ചെറുത്തുനില്‍പ്പിന്റെ വീരേതിഹാസം തീര്‍ത്ത മണ്ണില്‍ പുല്ലാര ആണ്ടുനേര്‍ച്ച സമാപിച്ചു
മലപ്പുറം: ചരിത്ര പ്രസിദ്ധമായ പുല്ലാര ശുഹദാ ആണ്ട് നേര്‍ച്ച അന്നദാനത്തോടെ സമാപിച്ചു. ഏറനാട്ടില്‍ ആദ്യമായി നിര്‍മിച്ച പള്ളി തകര്‍ക്കാന്‍ വന്ന ഛിദ്രശക്തികള്‍ക്കെതിരേ ചെറുത്തുനില്‍പ്പു നടത്തി ജീവന്‍ ത്യജിച്ച 12 ധീര രക്തസാക്ഷികളാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്.
റമദാന്‍ 22നു ഒരുവിഭാഗം ആള്‍ക്കാര്‍ പള്ളി തകര്‍ക്കാന്‍ വരുമെന്ന വാര്‍ത്ത പരന്നതിനാല്‍ പ്രദേശത്തുള്ളവര്‍ പള്ളികാക്കാന്‍ നിലയുറപ്പിച്ചു. എന്നാല്‍ ജനങ്ങള്‍ അത്താഴത്തിനു പിരിഞ്ഞ തക്കം നോക്കി ശത്രുക്കള്‍ പള്ളിക്കകത്തു കയറി. സംഭവസ്ഥലത്ത് ആദ്യമെത്തിച്ചേര്‍ന്ന പോക്കര്‍ മൂപ്പന്‍ ശത്രുക്കളെ ധൈര്യപൂര്‍വം തുരത്താന്‍ തുടങ്ങി. കാര്യമറിയാതെ ഇരുട്ടില്‍ തപ്പിയ ശത്രുക്കള്‍ പരസ്പരം വെട്ടാന്‍ തുടങ്ങി. അങ്ങനെ കുറേ ജീവനുകള്‍ പൊലിഞ്ഞു.
പള്ളിയെ അക്രമിക്കാനൊരുങ്ങുന്ന ശത്രുവിന്റെ ഗൂഢതന്ത്രം പ്രദേശത്തുകാരെ അറിയിക്കാന്‍ പോക്കര്‍ മൂപ്പന്‍ പള്ളിക്കു മുകളില്‍ കയറി ഉച്ചത്തില്‍ ബാങ്ക് മുഴക്കി. അപ്പോഴാണു ശത്രുക്കള്‍ അദ്ദേഹത്തെ കാണുന്നത്. കണ്ടയുടനെ അദ്ദേഹത്തെ ആഞ്ഞുവെട്ടി. ചേതനയറ്റ ശരീരം അവര്‍ പള്ളിയുടെ വടക്കു വശത്തുള്ള കിണറ്റില്‍ എറിഞ്ഞു. അങ്ങനെ ആ വീരേതിഹാസം രക്തസാക്ഷിത്വം വരിച്ചു.
അദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള ബാങ്ക് വിളി കേട്ട് പന്തിയില്ലെന്ന് തോന്നിയ ഏതാനും പേര്‍ വേഗത്തില്‍ ഓടിയെത്തി. ചമ്പക്കുളം, പന്തപ്പിലാക്കല്‍, ചപ്പത്തൊടി, പള്ളിയാളിത്തൊടി തുടങ്ങിയ കുടുംബങ്ങളിലെ സൂഫി, കോയാമുട്ടി, കുട്ടിയമ്മു, മുഹ്‌യദ്ദീന്‍കുട്ടി തുടങ്ങിയവരാണവര്‍. ശത്രുക്കളെ കണ്ട അവര്‍ ചാടിവീണു. പര്‍വതങ്ങളെ പോലെ ഉറച്ചുനിന്ന അവര്‍ ധൈര്യത്തോടെ പൊരുതി. ശത്രുപക്ഷത്ത് വമ്പിച്ച ആള്‍ നാശമുണ്ടാക്കി. ഒടുവില്‍ ഇവരും നാഥന്റെ വഴിയില്‍ ധീരരക്ത സാക്ഷികളായി. ശേഷിച്ച ശത്രുക്കള്‍ പള്ളിക്കു തീവെച്ചു ജീവനും കൊണ്ടോടിപ്പോയി. നേരം പുലര്‍ന്നു വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു വമ്പിച്ച ജനാവലി പള്ളിപ്പരിസരത്ത് ഒത്തുകൂടി. മരണപ്പെട്ടവരെ പള്ളിയോടു ചേര്‍ന്നു മറവു ചെയ്തു.
പാവനമായ ഒരു പൈതൃകത്തിന്റെ പാത വെട്ടിത്തെളിയിച്ചു തന്ന ബഹുമാന്യരായ ശുഹദാക്കളുടെ സ്മരണ അയവിറക്കിയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചുമാണു നേര്‍ച്ച ആണ്ടുതോറും നടത്തുന്നത്.
നേര്‍ച്ചയോടെനുബന്ധിച്ചു ഖബര്‍ സിയാറത്തും അന്നദാനവും അസര്‍ നിസ്‌ക്കാരനന്തരം നടന്നു. പതിനയ്യായിരത്തലധികം പേര്‍ക്കു ഭക്ഷണം നല്‍കി. സമീപപ്രദേശങ്ങളായ വീമ്പൂര്‍, മേല്‍മുറി, മൂച്ചിക്കല്‍, മുതിരിപ്പറമ്പ്, ചെമ്പ്ര, വള്ളുവമ്പ്രം, അറവങ്കര എന്നിവിടങ്ങളില്‍ നിന്നു പെട്ടിവരവും ഖബര്‍ സിയാറത്തുകളും നടന്നു. തറാവീഹ് നിസ്‌കാരാനന്തരം നടന്ന മൗലീദ് പാരായണത്തിനും ദുആ സംഗമത്തിനും മഹല്ല് ഖാസി അയ്യൂബ് സഖാഫി പള്ളിപ്പുറം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."