്കാര്‍ഡും കണ്ട ആദ്യ പകുതിയില്‍ ഇരു ടീമിനും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. മത്സരം തുടങ്ങി 19ാം സെക്കന്റില്‍ തന്നെ ബെനേഗ തൊടുത്ത നീണ്ട ഷോട്ട് ഗോളായില്ല. 20ാം മിനുട്ടില്‍ ചിലിയന്‍ പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്ത് പന്തുമായി മുന്നേറിയ ഹിഗ്വയ്‌ന് ഗോള്‍ നേടാനുള്ള ഒരു സുവര്‍ണാവസരം മുന്നില്‍ തെളിഞ്ഞെങ്കിലും ബ്രാവോ മാത്രം മുന്നില്‍ നില്‍ക്കേ ഹിഗ്വയ്ന്‍ പന്ത് പുറത്തേക്കടിച്ചു.
28ാം മിനുട്ടില്‍ മെസിയെ ഫൗള്‍ ചെയ്തതിന് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് ഡയസ് കളത്തിനു പുറത്തായി. പത്തു പേരുമായി കളിച്ച ചിലി തുടക്കത്തില്‍ അയഞ്ഞെങ്കിലും 43ാം മിനുട്ടില്‍ അര്‍ജന്റൈന്‍ താരം റോഹോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നതോടെ കളിയിലേക്ക് തിരിച്ചെത്തി. ആദ്യ പകുതിയില്‍ ആറു തവണയാണ് അര്‍ജെൈന്റന്‍ താരങ്ങള്‍ ചിലിയന്‍ മുഖത്തേക്ക് മുന്നേറ്റം നടത്തിയത്. എന്നാല്‍ ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ കൈവശം വച്ചത് ചിലിയായിരുന്നു 53 ശതമാനമായിരുന്നു അവരുടെ പൊസഷന്‍.
രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമും കളിച്ചത്. 69ാം മിനുട്ടില്‍ അര്‍ജന്റീന ഹിഗ്വയ്‌നെ വലിച്ച് സെര്‍ജിയോ അഗ്യെറോയെ ഇറക്കി. 85ാം മിനുട്ടില്‍ അഗ്യെറോയും ഒരു തുറന്ന ഗോളവസരം നഷ്ടമാക്കി. ചിലിയും ഈ സമയത്ത് രണ്ടു മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. അലക്‌സിസ് സാഞ്ചസിനും വര്‍ഗാസിനും അവസരം മുതലാക്കാന്‍ സാധിച്ചില്ല.
നിശ്ചിത സമയത്ത് ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് മത്സരം അധിക സമയത്തേക്കു നീണ്ടു. തുടക്കത്തില്‍ തന്നെ വര്‍ഗാസിന്റെ കൗണ്ടര്‍ അറ്റാക്കില്‍ ലഭിച്ച ഗോളവസരം റൊമേറോ കൈപ്പിടിയിലാക്കി. തൊട്ടപ്പുറത്ത് അഗ്യെറോയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ക്ലൗഡിയോ ബ്രാവോ അവിശ്വസനീയമാം വിധം തട്ടിയകറ്റി ചിലിയെ രക്ഷിച്ചു. പിന്നീടും കളി അവസാനിക്കും വരെ ചിലി പ്രതിരോധം ശക്തമാക്കി പിടിച്ചു നിന്നു.
ആന്റി ക്ലൈമാക്‌സ്
മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടതോടെ ഇരു ടീമിനും നിര്‍ണായകമായി. ചിലിക്ക് ലഭിച്ച ആദ്യ കിക്ക് വിദാല്‍ എടുത്തു. എന്നാല്‍ റൊമേറോ അതു തട്ടിയകറ്റി. റൊമേറോയുടെ മികവ് അര്‍ജന്റീനക്ക് മാനസ്സിക മുന്‍തൂക്കം നല്‍കിയതോടെ അവര്‍ക്ക് ആത്മവിശ്വാസം വന്നു. അര്‍ജന്റീനയ്ക്കു വേണ്ടി കിക്കെടുക്കാനെത്തിയത് ലയണല്‍ മെസ്സി. മെസ്സിയുടെ കിക്ക് പുറത്തേക്കാണ് പോയത്. ആ ഒരൊറ്റ നിമിഷം കാര്യങ്ങള്‍ മാറി. അര്‍ജന്റീന അവിടെ തീര്‍ന്നിരുന്നു. പിന്നീട് ചിലിയുടെ നാലു താരങ്ങളും ഷോട്ട് വലയിലെത്തിച്ചപ്പോള്‍ ബിഗ്ലിയയുടെ ഷോട്ട് ക്ലൗഡിയോ ബ്രാവോ തട്ടിയകറ്റി ടീമിന്റെ വിജയം 4-2നു ഉറപ്പാക്കി.
ബാഴ്‌സലോണയില്‍ ഒരുമിച്ചു കളിക്കുന്ന മെസ്സിയും ബ്രാവോയും തങ്ങളുടെ ദേശീയ ടീമിന്റെ നായകന്‍മാരായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബ്രാവോ മികച്ച പ്രകടനവുമായി മുന്നില്‍ നിന്നു പട നയിച്ചു. മെസ്സിയെന്ന നായകന്‍ നിര്‍ണായക ഘട്ടത്തിലെ സമ്മര്‍ദ്ദത്തിനു ഒരിക്കല്‍ കൂടി അടിപ്പെട്ട് ഒരു രാജ്യാന്തര കിരീടം തുടര്‍ച്ചയായി മൂന്നാം തവണയും നഷ്ടപ്പെട്ട് ഹതാശനായി പൊട്ടിക്കരഞ്ഞ് തന്റെ കരിയറിനു തന്നെ വിരാമമിടുന്നതാണ് മൈതാനത്ത് കണ്ടത്.
അടുത്ത കോപ്പ 2019ല്‍ ബ്രസീലില്‍
മിയാമി: 2019ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ബ്രസീലില്‍ നടക്കും. ലാറ്റിനമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റ് അലജാന്ദ്രോ ഡൊമിന്‍ഗ്വസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത് അഞ്ചാം തവണയാണ് ബ്രസീല്‍ കോപ്പയ്ക്കു വേദിയാകുന്നത്. 1989ലാണ് അവസാനമായി കോപ്പ ബ്രസീലില്‍ അരങ്ങേറിയത്. 1919, 1922, 1949 വര്‍ഷങ്ങളിലും ടൂര്‍ണമെന്റ് ബ്രസീലിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."