മത്സ്യത്തൊഴിലാളി പുനരധിവാസ പാക്കേജ്: റിപ്പോര്‍ട്ട് അന്തിമ ഘട്ടത്തില്‍
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളി മേഖലയില്‍ നടപ്പാക്കേണ്ട 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ട് അന്തിമ ഘട്ടത്തില്‍. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് അധ്യക്ഷനായി രൂപീകരിച്ച ഏഴംഗ സമിതി പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിനുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ അന്തിമഘട്ട ജോലികളിലാണ്.
പദ്ധതി നടപ്പാക്കുന്നതിന് സ്വകാര്യ ഏജന്‍സികളെ സമീപിക്കുന്നതിനു മുന്‍പ് എന്തൊക്കെയാണ് ആവശ്യങ്ങളെന്നതു പഠിക്കുകയും അവ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയും, സ്വകാര്യ ഏജന്‍സികളെ എങ്ങനെ ഇതില്‍ സഹകരിപ്പിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഈ സമിതി ചെയ്യുന്നത്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ വിശദമായ പദ്ധതിരേഖ ഉണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 117.70 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ചത്. കേരളം നല്കിയ 7,340.45 കോടി രൂപയുടെ പുനരധിവാസ പാക്കേജിനോട് കേന്ദ്രം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ ഏജന്‍സികളെ സഹകരിപ്പിച്ച് പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനം ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."