നിപ്പാ വൈറസ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി/കോഴിക്കോട്/മലപ്പുറം: നിപ്പ വൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട്ടേക്ക് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. സംഘം ഇന്ന് കോഴിക്കോട്ടെത്തും.
പേരാമ്പ്രക്കടുത്ത് പന്തിരിക്കര സൂപ്പിക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിക്കാനിടയായത് നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതുസംബന്ധിച്ച വിവരം ആരോഗ്യ വകുപ്പിന് ലഭിച്ചത്. മരിച്ച മൂന്നുപേരുടെ രക്തസാംപിളിലും നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ആദ്യമായാണ് നിപ്പ വൈറസ് ബാധമൂലം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സാധാരണ വവ്വാലുകളാണ് ഈ വൈറസിനെ പരത്തുന്നത്. മലേഷ്യയിലും ബംഗ്ലാദേശിലും കണ്ടുവരുന്ന വൈറസ് എങ്ങനെ സംസ്ഥാനത്തെത്തിയെന്ന് വ്യക്തമായിട്ടില്ല.
അതിനിടെ, ആറു പേര്‍കൂടി ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പനിബാധിച്ച് മരിച്ചു. ഇവരുടെ മരണം നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പുതിയ സാഹചര്യത്തില്‍ ചികിത്സാ രേഖകള്‍ പരിശോധിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടുവണ്ണൂര്‍ മയിപ്പില്‍ പരേതനായ അമ്മത് കുട്ടിയുടെ മകന്‍ ഇസ്മായില്‍ (50), മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടുമേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36), തെന്നല മണ്ണത്തനാട്ടുകോളനിക്ക് സമീപം മണ്ണത്തനാട്ടു പടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത(23), ചാപ്പനങ്ങാടി ചട്ടിപ്പറമ്പ് പാലയില്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ശിബിലി (14), കൊളത്തൂര്‍ കാരാട്ടുപറമ്പ് താഴത്തില്‍തൊടി വേലായുധന്‍ (സുന്ദരന്‍ 48), താമരശേരി പുതുപ്പാടി വള്ളിയാട് പുഴംകുന്നുമ്മല്‍ അബൂബക്കറിന്റെ ഭാര്യ റംല (39) എന്നിവരാണ് മരിച്ചത്. ഇതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി.
ഇസ്മായിലിന്റെ ഭാര്യ: സലീന. മക്കള്‍: മുഹമ്മദ് നകാഷ് (സഊദി അറേബ്യ), മുഹമ്മദ് നിഹാല്‍, സന നസ്‌വ.
സിന്ധുവിന്റെ മക്കള്‍: ആദിത്യ, ശ്യാദി, ആരാധ്യ. പിതാവ്: ഹരിദാസന്‍. അമ്മ: തങ്ക.
ഷിജിതയുടെ മാതാവ്: കാളി. അച്ഛന്‍: അയ്യപ്പന്‍. സഹോദരന്‍: മനോജ്. വേലായുധന്റെ ഭാര്യ: വസന്ത. മക്കള്‍: വിജീഷ്, വിനിത, വിജിത. മരുമക്കള്‍: ശശി (കോട്ടപ്പുറം), മോഹന്‍ ദാസ് (ചേങ്ങോട്ടൂര്‍), ഗ്രീഷ്മ(ആനമങ്ങാട്). ശിബിലിയുടെ മാതാവ്: സലീന.
റംലയുടെപിതാവ് അയമു,മാതാവ് ഫാത്വിമ. മക്കള്‍:അര്‍ഷിത,നാജിയ,സിദ്‌റത്തുല്‍ മുന്‍തഹ.മരുമകന്‍: ജെയ്‌സല്‍.
ഒരു കുടുംബത്തിലെ മൂന്നുപേര്‍ പനിബാധിച്ച് മരിച്ച പേരാമ്പ്രയിലെ പന്തിരിക്കരയില്‍ 24 പേര്‍ നിരീക്ഷണത്തിലാണ്. എട്ടുപേരിലാണ് രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരുമായി അടുത്തിടപഴകിയവര്‍ക്കാണ് രോഗ ലക്ഷണം പ്രകടമായിരിക്കുന്നത്. പേരാമ്പ്രയില്‍ പനിബാധിച്ച് മരിച്ച കുടുംബവുമായി ഇടപഴകിയവരും ബന്ധുക്കളും ഉള്‍പ്പെടെ ഇരുനൂറോളംപേര്‍ ഇതിനകം പരിശോധനക്ക് വിധേയരായിട്ടുണ്ട്. ക്യാംപില്‍ എത്തിയവരുടെ രക്തസാംപിളുകള്‍ പരിശോധിക്കുകയും മരുന്ന് വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.
മരിച്ചവരുടെ വീട്ടില്‍ ഇന്നലെ മെഡിക്കല്‍ സംഘം പരിശോധന നടത്തി. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പന്തിരിക്കരയില്‍ പരിശോധന നടത്തിയത്. വൈറോളജി മേധാവി പ്രൊഫ. ജി. അരുണ്‍ കുമാറിന്റെ നേതൃത്ത്വത്തിലാണ് പരിശോധന. ഇവര്‍ ശേഖരിച്ച രക്തസാംപിളുകള്‍ പൂനെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറുമായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ അലോപ്പതി, ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങളുടെ യോഗവും വിളിച്ചു.
പനി പ്രതിരോധത്തിനായി കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡും കൂടുതല്‍ വെന്റിലേറ്ററുകളും സജ്ജീകരിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹായവും തേടിയിട്ടുണ്ട്. വൈറസ് പനിയുടെ പശ്ചാത്തലത്തില്‍ കുറ്റ്യാടി റെയ്ഞ്ചിലെ ജാനകിക്കാട്ടില്‍ ഒരാഴ്ച ട്രക്കിങ് നിരോധിച്ചു.
ഇവിടെ നിന്നാണ് ആദ്യം മരിച്ച യുവാവിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പനിക്കായി പ്രത്യേക വാര്‍ഡ് തുറന്നിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ പ്രത്യേകമായ വസ്ത്രവും മാസ്‌കും ധരിച്ചാണ് ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."