വിദ്യാഭ്യാസ മന്ത്രി പ്രതികരിക്കണം: കെ.എസ്.ടി.യു
പാലക്കാട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ ചോദ്യപേപ്പറുകളില്‍ സംഭവിച്ച ഗുരുതരമായ താളപ്പിഴകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പ്രതികരിക്കണമെന്ന് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഗ്രേഡിങ് സമ്പ്രദായം ആരംഭിച്ചതിനു ശേഷം ഇതു പോലെ കഠിനവും അപാകവുമായ ചോദ്യങ്ങളുണ്ടായിട്ടില്ല. സംസ്ഥാനത്തെ പത്തു ലക്ഷത്തോളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഉത്കണ്ഠയിലാണ്. അവരെ പരിശീലിപ്പിച്ചവരുടെ ആത്മവിശ്വാസം തകരുകയാണ്. ചോദ്യകര്‍ത്താവിന്റെ പാണ്ഡിത്യവും കരവിരുതും പ്രകടിപ്പിക്കാനുള്ളതല്ല പരീക്ഷ ചോദ്യപേപ്പറുകള്‍.
പത്താംക്ലാസിലെ ഗണിതത്തിലും ഹിന്ദിയിലും ഉത്തരം കിട്ടാനല്ല പരമാവധി കുട്ടികള്‍ക്ക് ഉത്തരം കിട്ടാതിരിക്കാനുളള വക്രബുദ്ധിയാണ് പല ചോദ്യങ്ങളിലും സ്വീകരിച്ചിരിക്കുന്നത്.
അവതരണരീതി തെറ്റിച്ചും ഉപചോദ്യങ്ങള്‍ ക്രമം മാറ്റിയും പരീക്ഷാ ഹാളില്‍ ഗണിതപ്പേടി പുനഃസൃഷ്ടിച്ചിരിക്കുകയാണ്.
ഹയര്‍സെക്കന്‍ഡറിയില്‍ രണ്ടാം വര്‍ഷ ഭൗതിക ശാസ്ത്രത്തിലും ധനതത്വ ശാസ്ത്രത്തിലും ഒന്നാം വര്‍ഷ രസതന്ത്രത്തിലും ഇതാവര്‍ത്തിച്ചിരിക്കുന്നു.
സി.എം. അലി അധ്യക്ഷനായി. ഹമീദ് കൊമ്പത്ത്, കരീം പടുകുണ്ടില്‍, പി. ഉണ്ണീന്‍കുട്ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."