കുടിവെള്ള കമ്പനിക്കെതിരേ ജനരോഷം
ചെറുപുഴ: കോഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള കമ്പനിക്കെതിരേ ജനരോഷം ഉയരുന്നു. കുടിവെള്ള നിര്‍മാണ കമ്പനി വന്നതോടെ സമീപ പ്രദേശങ്ങളിലെ തോടുകളും പുഴകളും കിണറുകളും കുളങ്ങളും വറ്റിയെന്നാണ് നാട്ടുകാരുടെ പരാതി. സംഭവത്തില്‍ പഞ്ചായത്ത് അന്വേഷണ കമ്മിഷന് സ്ഥലം സന്ദര്‍ശിച്ചു. 5000 ലിറ്റര്‍ വെള്ളം എടുക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സ് ഫാക്ടറിക്കുവേണ്ടിയാണ് സ്ഥാപനം ലൈസന്‍സ് നേടിയിരിക്കുന്നത്. സമീപ പ്രദേശത്തുള്ളവരില്‍ നിന്ന് അനുമതി നേടിയതും ഇങ്ങനെയാണെന്നു പറയുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍തോതില്‍ വെള്ളമൂറ്റി കുപ്പിവെള്ളമായി വില്പന നടത്തുന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണെന്നാണ് പരാതി.
നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് വി.കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പരിശോധന നടത്തിയത്.
അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തി. പഞ്ചായത്ത് ബോര്‍ഡ് ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഡെന്നി കാവാലം, കൊച്ചുറാണി ജോര്‍ജ്, റോസിലി ആടിമാക്കല്‍, പി രാമചന്ദ്രന്, ലാലി തോമസ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."