ഗസ്സയിലെ കൂട്ടക്കൊല: ഒന്നിക്കുമോ മുസ്‌ലിം രാഷ്ട്രങ്ങള്‍
ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ യു.എന്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ചേര്‍ന്ന മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇസ്രാഈലിനെ നേരിടുവാന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടത് എത്രമാത്രം ഫലവത്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഇങ്ങിനെയൊരു വിചാരം നേരത്തെ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഉണ്ടായിരുന്നുവെങ്കില്‍ ഫലസ്തീന്‍ ജനതയെ കൊന്നു കൊണ്ടിരിക്കുന്ന ഇസ്രാഈലിനെ എന്നോ പരാജയപ്പെടുത്താമായിരുന്നു. ഈ വൈകിയ വേളയിലെങ്കിലും ഉര്‍ദുഗാന്റെ ആഹ്വാനത്തിന് ഫലശ്രുതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുവാന്‍ വയ്യ. വ്യത്യസ്ത താല്‍പര്യങ്ങളുടെ തടവുകാരാണിന്ന് മുസ്‌ലിം രാഷ്ട്രങ്ങള്‍' അതില്‍ അമേരിക്കയോടു വിധേയത്വം പുലര്‍ത്തുന്നവരുണ്ട്. ഗോത്ര സംഘര്‍ഷങ്ങളാലും ശിഈ,സുന്നി തര്‍ക്കങ്ങളാലും പരസ്പരം പോരടിക്കുന്നവരും യുദ്ധം ചെയ്യുന്നവരും ഉണ്ട്.ഒരു ജനത അവരുടെ നിലപാടുകളില്‍ മാറ്റം വരുത്താത്തിടത്തോളം അല്ലാഹു ആ ജനതയുടെ അവസ്ഥയില്‍ മാറ്റം വരുത്തുകയില്ലെന്ന പരിശുദ്ധ ഖുര്‍ആന്‍ വാക്യം അറിയാത്തവരായിരിക്കില്ലല്ലോ മുസ്‌ലിം രാഷ്ട്ര നേതാക്കള്‍, ഈ യോഗത്തില്‍ തന്നെ മുസ്‌ലിം രാഷ്ട്രങ്ങളിലെ പ്രമുഖ നേതാക്കളൊന്നും പങ്കെടുത്തില്ല എന്നതില്‍ തന്നെ അവര്‍ എന്ത് മാത്രം പ്രാധാന്യമാണ് ഒ.ഐ.സി യോഗത്തിന് നല്‍കിയതെന്നു വ്യക്തമാണ്. 57 അംഗരാജ്യങ്ങളില്‍ മിക്കവയും പങ്കെടുത്തുവെങ്കിലും സഊദി അറേബ്യയിലെ മുതിര്‍ന്ന വിദേശകാര്യ മന്ത്രിയും ബഹ്‌റൈന്‍,ഈജിപ്ത്, യു.എ.ഇ എന്നിവയുടെ അത്ര പ്രമുഖരല്ലാത്ത മന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. അമേരിക്കയോടുള്ള വിധേയത്വവും ഇസ്രാഈലിനോടുള്ള മൃദുസമീപനവും മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കിടയിലെ കുടിപ്പകയും തുടരുന്നിടത്തോളം മുസ്‌ലിം രാഷ്ട്രങ്ങളുടെ ഒറ്റക്കെട്ട് എന്ന ഉര്‍ദുഗാന്റെ ആഹ്വാനം സ്വപ്നമായി തന്നെ തുടരുവാനാണ് സാധ്യത
മുസ്‌ലിം രാഷ്ട്രങ്ങളെ വിഭിന്ന ചേരിയിലാക്കിയാണ് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി അമേരിക്കയും ഇസ്രാഈലും റഷ്യയും സിറിയയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.ഒ.ഐ.സിയില്‍ ഉയര്‍ന്നു വന്ന ഇസ്രായേലിനെതിരേയും അമേരിക്കക്കെതിരേയും ഉപരോധം ഉണ്ടാകണമെന്ന അഭിപ്രായം പോലും ഫലവത്താകുമോ എന്ന കാര്യം സംശയമാണ്. താല്‍പര്യങ്ങളുടെ പേരില്‍ തങ്ങളെ തന്നെ സാമ്രാജ്യശക്തികള്‍ക്ക് അടിയറവയ്ക്കുകയാണ് ചില മുസ്‌ലിം രാഷ്ട്രങ്ങളെങ്കിലുംകഴിഞ്ഞ തിങ്കളാഴ്ചയാണ് ഗസ്സ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ അതിനീചവും നിന്ദ്യവുമായ കൂട്ടക്കൊലക്ക് തുടക്കമിട്ടത്. ജറൂസലമില്‍ യു.എസ് എംബസി തുറന്നതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഫലസ്തീനികള്‍ക്ക് നേരെ നിഷ്‌കരുണം വെടിയുതിര്‍ക്കുകയായിരുന്നു ഇസ്രാഈല്‍ സൈന്യം. കൊച്ചു കുഞ്ഞുങ്ങളടക്കം 61 പേരാണ് കൊല്ലപ്പെട്ടത്.രണ്ടായിരത്തിലധികം പേര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു.
