പ്രതിരോധക്കരുത്തുമായ് സ്വിസ് സംഘം
പ്രതിരോധത്തിന്റെ കരുത്തില്‍ വിജയ നിക്ഷേപമിറക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വരുന്നു. യൂറോപ്പിലെ വമ്പന്‍ ടീമുകള്‍ക്കായി കളിക്കുന്ന ഒരുപിടി മികവുറ്റ താരങ്ങളുടെ സാന്നിധ്യമാണ് ടീമിന്റെ പ്രധാന കരുത്ത്. ഇറ്റലിയെപ്പോലെ പ്രതിരോധത്തിലൂടെ മത്സരം പിടിച്ചെടുക്കുന്ന സംഘമാണ് സ്വിസ് ടീം. 2016ലെ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെ മുന്നേറി മികവ് കാട്ടിയ അവര്‍ റഷ്യയിലെത്തുന്നത് പ്രതീക്ഷകളോടെയാണ്.
ലോക മാമാങ്കത്തിന്റെ ഭൂതകാല ചരിത്രത്തില്‍ മികവുറ്റ റെക്കോര്‍ഡ് അവര്‍ക്കുണ്ട്. 1934, 38, 54 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറിയ അവര്‍ 1994ലും 2006ലും കഴിഞ്ഞ ലോകകപ്പിലും പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു. ടീമിന്റെ പതിനൊന്നാം ലോകകപ്പാണ് റഷ്യയിലേത്.
യോഗ്യതാ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അവര്‍ സീറ്റുറപ്പിച്ചത്. പത്തില്‍ ഒന്‍പത് മത്സരങ്ങളും വിജയിച്ച അവര്‍ക്ക് പോര്‍ച്ചുഗലിനൊപ്പം പോയിന്റ് പങ്കിടാന്‍ സാധിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി നേരിട്ട് യോഗ്യത നേടി. രണ്ടാം സ്ഥാനത്തായ സ്വിസ് ടീം പ്ലേയോഫ് കടമ്പയും സമര്‍ഥമായി മറികടന്നാണ് ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിച്ചത്. പ്ലേയോഫിന്റെ ഇരു പാദങ്ങളിലായി വടക്കന്‍ അയര്‍ലന്‍ഡിനെ 1-0ത്തിന് കീഴടക്കിയാണ് സ്വിസ് ടീമിന്റെ വരവ്.
യുവന്റസ് താരം സ്റ്റീഫന്‍ ലിറ്റ്‌സ്റ്റെയ്‌നറാണ് ടീമിന്റെ നായകന്‍. ലിറ്റ്‌സ്റ്റെയ്‌നറും എ.സി മിലാന്‍ താരം റിക്കാര്‍ഡോ റോഡ്രിഗസും ബൊറൂസിയ ഡോര്‍ട്മുണ്ട് താരം മാനുവല്‍ അകന്‍ജിയുമാണ് പ്രതിരോധത്തിലെ നിര്‍ണായക ശക്തികള്‍. ആഴ്‌സണല്‍ താരം ഗ്രനിത് സകയാണ് മധ്യനിരയിലെ സുപ്രധാന അംഗം. മുന്നേറ്റത്തില്‍ താരതമ്യേന പുതുമുഖങ്ങളെയാണ് സ്വിസ് ടീം പരീക്ഷിക്കുന്നത്. ഷാല്‍കെയുടെ ബ്രീല്‍ എംപോളോ, ബെന്‍ഫിക്കയുടെ ഹാരിസ് സെഫരോവിച് എന്നിവര്‍ പ്രതീക്ഷ നല്‍കുന്നു.
2014 മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്നത് വ്‌ളാദിമിര്‍ പെറ്റ്‌കോവിചാണ്. ലാസിയോ അടക്കമുള്ള ടീമുകളെ പരിശീലിപ്പച്ചതിന്റെ മുന്‍പരിചയമുള്ള കോച്ചിന്റെ കീഴില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍, കോസ്റ്റ റിക്ക, സെര്‍ബിയ എന്നിവരടങ്ങിയ ടീമില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാമെന്ന പ്രതീക്ഷ സ്വിസ് ടീമിന് ഏറെയുണ്ട്. ബ്രസീലിനെ വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും മറ്റ് രണ്ട് ടീമുകളെ പരാജയപ്പെടുത്താനുള്ള വിഭവശേഷി അവര്‍ക്കുണ്ട് എന്നതുതന്നെ സ്വിസിന് സാധ്യതയായി നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."