കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ അടുത്ത മാസം തുറക്കും
കൊണ്ടോട്ടി: അത്യാധുനിക സൗകര്യങ്ങളോടെയുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ അടുത്ത മാസം യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും.
വിമാനത്താവളത്തിന് കിഴക്ക് ഭാഗത്ത് നിലവിലെ ടെര്‍മിനലിനോട് ചേര്‍ത്താണ് രാജ്യത്തെ മികച്ച ടെര്‍മിനല്‍ കരിപ്പൂരിലൊരുക്കുന്നത്. വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ടെര്‍മിനല്‍ നിര്‍മാണം അവസാന ഘട്ടത്തിലാണ്. രണ്ട് നിലയായി 120 കോടി ചെലവില്‍ ഹരിത ടെര്‍മിനലായാണ് നിര്‍മാണം.
രാജ്യത്തെ ഏറ്റവും നീളംകൂടിയ ടെര്‍മിനലെന്ന ഖ്യാതി ഇതോടെ കരിപ്പൂരിനായിരിക്കും. സ്റ്റീലും ഗ്ളാസും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. പൂര്‍ണമായും എയര്‍ക്കണ്ടീഷന്‍ ചെയ്ത ടെര്‍മിനലില്‍ 20 കസ്റ്റംസ് കൗണ്ടറുകള്‍, എമിഗ്രേഷന്‍ കൗണ്ടറുകള്‍, ഇന്‍ലൈന്‍ ബാഗേജ് സംവിധാനം, എസ്കെലേറ്ററുകള്‍, എയറോബ്രിഡ്ജുകള്‍ തുടങ്ങിയവ തയാറാക്കും. ആയിരത്തിലേറെ പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.
പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടൊപ്പം നിലവിലെ ടെര്‍മിനല്‍ മോടിപിടിപ്പിക്കുന്ന പ്രവൃത്തികളും നടന്നുവരുന്നുണ്ട്. ടെര്‍മിനലില്‍ തറ പൂര്‍ണമായും ഗ്രാനേറ്റ് വിരിച്ചു വരികയാണ്.
കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്നായതോടെ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വിസിനായി എത്തുന്നുണ്ട്. ഇതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."