ഒഡിഷ സ്വദേശിയെ കുത്തിക്കൊന്നു; അഞ്ച് പേര് കസ്റ്റഡിയില്‍
കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന ഒഡിഷ സ്വദേശിയെ കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വളപട്ടണം കീരിയാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രഭാകര്‍ ദാസ്(48) ആണ് കൊല്ലപ്പെട്ടത്. പ്രഭാകര്‍ ദാസിന്റെ ഭാര്യ ലക്ഷ്മി പ്രിയാദാസിനും കുത്തേറ്റു. കവര്‍ച്ചക്കിടെയാണ് കൊലപാതകമെന്നാണ് പൊലിസ് നല്കുന്ന വിവരം.
നെഞ്ചിലും വയറിലുമുള്പ്പടെ മൂന്ന് കുത്താണ് പ്രഭാകര്‍ ദാസിനേറ്റത്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം താറുമാറായ സമയത്താണ് മുഖംമൂടി ധരിച്ച ആറ് പേരടങ്ങുന്ന സംഘം വീട്ടില്‍ കയറി അക്രമം നടത്തിയത്. ഇയാളുടെ ഭാര്യ ലക്ഷ്മി പ്രിയ ദാസിന് കൈയിലാണ് കുത്തേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. പ്രഭാകര്‍ ദാസിനെ കുത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തി ഭാര്യയുടെയും കുട്ടികളുടെയും കഴുത്തില്‍ കിടന്ന മാല ഊരി വാങ്ങുകയായിരുന്നു. അതേസമയം പ്രഭാകര്‍ ദാസിന്റെ മാല അക്രമികള്‍ എടുത്തിരുന്നില്ല. പതിനഞ്ച് വര്‍ഷത്തോളമായി വളപട്ടണത്തെ കീരിയാടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇയാള്‍ തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന കമ്മിഷന് തുക ലക്ഷ്യമിട്ടാണ് കൊലയെന്നാണ് സൂചന. കൊല്ലപ്പെട്ട പ്രഭാകര്‍ ദാസിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ മേല്‍നോട്ടത്തില്‍ വളപട്ടണം സി.ഐ എം കൃഷ്ണനും എസ്.എച്ച്.ഒയുടെ ചുമതലയുള്ള എ.എസ്.പി അരവിന്ദ് സുകുമാറുമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."