അവിടെ നോമ്പുതുറ അറിയിക്കാന്‍ ഇന്നും പീരങ്കി മുഴങ്ങുന്നു
ജിദ്ദ: റമദാനില്‍ നോമ്പുതുറ സമയം അറിയിക്കുന്നതിനായി സജീവമായിരുന്ന പീരങ്കിവെടി ഇന്നും ചിലയിടങ്ങളില്‍ മുഴങ്ങുന്നു. ഈജിപ്ത്, യു.എ.ഇ, ബംഗ്ലാദേശ്, കുവൈത്ത്, ബഹ്‌റൈന്‍, മദീന, മക്കയിലെ പര്‍വതപ്രദേശങ്ങളിലെ ചില പ്രദേശങ്ങളിലുമാണ് ഇപ്പോഴു ഈ സമ്പ്രദായം തുടരുന്നത്.
ഈജിപ്തില്‍ നിന്നാണ് പീരങ്കി വെടി പ്രചരിക്കുന്നത്. പിന്നീട് ജറൂസലം, ദമാസ്‌കസ്, സിറിയയിലെ നഗരങ്ങള്‍ എന്നിവിടങ്ങളിലും നിലവില്‍വന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബഗ്ദാദിലും പീരങ്കി ഗര്‍ജനം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് കുവൈത്തില്‍ ഈ രീതി വന്നത്.
1907ല്‍ ശൈഖ് മുബാറക് അല്‍സ്വബാഹിന്റെ കാലത്തായിരുന്നു കുവൈത്തില്‍ റമദാന്‍ പീരങ്കി വെടി മുഴങ്ങിയത്. സമയം മനസിലാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കാലത്താണ് സൂര്യാസ്തമയ സമയത്ത് പീരങ്കി വെടി പൊട്ടിച്ച് നോമ്പുതുറ സമയം അറിയിച്ചിരുന്നത്.
പീരങ്കിക്ക് മക്കയിലെ അനേകരുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനം ഉണ്ട്. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മക്ക പൊലിസാണിത് സ്ഥാപിച്ചത്, എല്ലാ റമദാനിലും പൊലിസാണ് ഇവ കൈകാര്യം ചെയ്തിരുന്നത്.
മക്കയിലെ പീരങ്കി വെടി സഊദി ടി.വി തത്സമയം സംപ്രേഷണം ചെയ്തിരുന്നു. റമദാന്‍, പെരുന്നാള്‍ മാസപ്പിറവി അറിയിച്ച് ഇവ ഇടിമുഴക്കത്തോടെ ഗര്‍ജിച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇവ നിശ്ചലമായത്. നോമ്പുതുറ സമയം അറിയിച്ച് ഒരു തവണയാണ് വെടി മുഴക്കിയിരുന്നത്. മദീനയില്‍ മാത്രമാണ് രണ്ട് പീരങ്കികളും ഇന്നും പ്രവര്‍ത്തിക്കുന്നത്. ദുബൈയില്‍ ഇത്തവണ രണ്ടിടങ്ങളില്‍ കൂടി ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."