13കാരനെ രണ്ടാനമ്മ പട്ടിണിക്കിട്ട് പീഡിപ്പിച്ചതായി പരാതി
ചെറുപുഴ: 13 വയസുകാരനെ രണ്ടാനമ്മ പട്ടിണിക്കിട്ടും ശാരീരികമായും പീഡിപ്പിച്ചതായി പരാതി. പാലാവയല് സെന്റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയും പാലാവയല് ഓടക്കൊല്ലിയിലെ പരേതനായ കുറുന്താനത്ത് ബിജു ഫിലിപ്പിന്റെ മകനുമായ ക്രിസ്റ്റല്‍ ഫിലിപ്പാണ് രണ്ടാനമ്മയുടെ കൊടും ക്രൂരതയ്ക്കിരയായത്.
സംഭവത്തില്‍ രണ്ടാനമ്മ ജിന്‍സി എന്ന റോസമ്മ, മാതാവ് കുട്ടിയമ്മ എന്നിവരുടെ പേരില്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ ചിറ്റാരിക്കല്‍ പൊലിസില്‍ പരാതി നല്കി. ക്രിസ്റ്റലിന്റെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവുമായി തെറ്റിപിരിയുകയും പിന്നീട് പുനര്‍വിവാഹം ചെയ്യുകയുമായിരുന്നു. പിന്നീട് ബിജു ഫിലിപ്പ് ജിന്‍സിയെ വിവാഹം കഴിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ബിജു മരിക്കുകയും ക്രിസ്റ്റല്‍ ജിന്‍സിക്കൊപ്പം താമസിച്ചുവരികയുമായിരുന്നു. ജിന്‍സി മിക്ക ദിവസങ്ങളിലും കുട്ടിക്ക് ഭക്ഷണം നല്‍കാറില്ലെന്നും മര്‍ദിക്കുമെന്നും കുട്ടി പറയുന്നു. രണ്ടു ദിവസം മുന്‍പ് മര്‍ദനം സഹിക്കാനാകാതെ അയല്‍വക്കത്തെ വീട്ടില്‍ വിവരം പറയുകയും അവര്‍ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയുടെ മൊഴി എടുത്തതിനു ശേഷമാണ് പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."