അരുംകൊലയില്‍ വിറങ്ങലിച്ച് കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണം; കനത്ത സുരക്ഷ
കാസര്‍കോട്: യാതൊരു പ്രകോപനവുമില്ലാതിരിക്കേ നടന്ന അരുംകൊലയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കാസര്‍കോട്. മദ്റസ അധ്യാപകന്റെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇന്നലെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സംഘര്‍ഷം പടരാതിരിക്കാന്‍ കാസര്‍കോട് നഗരവും പരിസരപ്രദേശങ്ങളും പൊലിസ് വലയത്തിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു മറ്റു ജില്ലകളില്‍ നിന്നു കൂടുതല്‍ പൊലിസിനെ കാസര്‍കോട് എത്തിച്ചിട്ടുണ്ട്.
കാസര്‍കോട് നിയോജക മണ്ഡലത്തിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. രാവിലെ തുറന്നു പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഓഫിസുകള്‍ ഉച്ചയോടെ പൂട്ടി. ഏതാനും ഇരുചക്രവാഹനങ്ങളൊഴിച്ച് മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കാഞ്ഞങ്ങാട്, കാസര്‍കോട് തീരദേശപാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നിലയും കുറവായിരുന്നു. ഹയര്‍ സെക്കന്‍ഡറി ഐ.ടി പരീക്ഷകള്‍ മുടക്കമില്ലാതെ നടന്നു.
പ്രകോപനമില്ലാതെയാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രി മദ്റസ അധ്യാപകനായ റിയാസിനെ (30) പള്ളിയില്‍ കയറി ഒരു സംഘം കഴുത്തറുത്തു കൊന്നത്. കാസര്‍കോട് നഗരത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പഴയ ചൂരിയിലെ ഇസത്തുല്‍ ഇസ്ലാം മദ്റസയില്‍ അധ്യാപകനാണ് റിയാസ്.
അതിനിടെ കൊലയാളികള്‍ക്കു വേണ്ടി അതിര്‍ത്തിയടച്ചു പൊലിസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു. കൊലയാളികള്‍ ജില്ല വിട്ടുപോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും പൊലിസ് സ്വീകരിച്ചിട്ടുണ്ട്. സംഭവം നടന്നയുടന്‍ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പൊലിസ് പരിശോധിച്ചു. ബൈക്കിലെത്തിയ സംഘമാണു കൊലപ്പെടുത്തിയതെന്നു സൂചനകളുണ്ടെങ്കിലും കൊലപാതകത്തിന്റെ കാരണവും പ്രതികളെ സംബന്ധിച്ചും വ്യക്തമായ സൂചനകള്‍ പൊലിസിനു ലഭിച്ചില്ല. അതേസമയം, അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു.
ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്, ഐ.ജി മഹിപാല്‍ എന്നിവര്‍ കാസര്‍കോട്ടെത്തി ക്യാംപ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍, സി.ഐ അബ്ദുര്‍ റഹിം, എസ്.ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണു പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. രണ്ടില്‍ കൂടുതല്‍ പേര് കൊലയാളി സംഘത്തില്‍ ഉണ്ടെന്നാണ് പൊലിസ് കരുതുന്നത്. പൊലിസ് സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."