റിയാസിന്റെ മൃതദേഹം കാസര്‍കോട് കൊണ്ടുവന്നില്ല മുസ്ലിം ലീഗ് നേതാക്കള്‍ എസ്.പി ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു
കാസര്‍കോട്: കൊല്ലപ്പെട്ട പഴയ ചൂരി ഇസ്സത്തു ല്‍ ഇസ്ലാം മദ്റസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി റിയാസിന്റെ (30) മൃതദേഹം കാസര്‍കോട്ടേക്കു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും മുസ്ലിം ലീഗ് നേതാക്കളും ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ കുത്തിയിരിപ്പു സമരം നടത്തി. ഇന്നലെ രണ്ടരയോടെയാണ് എം.എല്‍.എയും നേതാക്കളായ സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, അഡ്വ. ഫൈസല്‍, അബ്ദുല്‍ കരീം കോളിയാട് തുടങ്ങിയവരും കുത്തിയിരിപ്പു നടത്തിയത്.
കെ.എം.സി.സി നേതാക്കളായ കെ.ബി മുഹമ്മദ് കുഞ്ഞി, ടി.ഡി കബീര്‍, മൊയ്തീന് കൊല്ലംപാടി, ടി.ആര് ഹനീഫ്, അബ്ബാസ് ബീഗം തുടങ്ങിയവരുടെ നേതൃത്വത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും അനുഭാവം പ്രകടിപ്പിച്ച് എസ്.പി ഓഫിസിന്റെ ഗേറ്റിനു പുറത്ത് കുത്തിയിരിപ്പുസമരം നടത്തി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ റിയാസിന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരാതെ സ്വദേശമായ മടിക്കേരിയിലേക്കു കൊണ്ടുപോകാന്‍ പൊലിസ് തീരുമാനിച്ചതോടെയാണ് എം.എല്‍.എയടക്കം കുത്തിയിരിപ്പു സമരം നടത്തിയത്.
എട്ടു വര്‍ഷത്തോളം ചൂരിയിലെ മദ്റസയില്‍ ജോലി ചെയ്ത റിയാസിന്റെ മൃതദേഹം ചൂരിയിലേക്കു കൊണ്ടുവരണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എയും മറ്റും സമരം നടത്തിയത്. കേസന്വേഷണം ജില്ലക്ക് പുറത്തുള്ള പൊലിസ് സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, സെക്രട്ടറി കെ അബ്ദുല്ല കുഞ്ഞി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."