കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് ശിലയിട്ടു; 2020ല്‍ പൂര്‍ത്തീകരിക്കും
കളമശ്ശേരി: കൊച്ചി കാന്‍സര്‍ സെന്ററിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മൈതാനത്ത് നടന്ന ചടങ്ങിലാണ് കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചത്.
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കപ്പെടുമ്പോള്‍ അത് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഉന്നയിച്ച ആവശ്യത്തിന്റെ പൂര്‍ത്തീകരണം കൂടിയാവുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, കാന്‍സര്‍ രോഗം വര്‍ധിക്കാന്‍ കാരണം ജനങ്ങളുടെ ജീവിത ശൈലിയിലുണ്ടായ മാറ്റമാണെന്നും കൂട്ടിച്ചേര്‍ത്തു. 2020ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന് പുറമേ കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു.
കാന്‍സര്‍ നിയന്ത്രണ പരിപാടികളടങ്ങിയ നയരേഖ മുഖ്യമന്ത്രി ആരോഗ്യമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രതിവര്‍ഷം 50,000പേര്‍ കാന്‍സര്‍ രോഗികളാകുന്നുണ്ടെന്നും രോഗം വലിയ തോതില്‍ നമ്മുടെ സമൂഹത്തെ ബാധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായി. ആശുപത്രിക്കപ്പുറത്തേക്ക് ഒരു ഗവേഷണ കേന്ദ്രമായി ഇത് വളരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ.എം.കെ. സാനു, എം.എല്‍.എ.മാരായ വി.കെ.ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ആന്റണി ജോണ്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ.മാക്‌സി, സി.പി.എം. ജില്ലാ സെക്രട്ടറി പി.രാജീവ്, സി.പി.ഐ.ജില്ലാ സെക്രട്ടറി പി.രാജു, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള, സി.സി.ആര്‍.സി. ഡയരക്ടര്‍ ഡോ.മോനി കുര്യാക്കോസ്, സൂപ്രണ്ട് ഡോ.പി.ജി. ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."