2014 ലെ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവു വലിയ മനുഷ്യക്കുരുതിയാണ് ഇസ്രാഈല്‍ കഴിഞ്ഞ ആഴ്ച ഗസ്സയില്‍ നടത്തിയത്. ലോകത്ത് മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തുവാന്‍ ബാധ്യതയുള്ള ഐക്യരാഷ്ട്ര സംഘടന എന്ന യു.എന്‍ ആകട്ടെ സാമ്രാജ്യശക്തികളുടെ വീറ്റോ കടിഞ്ഞാണില്‍ കുരുങ്ങി പലപ്പോഴും അവരുടെ ദൗത്യനിര്‍വഹണത്തില്‍ പരാജയപ്പെടുന്നു.ഇത്തരം സാമ്രാജ്യശക്തികളുടെ ഉപാസകരായി ചില മുസ്‌ലിം രാഷ്ട്രങ്ങളെങ്കിലും മാറുമ്പോള്‍ ഏത് വാതിലിലാണ് ഫലസ്തീന്‍ ജനത നീതിക്കായി മുട്ടേണ്ടത് '
ഉര്‍ദുഗാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മ പാഴ്ക്കിനാവായി മാറുമെന്നതിന് എന്തിന് സംശയിക്കണം. യു.എന്‍ പൊതുസഭ തെരഞ്ഞെടുത്ത 47 അംഗ സമിതിയാണ് യു.എന്‍ മനുഷ്യാവകാശ സമിതി ' ഗസ്സയില്‍ ഇസ്രാഈല്‍ ഫലസ്തീനികള്‍ക്കെതിരേ നടത്തിയത് തികച്ചും അമിതാധികാര പ്രയോഗമാണെന്ന യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈക്കമ്മീഷണര്‍ സൈദ് റാഇദ് അല്‍ ഹുസൈന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയതിനെതിരേ അമേരിക്കയും ഇസ്രാഈലും ഒന്നിച്ച് വാളോങ്ങുന്നതാണ് ലോകം കണ്ടത്.
ജനനം മുതല്‍ മരണം വരെ ഗസ്സക്കാര്‍ വിഷമയമായ ചേരിയിലാണ്,അവര്‍ക്ക് ആത്മാഭിമാനം നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരെ മനുഷ്യരായിപ്പോലും ഇസ്രാഈല്‍ പരിഗണിക്കുന്നില്ല. ഗസ്സ ഇന്ന് ലക്ഷക്കണക്കിന് ഫലസ്തീനികള്‍ പാര്‍ക്കുന്ന വലിയ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളായി മാറിയിരിക്കുന്നു. യാത്ര ചെയ്യാനും വിദ്യാഭ്യാസം നേടാനും ചികിത്സ തേടാനും ജോലി നേടാനുമൊക്കെയുള്ള അടിസ്ഥാന അവകാശം പോലും ഈ ജനതക്ക് ഇസ്രാഈല്‍ നിഷേധിച്ചിരിക്കുന്നു.ഇതിനെതിരേ ഗസ്സയിലെ ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ ഭീകരവാദികളായും തീവ്രവാദികളായും മുദ്രകുത്തി യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വെടിവച്ചിടുകയാണ് ഇസ്രാഈല്‍ സൈന്യം. ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രാഈല്‍ അമിത ബലം പ്രയോഗിച്ചതിനെതിരേ സ്വതന്ത്രാന്വേഷണം വേണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടതും അമേരിക്ക ചെവിക്കൊള്ളണമെന്നില്ല. അഭയാര്‍ഥികളോട് കാരുണ്യ പൂര്‍വമായ നിലപാട് സ്വീകരിക്കുന്ന ജസ്റ്റിന്‍ ട്രൂഡോയെ ട്രംപ് അംഗീകരിക്കണമെന്നുമില്ല.
ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് തുര്‍ക്കിയില്‍ നിന്ന് ഇസ്രാഈല്‍ സ്ഥാനപതിയെ പുറത്താക്കിക്കൊണ്ട് ഉര്‍ദുഗാന്‍ ഫലസ്തീന്‍ ജനതയോടുള്ള തന്റെ രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുന്നു. അത്രയെങ്കിലും ഇതര മുസ്‌ലിം രാഷ്ട്രങ്ങളും ചെയ്തിരുന്നുവെങ്കില്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."